ത്രിപുര കലാപം; വനിതാ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ കേസ്, ആശങ്കപ്പെടുത്തുന്ന വിവരങ്ങള്‍
അഗര്‍ത്തല: ത്രിപുര വര്‍ഗീയ കലാപം റിപ്പോര്‍ട്ട് ചെയ്ത വനിതാ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തു. വിശ്വഹിന്ദു പരിഷത്തിനെ അപകീര്‍ത്തിപ്പെടുത്തുന്ന വിധം വാര്‍ത്ത നല്‍കി എന്ന പരാതിയിലാണ് കേസ്. ഉനാക്കോട്ടി ജില്ലയിലെ ഫാട്ടിക്രോയ് പോലീസ് സ്‌റ്റേഷനിലാണ് കേസ്. 21കാരിയായ സമൃദ്ധി സകുനിയ, 25കാരിയായ സ്വര ഝാ എന്നിവര്‍ക്കെതിരെയാണ് പരാതി. ഡല്‍ഹി കേന്ദ്രമായുള്ള വാര്‍ത്താ വെബ്‌സൈറ്റായ എച്ച്ഡബ്ല്യു ന്യൂസിന്റെ റിപ്പോര്‍ട്ടര്‍മാരാണിവര്‍. കുറ്റകരമായ ഗൂഢാലോചന, കലാപമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ പ്രകോപനം സൃഷ്ടിച്ചു, സമാധാന ഭംഗം വരുത്തുക എന്ന ലക്ഷ്യത്തോടെ മനപ്പൂര്‍വം അപമാനിച്ചു എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ്.
വിഎച്ച്പി നേതാവായ കഞ്ചന്‍ ദാസ് ആണ് പരാതിക്കാരന്‍. ഫാട്ടിക്രോയിയിലെ മുസ്ലിം വീടുകള്‍ ഇവര്‍ ശനിയാഴ്ച സന്ദര്‍ശിച്ചിരുന്നു. ഈ വേളയില്‍ ത്രിപുര സര്‍ക്കാരനെയും ഹിന്ദു സമൂഹത്തെയും അപമാനിക്കുംവിധം സംസാരിച്ചു എന്നാണ് പരാതിക്കാരന്റെ ആരോപണം. ഉനാകോട്ടിയിലെ പോള്‍ ബസാറിലുള്ള പള്ളി ആക്രമിച്ച സംഭവത്തില്‍ വിഎച്ച്പി, ബജ്‌റംഗ്ദള്‍ എന്നീ സംഘടനകളെ തെറ്റായി ചിത്രീകരിച്ചു. ത്രിപുരയിലെ സാമുദായിക സൗഹാര്‍ദം തകര്‍ക്കാന്‍ മാധ്യമപ്രവര്‍ത്തകര്‍ ശ്രമിച്ചുവെന്നും പരാതിയില്‍ പറയുന്നു.

നോര്‍ത്ത് ത്രിപുര ജില്ലയിലെ ധര്‍മനഗറിലെ ഹോട്ടലിലാണ് മാധ്യമപ്രവര്‍ത്തകര്‍ താമസിച്ചിരുന്നത്. അവര്‍ ഹോട്ടല്‍ ഒഴിഞ്ഞ് പോകാന്‍ നില്‍ക്കവെ പോലീസ് എത്തി തടയുകയായിരുന്നു. രാവിലെ ഒമ്പത് മണി വരെ ഇരുവരെയും പോകാന്‍ അനുവദിച്ചില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. മൂന്ന് വനിതാ പോലീസുകാരടക്കം 15 പോലീസുകാര്‍ ഞങ്ങളെ തടഞ്ഞുവച്ചിരിക്കുകയാണെന്ന് സകുനിയ ഫോണ്‍ വഴി സഹപ്രവര്‍ത്തകരെ അറിയിച്ചു. ശനിയാഴ്ച വൈകീട്ട് 7.30ന് പോലീസില്‍ നിന്ന് ഫോണ്‍ വന്നു. ആധാര്‍ വിവരങ്ങള്‍ ചോദിച്ചു. എവിടെയൊക്കെയാണ് പോകുന്നതെന്നും ചോദിച്ചറിഞ്ഞുവെന്നും സകുനിയ പറഞ്ഞു.
ലുങ്കി ഡാന്‍സുമായി ജാന്‍വി കപൂര്‍; നടിയുടെ പുതിയ ഫോട്ടോ വൈറല്‍
ഗോമതി ജില്ലയില്‍ കലാപത്തിനിടെ തകര്‍ത്ത പള്ളി സംബന്ധിച്ച വാര്‍ത്ത വെള്ളിയാഴ്ച സകുനിയയും ഝായും റിപ്പോര്‍ട്ട് ചെയ്തിരുന്നു. പനിസാഗറില്‍ ആക്രമിക്കപ്പെട്ട മറ്റൊരു പള്ളിയുമായി ബന്ധപ്പെട്ട വാര്‍ത്ത നല്‍കാനാണ് പിന്നീട് ധര്‍മനഗറിലെത്തിയത്. ഒക്ടോബര്‍ 26ന് വിഎച്ച്പി നടത്തിയ റാലിക്കിടെ വ്യാപക അക്രമങ്ങള്‍ അരങ്ങേറിയിരുന്നു. ഈ സംഭവത്തിന് ശേഷം സകുനിയ മേഖലയില്‍ നടന്ന കാര്യങ്ങള്‍ ട്വിറ്ററില്‍ അപ്‌ഡേറ്റ് ചെയ്തു. തെറ്റായ വിവരങ്ങള്‍ നല്‍കരുതെന്ന് പോലീസ് സകുനിയയോട് പ്രത്യേകം നിര്‍ദേശം നല്‍കി. ധര്‍മനഗറിലെ മുസ്ലിം യുവാവിനെ ആക്രമിച്ച സംഭവത്തിലെ ട്വീറ്റാണ് പോലീസിന്റെ ഈ പ്രതികരണത്തിന് കാരണമായത്.
ശനിയാഴ്ച രാത്രി 10.30ന് പോലീസുകാര്‍ ധര്‍മനഗറിലെ ഹോട്ടലിലെത്തിയിരുന്നു. ഇന്ന് പുലര്‍ച്ചെ 5.30നാണ് ഞങ്ങള്‍ ഹോട്ടല്‍ ഒഴിഞ്ഞത്. ചോദ്യം ചെയ്യലിന് സ്‌റ്റേഷനിലെത്താന്‍ ഈ വേളയില്‍ പോലീസ് ആവശ്യപ്പെടുകയായിരുന്നു. ഒരു വീഡിയോ സംബന്ധിച്ച് ചോദിക്കാനാണ് എന്നായിരുന്നു പോലീസ് പറഞ്ഞത്. അഭിഭാഷകരുടെ സഹായം ആവശ്യമുണ്ടെന്ന് ഞങ്ങള്‍ പോലീസിനോട് പറഞ്ഞുവെന്നും സകുനിയ വിശദീകരിച്ചു.
നേരത്തെ മറ്റുചില മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെയും ത്രിപുര പോലീസ് നടപടിയെടുത്തിരുന്നു. ഡല്‍ഹി കേന്ദ്രമായുള്ള ഇന്ത്യ ടുമോറോ വെബ്‌സൈറ്റിന്റെ റിപ്പോര്‍ട്ടര്‍ മസീഹുസമ അന്‍സാരിയെ വെസ്റ്റ് അഗര്‍ത്തല പോലീസ് രണ്ടു മണിക്കൂര്‍ ചോദ്യം ചെയ്തു. ശ്യാം മീര സിങ് ഉള്‍പ്പെടെയുള്ള മാധ്യമപ്രവര്‍ത്തകര്‍ക്കും ആക്ടിവിസ്റ്റുകള്‍ക്കുമെതിരെ ത്രിപുര പോലീസ് യുഎപിഎ ചുമത്തിയതും വലിയ വാര്‍ത്തയായിരുന്നു. ത്രിപുര പോലീസിന്റെ നടപടിക്കെതിരെ എഡിറ്റേഴ്‌സ് ഗില്‍ഡ് രംഗത്തുവന്നിരിക്കെയാണ് പുതിയ സംഭവങ്ങള്‍. മുസ്ലിം ആരാധനാലയങ്ങളും വീടുകളും ഷോപ്പുകളും കലാപത്തിനിടെ ആക്രമിക്കപ്പെട്ടിരുന്നു. ഇത് സംബന്ധിച്ച് മുസ്ലിം സംഘടനകള്‍ പരാതിപ്പെടുകയും ചെയ്തിട്ടുണ്ട്. ബംഗ്ലാദേശില്‍ ഹിന്ദുക്കള്‍ ആക്രമിക്കപ്പെട്ടതില്‍ പ്രതിഷേധിച്ച് വിഎച്ച്പി നടത്തിയ റാലിക്കിടെയായിരുന്നു ത്രിപുരയില്‍ കലാപം നടന്നത്.












Click it and Unblock the Notifications