'വിവാഹത്തിന് മുൻപ് ഫ്രിഡ്ജ് നോക്കണമായിരുന്നു'; സ്വാധി പ്രാചിക്ക് വായടപ്പിച്ച് നൽകി നടി സ്വര ഭാസ്കർ
മഹാരാഷ്ട്രയിലെ സമാജ്‌വാദി പാർട്ടിയുടെ യൂത്ത് വിങ് പ്രസിഡന്റായ ഫഹദ് അഹമ്മദിനെയാണ് സ്വര വിവാഹം കഴിച്ചത്

ദില്ലി: അടുത്തിടെയായിരുന്നു നടിയും ആക്ടിവിസ്റ്റുമായ സ്വര ഭാസ്കർ വിവാഹിതയായത്. മഹാരാഷ്ട്രയിലെ സമാജ്‌വാദി പാർട്ടിയുടെ യൂത്ത് വിങ് പ്രസിഡന്റായ ഫഹദ് അഹമ്മദിനെയാണ് സ്വര വിവാഹം കഴിച്ചത്. ഏറെ നാളായി പ്രണയത്തിലായിരുന്ന ഇരുവരും സ്പെഷ്യൽ മാരേജദ് ആക്ട് പ്രകാരമാണ് വിവാഹിതരായത്. നിരവധി പേർ താരത്തിന് വിവാഹ ആശംസ അറിയിച്ച് രംഗത്തെത്തിയിരുന്നു.
എന്നാൽ സംഘപരിവാർ കേന്ദ്രങ്ങൾ കടുത്ത അധിക്ഷേപവും വിദ്വേഷ-വർഗീയ പ്രചരണവുമായിരുന്നു നടിക്കെതിരെ നടത്തിയത്. വിഎച്ച്പി നേതാവ് സാധ്വി പ്രാചിയും നടിക്കെതിരെ കടുത്ത അധിക്ഷേപം ചൊരിഞ്ഞിരുന്നു. ഇപ്പോഴിതാ ഇത്തരം വിദ്വേഷ പ്രചരണങ്ങൾക്ക് ചുട്ട മറുപടി നൽകി രംഗത്തെത്തിയിരിക്കുകയാണ് സ്വര ഭാസ്കർ. ട്വിറ്ററിലൂടെയാണ് നടിയുടെ പ്രതികരണം.

ശ്രദ്ധ വാൾക്കറുടെ വിധിയാണെന്നായിരുന്നു
കഴിഞ്ഞ ദിവസമായിരുന്നു സ്വര ഭാസ്കറിനെതിരായ സാധ്വി പ്രാചിയുടെ പ്രതികരണം. സ്വരയെ കാത്തിരിക്കുന്നത് ശ്രദ്ധ വാൾക്കറുടെ വിധിയാണെന്നായിരുന്നു സാധ്വി പ്രതികരിച്ചത്. 'ശ്രദ്ധയുടെ ശരീരം 35 കഷ്ണങ്ങളാക്കിയത് എങ്ങനെയെന്ന വാർത്ത സ്വര ഭാസ്‌കർ ശ്രദ്ധിച്ചിട്ടുണ്ടാകില്ല. ഇത്രയും വലിയ തീരുമാനം എടുക്കുന്നതിന് മുമ്പ് അവൾ ഒരിക്കൽ ഫ്രിഡ്ജ് നോക്കേണ്ടതായിരുന്നു. അത് അവളുടെ വ്യക്തിപരമായ തിരഞ്ഞെടുപ്പാണ്. എനിക്ക് അധികം ഒന്നും പറയാനില്ല. എന്നാൽ ശ്രദ്ധയ്ക്ക് സംഭവിച്ചത് സ്വരയ്ക്കും സംഭവിക്കാം', എന്നായിരുന്നു സാധ്വി പ്രാചി പ്രതികരിച്ചത്.

ശ്രദ്ധയുടെ പക്കാളിയായ അഫ്താബ് പൂനെവാലെ
മുംബൈയെ നടുക്കിയ സംഭവമായിരുന്ന ശ്രദ്ധ വോൾക്കർ കൊലപാതകം. ശ്രദ്ധയുടെ പക്കാളിയായ അഫ്താബ് പൂനെവാലെ യുവതിയെ കൊന്ന് കഷ്ണങ്ങളാക്കി മൃതദേഹം ഫ്രിജിൽ സൂക്ഷിക്കുകയായിരുന്നു. മൃതദേഹം 35 കഷ്ണങ്ങളാക്കി വെട്ടി നുറുക്കി ഏകദേശം മൂന്നാഴ്ചയോളമാണ് ഫ്രിജിൽ വെച്ചത്. തുടർന്ന് മൃതദേഹം നഗരത്തിലെ പല ഭാഗങ്ങളിലായി ഉപേക്ഷിച്ചു. മകളെ കാണാനില്ലെന്ന് കാണിച്ച് ശ്രദ്ധയുടെ പിതാവ് വികാശ് മദൻ വാൽക്കർ നൽകിയ പരാതിയിലായിരുന്നു അഫാതാബ് ശ്രദ്ധയെ അതിക്രൂരമായി കൊലപ്പെടുത്തുകയായിരുന്നുവെന്ന് തെളിഞ്ഞത്.

സ്നേഹം എന്നും വിജയിക്കുകയും നിലനിൽക്കുകയും ചെയ്യും
അതേസമയം ഫിജ് കൊലപാതകത്തോട് തന്റെ വിവാഹത്തെ താരതമ്യം ചെയ്ത പ്രാചിയുടെ വിദ്വേഷ പ്രചരണത്തിന് കടുത്ത മറുപടിയായി സ്വര ഭാസ്കർ രംഗത്തെത്തി. എത്രയൊക്കെ വെറുപ്പും വർഗീയതയും പ്രചരിപ്പിക്കാൻ ശ്രമിച്ചാലും സ്നേഹം എന്നും വിജയിക്കുകയും നിലനിൽക്കുകയും ചെയ്യുമെന്നായിരുന്നു സ്വരയുടെ മറുപടി. അതേസമയം സ്വരയുടെ വിവാഹത്തിനെതിരെയുള്ള അധിക്ഷപങ്ങളും വർഗീയ പരാമർശങ്ങളും ഇപ്പോഴും തുടരുകയാണ്.

സ്വരയയേയും മുസ്ലീം സമുദായത്തേയും അധിക്ഷേപിച്ചിരുന്നു
അയോധ്യയിൽ നിന്നുള്ള സന്യാസി രാജു ദാസും കഴിഞ്ഞ ദിവസം സ്വരയയേയും മുസ്ലീം സമുദായത്തേയും അധിക്ഷേപിച്ചിരുന്നു. 1000 പുരുഷന്മാര്‍ക്കൊപ്പം രാത്രി ചെലവഴിക്കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ എല്ലാവിധ ആശംസകളും എന്നായിരുന്നു ഇയാളുടെ പ്രതികരണം. 1000 പുരുഷന്മാര്‍ക്കൊപ്പം രാത്രി ചെലവഴിക്കാനാണ് സ്വര ആഗ്രഹിക്കുന്നതെങ്കില്‍ ആശംസകള്‍. കാരണം സഹോദരന്മാരും സഹോദരിമാരും പരസ്പരം വിവാഹം കഴിക്കുകയും അതിനു ശേഷം തലാഖ് ചൊല്ലുകയും ചെയ്യുന്ന സമൂഹത്തിലേക്കാണ് വിവാഹിതയായത്. ശക്തയായ സ്ത്രീ ആയിരുന്നെങ്കില്‍ അവര്‍ വിവാഹം കഴിക്കില്ലായിരുന്നുവെന്നും അയാൾ പറഞ്ഞിരുന്നു.

വർഗീയ പ്രചരണങ്ങൾക്ക് മറുപടി
അതേസമയം ഇത്തരം വർഗീയ പ്രചരണങ്ങൾക്ക് മറുപടി നൽകേണ്ടതില്ലെന്നാണ് സ്വരയെ പിന്തുണച്ച് കൊണ്ട് പലരും പ്രതികരിച്ചത്. വർഗീയ മനസ് വെച്ച് പുലർത്തുന്നവർക്ക് സ്നേഹത്തിന്റെയോ മതസൗഹർദ്ദിന്റെയോ മൂല്യം ഉൾക്കൊള്ളാനാവില്ലെന്നായിരുന്നു പലരുടേയും പ്രതികരണം.












Click it and Unblock the Notifications