300 അടി താഴ്ചയുളള കുഴല്‍ക്കിണറിൽ മൂന്ന് ദിവസം, രണ്ടര വയസ്സുകാരിക്ക് ദാരുണാന്ത്യം
ഭോപ്പാല്‍: കുഴല്‍ക്കിണറില്‍ വീണ് രണ്ടര വയസ്സുകാരിക്ക് ദാരുണാന്ത്യം. മധ്യപ്രദേശിലെ സെഹോറിലാണ് സംഭവം. 300 അടി താഴ്ചയുളള കുഴല്‍ക്കിണറിലാണ് മൂന്ന് ദിവസങ്ങള്‍ക്ക് മുന്‍പ് കുട്ടി വീണത്. കുട്ടിയെ പുറത്തെടുക്കാനുളള ശ്രമങ്ങളെല്ലാം വിഫലമായി. ഇന്ന് കുഞ്ഞിനെ പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
കുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചു. അഴുകിയ നിലയിലാണ് കുഞ്ഞിന്റെ ശരീരം പുറത്തേക്ക് എടുത്തത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് മുംഗവാലി ഗ്രാമത്തിലെ കുഴല്‍കിണറില്‍ രണ്ടര വയസ്സുളള സൃഷ്ടി വീണത്. വ്യാഴാഴ്ച വൈകിട്ട് അഞ്ചരയോടെ മാത്രമാണ് കുട്ടിയെ പുറത്തെടുക്കാന്‍ സാധിച്ചത്. ഉടനെ തന്നെ ആംബുലന്‍സില്‍ കുട്ടിയെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവനുണ്ടായിരുന്നില്ല.

കുഴല്‍കിണറിന്റെ 40 അടി താഴ്ചയിലേക്ക് മാത്രമായിരുന്നു ആദ്യം സൃഷ്ടി വീണത്. എന്നാല്‍ രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമായി കുഴല്‍കിണറിന് സമീപത്ത് യന്ത്രങ്ങള്‍ ഉപയോഗിച്ചത് മൂലമുളള പ്രകമ്പനങ്ങള്‍ കാണം നൂറ് അടി കൂടി താഴ്ചയിലേക്ക് കുഞ്ഞ് പതിക്കുകയായിരുന്നു. ഇതോടെ രക്ഷാപ്രവര്‍ത്തനം കൂടുതല്‍ ദുഷ്‌ക്കരമായി മാറിയെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ പറഞ്ഞു.
ദേശീയ ദുരന്ത നിവാരണ സേനയും സംസ്ഥാന ദുരിത നിവാരണ സേനയും സൈന്യവും റോബോട്ടിക് വിദഗ്ധരുടെ സംഘവും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു. കുഞ്ഞിന്റെ ജീവന്‍ നിലനിര്‍ത്താനുളള എല്ലാ ശ്രമവും രക്ഷാപ്രവര്‍ത്തകര്‍ നടത്തിയിരുന്നു. പൈപ്പ് വഴി മൂന്ന് ദിവസവും കുഴിയിലേക്ക് ഓക്‌സിജന്‍ നല്‍കിക്കൊണ്ടിരുന്നു. 50 മണിക്കൂറോളം നീണ്ട രക്ഷാപ്രവര്‍ത്തനത്തിന് പക്ഷേ കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാനായില്ല.












Click it and Unblock the Notifications