'ഓഹരി കമ്പോളം വീണാലും യുഎസ് പിടിച്ച് നില്‍ക്കും: പക്ഷെ അത് സംഭവിച്ചാല്‍ എല്ലാം തകർന്ന് അടിയും'
താരിഫ് യുദ്ധം അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് സംഭവിച്ച് പോയ വന്‍ അബദ്ധമാണെന്ന് മുന്‍ സംസ്ഥാന ധനവകുപ്പ് മന്ത്രി തോമസ് ഐസക്. അമേരിക്കൻ ഓഹരി കമ്പോളം തകർന്നാൽ പിടിച്ചു നിൽക്കാം. പക്ഷേ, ബോണ്ട് മാർക്കറ്റ് തകർന്നാൽ നിലക്കയറ്റം ഉണ്ടാവില്ല. പുതിയ വ്യാപാരകമ്മിയുടെ കാര്യം പോകട്ടേ, കാലപരിധിയിൽ എത്തുന്ന പഴയ ബോണ്ടുകൾ റീഫിനാൻസ് ചെയ്യാൻപോലും കഴിയില്ല. ഇങ്ങനെയൊരു അവസ്ഥ ട്രംപ് ചിന്തിച്ചിട്ടില്ല. അതുകൊണ്ടാണ് ഉടനെ ചുങ്ക മരവിപ്പിക്കൽ അടവ് പുറത്തെടുത്തതെന്നും അദ്ദേഹം പറയുന്നു.
'ഞാൻ രണ്ട് ദിവസം മുമ്പ് എഴുതിയിരുന്നു- ട്രംപ് വീണിടം വിദ്യയാക്കുകയാണെന്ന്. ഇന്നിപ്പോൾ അത് കൂടുതൽ വ്യക്തമായിരിക്കുകയാണ്. ചൈന ഒഴിച്ചുള്ള രാജ്യങ്ങൾക്കെല്ലാം പുതിയ ചുങ്കനിരക്കുകൾ 90 ദിവസത്തേക്ക് മരവിപ്പിച്ചിരിക്കുകയാണ്. ഇത് ഭയങ്കര തന്ത്രമാണെന്നാണ് ട്രംപിന്റെ വക്താക്കൾ വാദിക്കുന്നത്. ബാക്കിയെല്ലാവരും സ്തബധരായി നിന്നപ്പോൾ ചൈന ചാടിക്കയറി പകരം ചുങ്കം ഏർപ്പെടുത്തി. ഇപ്പോൾ ബാക്കിയുള്ളവർക്കെല്ലാം ചർച്ച ചെയ്ത് ഒത്തുതീർപ്പിൽ എത്തുന്നതിന് സമയം അനുവദിച്ചപ്പോൾ ചൈന വെട്ടിലായി. ചൈന ഒറ്റപ്പെട്ടു. ഇതായിരുന്നത്രേ ട്രംപിന്റെ ഉന്നം. ഇങ്ങനെ പോകുന്നു വീരസ്യം പറച്ചിലുകൾ' - തോമസ് ഐസക് ഫേസ്ബുക്കില്‍ കുറിക്കുന്നു. ട്രംപിന്റെ കുറിപ്പിന്റെ പ്രസക്ത ഭാഗങ്ങള്‍ ഇങ്ങനെ..

എന്തിനാണ് ട്രംപ് ചുങ്കം വർദ്ധിപ്പിച്ചത്?
അമേരിക്കയുടെ ഇറക്കുമതി കയറ്റുമതിയേക്കാൾ വളരെ ഉയർന്നതാണ്. ഇതുമൂലം അമേരിക്കയിലെ വ്യവസായങ്ങളിൽ ഗണ്യമായ ഭാഗം ആഗോളവൽക്കരണ കാലത്ത് അടച്ചുപൂട്ടേണ്ടി വന്നു. അമേരിക്കയെ വീണ്ടും വ്യവസായവൽക്കരിച്ച് വീണ്ടും മഹത്താക്കുകയാണ് ട്രംപിന്റെ മാഗാ (Make America Great Again) മുദ്രാവാക്യത്തിന്റെ ആണിക്കല്ല്. ഇതിനുള്ള കുറുക്കുവഴിയാണ് ചുങ്കം ചുമത്തി ഇറക്കുമതി നിയന്ത്രിക്കുകയെന്നത്. പക്ഷേ, ട്രംപിന്റെ കടന്നാക്രമണം ഒരു കാട് ഇളക്കിയുള്ള അടി ആയിരുന്നു. എല്ലാവരെയും ശത്രുക്കളാക്കി. ഓരോ രാജ്യത്തിനും ചുമത്തിയ ചുങ്കവും അവരുടെ കയറ്റുമതിയുടെ അളവോ സ്വഭാവമോ തമ്മിൽ വലിയ ബന്ധമില്ലായിരുന്നു.
ചുങ്കം ഉയർത്തിയപ്പോൾ എന്തുകൊണ്ട് ഓഹരി വില ഇടിഞ്ഞു?
ചുങ്ക വർദ്ധനയുടെ ആദ്യത്തെ പ്രത്യാഘാതം ആഗോളമായി ഓഹരി വിലകൾ കുത്തനെ ഇടിഞ്ഞൂവെന്നുള്ളതാണ്. ഏതാണ്ട് 10 ലക്ഷം കോടി ഡോളറിന്റെ വിപണി മൂല്യമാണ് രണ്ട് ദിവസംകൊണ്ട് ഇല്ലാതായത്. ഇതിനു കാരണം ലോകത്തെ മറ്റ് രണ്ട് വ്യാപാരശക്തികളായ ചൈനയും യൂറോപ്യൻ യൂണിയനും തിരിച്ചടിക്കുമെന്നു പ്രഖ്യാപിച്ചതാണ്. ചുങ്കയുദ്ധം ആഗോളവ്യാപാരത്തെയും ഉല്പാദനത്തെയും പ്രതികൂലമായി ബാധിക്കും. ഈ നിഗമനമാണ് ഓഹരി കമ്പോളത്തെ പിടിച്ചുകുലുക്കിയത്. പക്ഷേ, ട്രംപിന് കുലുക്കമൊന്നും ഉണ്ടായില്ല. ഇത് താൻ പ്രതീക്ഷിച്ചതാണെന്നും തന്റെ മരുന്നിന്റെ ഗുണം ലഭിക്കാൻ കുറച്ചുനാൾ കാത്തിരിക്കണമെന്നും ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ട്രംപ് വർദ്ധിപ്പിച്ച ചുങ്കം എന്തിന് ഇപ്പോൾ മരവിപ്പിച്ചു?
ഷെയർ മാർക്കറ്റിൽ നിന്നും ആളുകൾ പിൻവലിയുമ്പോൾ ആ പണത്തിൽ നല്ലൊരു പങ്ക് സാധാരണഗതിയിൽ ബോണ്ട് മാർക്കറ്റിലേക്കാണ് വരേണ്ടത്. അങ്ങനെ കൂടുതൽ പണം ബോണ്ട് മാർക്കറ്റിൽ വരുമ്പോൾ ബോണ്ടിന്റെ വില അല്ലെങ്കിൽ പലിശ നിരക്ക് താഴും. ഇതാണ് സംഭവിക്കേണ്ടിയിരുന്നത്. പക്ഷേ, സംഭവിച്ചത് നേരെമറിച്ചാണ്. പലിശ നിരക്ക് ഉയർന്നു. കാരണം ലോകത്ത് ഏറ്റവും കൂടുതൽ അമേരിക്കൻ ബോണ്ടുകൾ വാങ്ങിക്കൂട്ടിയിട്ടുള്ളത് ജപ്പാനും ചൈനയുമാണ്. ഏതാണ്ട് ഒരുലക്ഷം കോടി ഡോളർ വീതം. അമേരിക്കൻ സർക്കാരിലുള്ള വിശ്വാസ്യതയെയാണ് ട്രംപിന്റെ പുലമ്പലും കാടൻ നടപടികളും ഉലച്ചത്. ജപ്പാനും ചൈനയുമടക്കമുള്ള രാജ്യങ്ങൾ ഡോളർ ബോണ്ടുകൾ കൈയൊഴിയാൻ തുടങ്ങി. ബോണ്ടിന്റെ വിലയിടിഞ്ഞു.
ഡോളർ ബോണ്ടുകളുടെ വിലയിടിഞ്ഞാൽ അമേരിക്കൻ സമ്പദ്ഘടനയ്ക്ക് എന്ത്?
അമേരിക്കൻ സമ്പദ്ഘടനയുടെ ആണിക്കല്ല് ഡോളർ നാണയ വ്യവസ്ഥയാണ്. ഏറ്റവും സുരക്ഷിതമായിട്ടുള്ള നാണയം ഡോളർ ആയതിനാൽ എല്ലാവരും അവരുടെ വ്യാപാരമിച്ചമായി ലഭിക്കുന്ന വിദേശവിനിമയ ശേഖരം ഡോളറിലാണ് സൂക്ഷിക്കുക. ഈ ഡോളർ മുഴുവൻ അമേരിക്കൻ ഡോളർ ബോണ്ടുകളിലാണ് നിക്ഷേപിക്കുക. ഇങ്ങനെ അതിഭീമമായ തുക നിക്ഷേപമായി ലഭിക്കുന്നത് ഉപയോഗിച്ചുകൊണ്ടാണ് അമേരിക്കയ്ക്ക് ലോകമെമ്പാടും താവളങ്ങൾ ഒരുക്കാനും യുദ്ധങ്ങൾ നയിക്കുവാനും ലോകത്തെമ്പാടുനിന്നും ചരക്കുകൾ ഇറക്കുമതി ചെയ്യാനും കഴിയുന്നത്. അമേരിക്കൻ ഓഹരി കമ്പോളം തകർന്നാൽ പിടിച്ചു നിൽക്കാം. പക്ഷേ, ബോണ്ട് മാർക്കറ്റ് തകർന്നാൽ നിലക്കയറ്റം ഉണ്ടാവില്ല. പുതിയ വ്യാപാരകമ്മിയുടെ കാര്യം പോകട്ടേ, കാലപരിധിയിൽ എത്തുന്ന പഴയ ബോണ്ടുകൾ റീഫിനാൻസ് ചെയ്യാൻപോലും കഴിയില്ല. ഇങ്ങനെയൊരു അവസ്ഥ ട്രംപ് ചിന്തിച്ചില്ല. അതുകൊണ്ട് ഉടനെ ചുങ്ക മരവിപ്പിക്കൽ അടവ്.
ഇനിയിപ്പോൾ എന്ത്?
ട്രംപ് അല്ലേ ആള്, എന്തും ചെയ്തേക്കാം. ഇതു തന്നെയാണ് ഏറ്റവും വലിയ പ്രശ്നം. ട്രംപ് സൃഷ്ടിച്ചിരിക്കുന്ന അനിശ്ചിതത്വം ആഗോള നിക്ഷേപത്തിൽ പ്രതിഫലിക്കും. 90 ദിവസം വരെ ഇളവുണ്ട്. അതു കഴിഞ്ഞ് ട്രംപ് നികുതി വീണ്ടും കൂട്ടിയാലോ? ഒത്തുതീർപ്പിലെത്തി നികുതി കുറച്ചൂവെന്നിരിക്കട്ടെ. പിന്നെ വീണ്ടും വർദ്ധിപ്പിച്ചാലോ? കാത്തിരുന്നു കാണാമെന്നാണ് നിക്ഷേപകർ ചിന്തിക്കുക.
ദേ, ഇന്ന് ഉണ്ടായത് എന്തെന്നോ? മെക്സിയോയുമായിട്ടുള്ള പകരം ചുങ്കം കുറച്ചത് ശരി തന്നെ. പക്ഷേ, പണ്ട് എങ്ങോ ഉണ്ടാക്കിയ ഒരു കരാർ പ്രകാരം മെക്സിക്കോ അതിർത്തി പ്രദേശത്തെ അമേരിക്കൻ കൃഷിക്കാർക്ക് വെള്ളം നൽകുന്നില്ലായെന്ന് ട്രംപ് കണ്ടുപിടിച്ചിരിക്കുകയാണ്. അടിയന്തരമായി ഇതു പരിഹരിച്ചില്ലെങ്കിൽ ഉപരോധം ഏർപ്പെടുത്തുമെന്നാണ് ഭീഷണി. ട്രംപ് സൃഷ്ടിക്കുന്ന അനിശ്ചിതത്വം ആഗോള മാന്ദ്യത്തിനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു- എന്നും തോമസ് ഐസക് പറയുന്നു.
ട്രംപ് വീണിടം വിദ്യയാക്കുകയാണെന്ന് തോമസ് ഐസക് നേരത്തെ തന്നെ പറഞ്ഞിരുന്നു. ആഗോളവൽക്കരണ കാലത്തും അമേരിക്കൻ സാമ്പത്തിക മത്സരശേഷി ഇടിഞ്ഞു. ഇതിന്റെ ഫലമായി അമേരിക്കൻ വ്യവസായങ്ങൾ തുരുമ്പിച്ചു. അമേരിക്കയുടെ മത്സരശേഷി സേവനങ്ങളിലാണ്. എന്നാൽ വ്യവസായ മേഖലയ്ക്കാണ് വോട്ടിൽ പ്രാധാന്യം. ജോലി നഷ്ടപ്പെട്ട വ്യവസായ തൊഴിലാളികളിൽ നിന്ന് വലിയ പിന്തുണയാണ് ട്രംപിനു ലഭിച്ചത്. വീണ്ടും അമേരിക്കയെ ലോക വ്യവസായ ശക്തിയായി ഉയർത്തുമെന്നതാണ് ട്രംപിന്റെ മുദ്രാവാക്യം. ഇതിനു കണ്ടിരിക്കുന്ന മാർഗമാണ് പകരം ചുങ്കം എന്നായിരുന്നു നേരത്തെ തോമസ് ഐസക് പറഞ്ഞത്.
അമേരിക്ക വാങ്ങുന്ന ചരക്കുകൾക്കു തുല്യമായ ചരക്ക് മറ്റു രാജ്യങ്ങൾ വാങ്ങിയേ മതിയാകൂ. അതിനാണ് എല്ലാ രാജ്യങ്ങളുടെമേലും ചുങ്കം ഏർപ്പെടുത്തിയത്. ഇനി ഓരോ രാജ്യവുമായി ചർച്ച ചെയ്ത് ഒത്തുതീർപ്പിൽ എത്താമെന്നാണ് ട്രംപ് പറയുന്നത്. പക്ഷേ, അതിനിടയിൽ ആഗോള സാമ്പത്തിക തകർച്ചയിലേക്ക് വ്യാപാര യുദ്ധം നയിച്ചേക്കാം. ചൈന മാത്രമല്ല കാനഡയും അമേരിക്കൻ ഉല്പന്നങ്ങൾക്കെതിരെ ചുങ്കം ഉയർത്തി തിരിച്ചടിച്ചു. യൂറോപ്യൻ യൂണിയൻ നടപടിയെടുക്കാൻ പോകുന്നു. 1920കളിലെപോലെ വ്യാപാര യുദ്ധം ആരംഭിച്ചു കഴിഞ്ഞു. കഴിഞ്ഞ വ്യാഴം, വെള്ളി ദിവസങ്ങളിലായി അമേരിക്കൽ ഓഹരി വിപണി 10 ശതമാനമാണ് ഇടിഞ്ഞത്. എല്ലാ സ്റ്റോക്ക് മാർക്കറ്റുകളിലും ഇതു തന്നെയാണ് സ്ഥിതയെന്നും അദ്ദേഹം പറഞ്ഞു.
ചെറിയൊരു സാമ്പത്തിക തിരിച്ചടി പ്രതീക്ഷിച്ചാണ്, എന്നാൽ ഇതുപോലൊരു ചെറുത്തുനിൽപ്പും തകർച്ചയും ട്രംപ് പ്രതീക്ഷിച്ചിട്ടില്ല. എന്നാൽ ഇതൊക്കെ താൻ മുൻകൂട്ടി കണ്ടതാണ് എന്ന ഭാവത്തിലാണ് ട്രംപ്. ആഗോള സാമ്പത്തിക തകർച്ച ട്രംപിന്റെ ഒരു മാസ്റ്റർ സ്ട്രോക്ക് ആണെന്നാണ് ഇപ്പോഴത്തെ പ്രചാരണം. നിലവിലുള്ള ആഗോള വ്യവസ്ഥയുടെ തകർച്ചയിൽ നിന്ന് പുതിയൊരു ലോകക്രമം വരുമത്രെ. പക്ഷേ, അമേരിക്കയിലെ ജനങ്ങൾ അത്രയ്ക്കൊന്നും കാത്തിരിക്കാൻ തയ്യാറല്ലായെന്നാണ് രാജ്യമാസകലം നടന്ന പ്രതിഷേധ പ്രകടനങ്ങൾ സൂചിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
-
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി












Click it and Unblock the Notifications