രാജ്യത്തെ നടുക്കിയ ട്രെയിൻ അപകടങ്ങൾ; ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിവെച്ചത് 2 റെയിൽവേ മന്ത്രിമാർ മാത്രം
ഡൽഹി: ഒഡീഷയിലെ ബാലസോറിൽ 230 പേരുടെ മരണത്തിനിടയാക്കിയ ട്രെയിൻ അപകടത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് രാജിവെക്കണമെന്ന ആവശ്യം ശക്തമാക്കിയിരിക്കുകയാണ് പ്രതിപക്ഷം. രാജ്യത്തിൻറെ ചരിത്രത്തിൽ തന്നെ ഇത്തരത്തിലൊരു അപകടം ഉണ്ടായിട്ടില്ലെന്നും ഇനിയും മന്ത്രിക്ക് തത്സ്ഥാനത്ത് തുടരാൻ അർഹതയില്ലെന്നുമാണ് പ്രതിപക്ഷ കക്ഷികൾ ചൂണ്ടിക്കാട്ടുന്നത്.
രാജ്യത്ത് റെയിൽ അപകടങ്ങൾ ഉണ്ടായപ്പോൾ രണ്ട് റെയിൽവേ മന്ത്രിമാർ മാത്രമാണ് അപകടത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാജി വെച്ചത്. അതിലൊരാൾ 1956 ൽ റെയിൽവേ മന്ത്രിയായിരുന്ന ലാൽ ബഹദൂർ ശാസ്ത്രിയാണ്. അന്ന് ആന്ധപ്രദേശിൽ 112 പേർ മരിക്കാനിടയായ അപകടത്തെ തുടർന്നായിരുന്നു അദ്ദേഹം ആദ്യം രാജിക്കൊരുങ്ങിയത്. എന്നാൽ പ്രധാനമന്ത്രിയായ ജവഹർ ലാൽ നെഹ്റു അദ്ദേഹത്തിന്റെ രാജിക്കത്ത് സ്വീകരിച്ചിരുന്നില്ല. വീണ്ടും അതേ വർഷം നവംബറിൽ തമിഴ്നാട്ടിൽ 144 പേരുടെ ജീവൻ പൊലിഞ്ഞ മറ്റൊരു ട്രെയിൻ അപകടം കൂടി നടന്നു. ഇതോടെ ശാസ്ത്രി വീണ്ടും രാജിക്കത്ത് നൽകി. അന്ന് നെഹ്റു രാജി സ്വീകരിച്ചു. ശാസ്ത്രിയുടെ നടപടി മന്ത്രിമാർ മാതൃകയാക്കണമെന്നും അപകടങ്ങളുടെ ഉത്തരവാദിത്തത്തിൽ നിന്ന് മന്ത്രിമാർക്ക് കൈകഴുകാൻ സാധിക്കില്ലെന്നും നെഹ്റു അന്ന് പ്രതികരിച്ചിരുന്നു.

ശാസ്ത്രിക്ക് ശേഷം നിരവധി റെയിൽവേ മന്ത്രിമാർ അപകടങ്ങളുടെ പശ്ചാത്തലത്തിൽ രാജിസന്നദ്ധ അറിയിച്ചിരുന്നുവെങ്കിലും രാജിവെച്ച മറ്റൊരു മന്ത്രി നിതീഷ് കുമാറായിരുന്നുന്നു. 1999 ൽ ബിഹാറിൽ 290 പേരുടെ മരണത്തിനിടക്കിയ റെയിൽവേ അപകടത്തെ തുടർന്നായിരുന്നു ഇത്.
നരേന്ദ്ര മോദി സർക്കാർ അധികാരത്തിൽ വന്നതിന് പിന്നാലെ 2017 ൽ റെയിവേ മന്ത്രിയായ സുരേഷ് പ്രഭുവും രാജി സന്നദ്ധത അറിയിച്ചിരുന്നു. തുടർച്ചയായ ട്രെയിൻ അപകടങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു ഇത്. സുരേഷ് പ്രഭുവിന്റെ കാലത്തായിരുന്നു കാൺപൂരിൽ പാട്ന എക്സ്പ്രസ് പാളം തെറ്റി 150 പേർ മരിച്ച അകടവും നടന്നത്. എന്നാൽ സുരേഷ് പ്രഭുവിന്റെ രാജി സ്വീകരിക്കാൻ പ്രധാനമന്ത്രി തയ്യാറായിരുന്നില്ല. അതേസമയം അദ്ദേഹത്തെ വാണിജ്യ വ്യവസായ മന്ത്രാലയത്തിലേക്ക് മാറ്റി, പകരം പിയൂഷ് ഗോയലിനെ റെയിൽവേ മന്ത്രിയായി നിയമിക്കുകയായിരുന്നു.












Click it and Unblock the Notifications