• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ദില്ലി അക്രമം: മൂന്ന് മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു, മരിച്ചവരുടെ എണ്ണം 46 ആയി, മൃതദേഹങ്ങള്‍ കനാലില്‍

ദില്ലി: വടക്കുകിഴക്കന്‍ ദില്ലിയിലെ പ്രശ്ന ബാധിത പ്രദേശത്തുനിന്ന് മൂന്ന് മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു. ഇതോടെ അക്രമ സംഭവങ്ങളില്‍ മരിച്ചവരുടെ എണ്ണം 46 ആയി. ഭാഗീരഥി വിഹാറിലെ കനാലില്‍ നിന്ന് രണ്ട് മൃതദേഹങ്ങളും ഗോകല്‍പുരിയിലെ കനാലില്‍ നിന്ന് ഒരാളുടെ മൃതദേഹവുമാണ് ഞായറാഴ്ച കണ്ടെടുത്തത്. ദില്ലി പോലീസാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഗുരു തേജ് ബഹദൂര്‍ ആശുപത്രിയില്‍ നിന്ന് 38 പേരുടെ മരണവും എല്‍എന്‍ജെപി ആശുപത്രിയില്‍ വെച്ച് പോലീസ് ഉദ്യോഗസ്ഥനുള്‍പ്പെടെ രണ്ട് പേരുടെ മരണവുമാണ് സ്ഥിരീകരിച്ചിരുന്നത്. അക്രമ സംഭവങ്ങളില്‍ ഇതുവരെ 200 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. പരിക്കേറ്റവരില്‍ 11 പേര്‍ പോലീസ് ഉദ്യോഗസ്ഥരാണ്.

ഗോലി മാരോ പരാമര്‍ശം നടത്തിയിട്ടേയില്ല... നിങ്ങള്‍ നുണ പറയുകയാണ്, നിഷേധിച്ച് അനുരാഗ് താക്കൂര്‍!!!!

പൗരത്വ നിയമ ഭേദഗതിയെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും തമ്മില്‍ ഫെബ്രുവരി 23ന് ഉടലെടുത്ത സംഘര്‍ഷങ്ങളാണ് തലസ്ഥാന നഗരത്തെ കലാപ സമാനമാക്കി മാറ്റിയത്. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ദ്വിദിന ഇന്ത്യാ സന്ദര്‍ശനത്തിനിടെയുണ്ടായ അക്രമ സംഭവങ്ങള്‍ പെട്ടെന്ന് നിയന്ത്രണാതീതമായ രീതിയില്‍ വ്യാപിക്കുകയായിരുന്നു. പിന്നീട് ദില്ലി ഹൈക്കോടതി അര്‍ദ്ധരാത്രിയില്‍ ചേര്‍ന്ന് വിഷയത്തില്‍ ഇടപെട്ടതോടെയാണ് സംഘര്‍ഷങ്ങള്‍ക്ക് അയവുവന്നത്. അടിയന്തരമായി ദില്ലി പോലീസ് വിഷയത്തില്‍ ഇടപെടണമെന്നും പരിക്കേറ്റവര്‍ക്ക് ചികിത്സ ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു. അക്രമ സംഭവങ്ങളെക്കുറിച്ച് അന്വേഷിക്കുന്നതിനായി ദില്ലി ക്രൈം ബ്രാഞ്ചിന് കീഴില്‍ രണ്ട് പ്രത്യേക അന്വേഷണ സംഘങ്ങള്‍ക്കും രൂപം നല്‍കിയിട്ടുണ്ട്.

തലസ്ഥാനത്തെ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് ഇതിനകം 167 എഫ്ഐആറുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. 855 പേര്‍ അറസ്റ്റിലായെന്നും ദില്ലി പോലീസ് അറിയിച്ചിരുന്നു. സോഷ്യല്‍ മീഡിയകളില്‍ പ്രകോപനപരമായ പോസ്റ്റിട്ട സംഭവത്തില്‍ 13 കേസുകളും ഇതിനകം രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതിന് പുറമേ അക്രമത്തെക്കുറിച്ച് അന്വേഷണം നടത്തുന്നതിനായി ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ വസ്തുതാന്വേഷണ സമിതിയെയും നിയോഗിച്ചിട്ടുണ്ട്.

തിങ്കളാഴ്ച പാര്‍ലമെന്റ് ചേരാനിരിക്കെ കോണ്‍ഗ്രസ് ദില്ലി കലാപത്തെക്കുറിച്ച പാര്‍ലമെന്റില്‍ ഉന്നയിക്കുമെന്നാണ് കരുതുന്നത്. ദില്ലി അക്രമ സംഭവങ്ങളില്‍ ഉണ്ടായിട്ടുള്ള വീഴ്ചയില്‍ അമിത് ഷായുടെ രാജിയും പ്രതിപക്ഷം ആവശ്യപ്പെട്ടേക്കുമെന്നാണ് സൂചന. പ്രശ്ന ബാധിത പ്രദേശങ്ങളിലെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി കോണ്‍ഗ്രസ് അഞ്ചംഗ സംഘത്തെ വടക്കുകിഴക്കന്‍ ദില്ലിയിലേക്ക് അയച്ചിരുന്നു.

ദില്ലി തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂര്‍, യുപി മുഖ്യമന്ത്രി യോഗി ആദിത്യ നാഥ് എന്നിവരും രാജ്യദ്രോഹികളെ വെടിവെച്ച് കൊലപ്പെടുത്തണം എന്ന തരത്തിലുള്ള മുദ്രാവാക്യങ്ങള്‍ മുഴക്കിയിരുന്നു. ദില്ലിയില്‍ ഏറ്റവും ഒടുവിലുണ്ടായ അക്രമ സംഭവങ്ങള്‍ക്ക് പിന്നില്‍ ഇത്തരം വിവാദ പരാമര്‍ശങ്ങളാണെന്നും ആരോപിക്കപ്പെടുന്നുണ്ട്. പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവരെയാണ് ബിജെപി നേതാക്കള്‍ രാജ്യദ്രോഹികള്‍ എന്ന് വിശേഷിപ്പിക്കുന്നത്. കൊല്‍ക്കത്തയില്‍ അമിത് ഷായുടെ സിഎഎ അനുകൂല റാലിയിലും ഗോലി മാരോ മുദ്രാവാക്യം മുഴക്കിയിരുന്നു.

English summary
Three More Bodies Found In Violence-Hit Part Of Delhi, Overall Deaths 46
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X