'മോദിയുടെ ചിത്രങ്ങളുള്ള സെല്‍ഫി പോയിന്റുകള്‍ സ്ഥാപിക്കണം'; ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളോട് യുജിസി
ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രങ്ങളുള്ള സെല്‍ഫി പോയിന്റുകള്‍ സ്ഥാപിക്കാന്‍ രാജ്യത്തെ എല്ലാ സര്‍വകലാശാലകളോടും കോളേജുകളോടും യുജിസി (യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷന്‍) നിര്‍ദേശം. വിദ്യാര്‍ത്ഥികളെയും സന്ദര്‍ശകരെയും ഈ പോയിന്റുകളില്‍ നിന്ന് സെല്‍ഫികളെടുത്ത് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ പങ്കിടാന്‍ പ്രോത്സാഹിപ്പിക്കാനാണ് പുതിയ നീക്കം.
വിവിധ മേഖലകളില്‍ രാജ്യം സ്വന്തമാക്കിയ നേട്ടങ്ങള്‍ കൂടുതല്‍ യുവാക്കളിലേക്കെത്തിക്കാനാണ് സെല്‍ഫി പോയിന്റുകള്‍ എന്നാണ് യുജിസി പറയുന്നത്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം അംഗീകരിച്ച 3ഡി ലേ ഔട്ടിന്റെ മാതൃകയില്‍ മാത്രമേ ഇവ ക്രമീകരിക്കാന്‍ പാടുള്ളൂ. ഇത് സംബന്ധിച്ച് യുജിസി സെക്രട്ടറി പ്രൊഫസര്‍ മനീഷ് ആര്‍ ജോഷി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കത്ത് അയച്ചിട്ടുണ്ട്.

''നിങ്ങളുടെ സ്ഥാപനത്തിനുള്ളില്‍ ഒരു സെല്‍ഫി പോയിന്റ് സ്ഥാപിച്ച് നമ്മുടെ രാജ്യം കൈവരിച്ച അവിശ്വസനീയമായ മുന്നേറ്റങ്ങള്‍ ആഘോഷിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യാം. വിവിധ മേഖലകളിലെ ഇന്ത്യയുടെ നേട്ടങ്ങളെക്കുറിച്ച്, പ്രത്യേകിച്ച് ദേശീയ വിദ്യാഭ്യാസ നയം 2020 ന് കീഴിലുള്ള പുതിയ സംരംഭങ്ങളെക്കുറിച്ച് യുവാക്കളില്‍ അവബോധം സൃഷ്ടിക്കുക എന്നതാണ് സെല്‍ഫി പോയിന്റിന്റെ ലക്ഷ്യം,' കത്തില്‍ പറയുന്നു.
സെല്‍ഫി പോയിന്റുകള്‍ക്കായി യുജിസി നിരവധി ഡിസൈനുകള്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. വിദ്യാഭ്യാസത്തിന്റെ അന്തര്‍ദേശീയവല്‍ക്കരണം, നാനാത്വത്തില്‍ ഏകത്വം, സ്മാര്‍ട്ട് ഇന്ത്യ ഹാക്കത്തോണ്‍, ഇന്ത്യന്‍ വിജ്ഞാന സംവിധാനം, ബഹുഭാഷാവാദം, ഉന്നത വിദ്യാഭ്യാസം, ഗവേഷണം, നൂതനത്വം എന്നിവയിലെ ഇന്ത്യയുടെ ഉയര്‍ച്ച എന്നിങ്ങനെ ഓരോ ഡിസൈനും ഒരു പ്രത്യേക തീമായി അവതരിപ്പിച്ചിരിക്കുന്നു.
ഓരോ സെല്‍ഫി പോയിന്റും കാമ്പസിലെ തന്ത്രപ്രധാനമായ സ്ഥലത്ത് സ്ഥാപിക്കുകയും 3ഉ ലേഔട്ട് ഉണ്ടായിരിക്കുകയും വേണം. അതേസമയം ഇതിന് എതിരെ വിമര്‍ശനങ്ങളും ഉയരുന്നുണ്ട്. സര്‍ക്കാര്‍ എല്ലാ സാധാരണ നേട്ടങ്ങളെയും ഗംഭീരമായി ചിത്രീകരിക്കുകയും അതിന്റെ ക്രെഡിറ്റ് പ്രധാനമന്ത്രിക്ക് നല്‍കുകയും ചെയ്യുകയാണ് എന്ന് ഒരു ഉന്നത സ്ഥാപനത്തിലെ ഒരു ഫാക്കല്‍റ്റി അംഗം പറഞ്ഞു.
''സംഭവിക്കുന്നത് ഒരു കള്‍ട്ട് ഫിഗര്‍ കെട്ടിപ്പടുക്കാനുള്ള പ്രചാരണമാണ്. ഈ പ്രവര്‍ത്തനങ്ങളുമായി യാതൊരു ബന്ധവുമില്ലാത്ത പൊതു സ്ഥാപനങ്ങളെ ഉപയോഗിച്ചാണ് ഭരണകൂടം ഇത് ചെയ്യുന്നത്. അത്തരം പ്രചരണങ്ങള്‍ പ്രോത്സാഹിപ്പിക്കാന്‍ അക്കാദമിക് സ്ഥാപനങ്ങളോട് ആവശ്യപ്പെടാന്‍ സര്‍ക്കാരിനെയോ യുജിസിയെയോ പ്രാപ്തരാക്കാന്‍ നിയമത്തില്‍ വ്യവസ്ഥയില്ല', അദ്ദേഹം വ്യക്തമാക്കി.
കൊവിഡ് വാക്സിന്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഉള്‍പ്പെടെ നിരവധി മാര്‍ഗങ്ങളിലൂടെ പ്രധാനമന്ത്രിയുടെ ചിത്രങ്ങള്‍ പ്രചരിപ്പിച്ചതായി അദ്ദേഹം പറഞ്ഞു. റോസ്ഗര്‍ മേളകളില്‍ സെല്‍ഫി പോയിന്റുകള്‍ സ്ഥാപിച്ചിട്ടുണ്ട്. അവിടെ പുതുതായി നിയമിതരായ സര്‍ക്കാര്‍ ജീവനക്കാര്‍ മോദി കട്ട് ഔട്ടുകള്‍ക്ക് മുന്നില്‍ നിന്ന് ഫോട്ടോ എടുത്തിരുന്നു. എല്ലാ നേട്ടങ്ങള്‍ക്കും ഉത്തരവാദി ഒരു നേതാവ് മാത്രമാണെന്ന സൂക്ഷ്മമായ ധാരണ സൃഷ്ടിക്കപ്പെടുകയാണ് എന്നും അദ്ദേഹം പറഞ്ഞു.
അതേസമയം വൈവിധ്യമാര്‍ന്ന ആശയങ്ങള്‍ പ്രോത്സാഹിപ്പിക്കുകയും സംവാദങ്ങളെ പ്രോത്സാഹിപ്പിക്കുകയും പൊതുപ്രശ്‌നങ്ങള്‍ ഉയര്‍ത്തുകയും ചെയ്യുന്ന സെല്‍ഫി പോയിന്റുകള്‍ എപ്പോഴും സ്വാഗതാര്‍ഹമാണെന്ന് ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയിലെ ഒരു ഫാക്കല്‍റ്റി അംഗം പറഞ്ഞു. യുജിസി ഇത്തരം സര്‍ക്കുലറുകള്‍ പുറപ്പെടുവിക്കാറുണ്ടെങ്കിലും ക്യാമ്പസ് അഡ്മിനിസ്‌ട്രേഷനുകള്‍ക്ക് അവ അവഗണിക്കാന്‍ സ്വാതന്ത്ര്യമുണ്ടെന്ന് ഒരു മാനേജ്മെന്റ് അധ്യാപകന്‍ പറഞ്ഞു.












Click it and Unblock the Notifications