നഴ്സറിയിൽ പഠിക്കുന്ന 4 വയസുളള രണ്ട് പെൺകുട്ടികളെ പീഡിപ്പിച്ചു; വൻ പ്രതിഷേധം
താനെ; നഴ്സറിയിൽ പഠിക്കുന്ന നാല് വയസുള്ള രണ്ട് പെൺകുട്ടികളെ പീഡിപ്പിച്ച സംഭവത്തിൽ വൻ പ്രതിഷേധം. ബദല്‍പൂര്‍ റെയില്‍വേ സ്‌റ്റേഷൻ പരിസരത്ത് ഒത്തുകൂടിയ പ്രതിഷേധക്കാർ ട്രെയിൻ തടഞ്ഞു. 6 മണിക്കൂറോളമാണ് പ്രതിഷേധം നീണ്ടത്. പ്രതിഷേധക്കാർ പോലീസുകാർക്ക് നേരെ കല്ലെറിഞ്ഞു. അതേസമയം ഇവരെ പിരിച്ചുവിടാൻ പോലീസ് ലാത്തി വീശി.
ആയിരക്കണക്കിന് പ്രതിഷേധക്കാരാണ് ചൊവ്വാഴ്ച രാവിലെയോടെ ബദ്‌ലാപൂരിലെ ലോക്കൽ റെയിൽവേ സ്റ്റേഷൻ പരിസരത്തേക്ക് എത്തിയത്. ആദ്യം സ്കൂളിന് മുന്നിൽ രക്ഷിതാക്കളായിരുന്നു പ്രതിഷേധം ഉയർത്തിയത്. ഇതിന് ശേഷമാണ് നിരവധി സ്ത്രീകളുടെ നേതൃത്വത്തിൽ പ്രതിഷേധക്കാർ റെയിൽവേ സ്റ്റേഷനിലെത്തിയത്. ഇവർ ട്രാക്കിലിരുന്ന് പ്രതിഷേധിച്ചതോടെ ട്രെയിൻ ഗതാഗതം തടസപ്പെട്ടു. പ്രതിയെ തൂക്കിലേറ്റണമെന്ന് ആവശ്യപ്പെട്ടുകൊണ്ടായിരുന്നു പ്രതിഷേധം.

സ്കൂളിലെ 23 കാരനായ ശുചീകരണ തൊഴിലാളിയാണ് പ്രതി.17 ന് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പെൺകുട്ടികളെ ശുചിമുറിയിൽ വെച്ചാണ് ഇയാൾ പീഡിപ്പിച്ചതെന്നാണ് പരാതിയിൽ പറയുന്നത്. കുട്ടികൾ തന്നെയാണ് ഇയാൾ മോശമായി സ്പർശിച്ചുവെന്ന് മാതാപിതാക്കളോട് പറഞ്ഞത്. പോക്സോ പ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തത്.
സംഭവത്തിൻ്റെ പശ്ചാത്തലത്തിൽ പ്രിൻസിപ്പലിനെയും ക്ലാസ് ടീച്ചറെയും വനിതാ അറ്റൻഡറെയും സസ്പെന്റ് ചെയ്തതായി സ്കൂൾ മാനേജ്മെൻ്റ് അറിയിച്ചു.ഹൗസ് കീപ്പിംഗ് കരാർ നൽകിയ സ്ഥാപനത്തെ കരിമ്പട്ടികയിൽ പെടുത്തിയതായും സ്‌കൂൾ പരിസരത്ത് നിരീക്ഷണം ശക്തമാക്കുമെന്ന് സ്‌കൂൾ അധികൃതർ അറിയിച്ചു.












Click it and Unblock the Notifications