വലിയ ടിവികള്‍ക്കും മൊബൈല്‍ ഫോണിനും വില കുറയുമോ? ബജറ്റിലെ സാധ്യതകള്‍
ന്യൂദല്‍ഹി: വരാനിക്കുന്ന കേന്ദ്ര ബജറ്റില്‍ ടെലിവിഷന്‍, മൊബെല്‍ ഫോണ്‍ തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്ക് വില കുറയാന്‍ സാധ്യത. കൊവിഡ് മഹാമാരി അതിജീവിക്കാന്‍ ജി എസ് ടി നിരക്കില്‍ പരിഷ്‌കാരം വേണമെന്നാണ് ഈ മേഖലയിലുള്ളവരുടെ ആവശ്യം. പ്രാദേശിക ഉല്‍പ്പാദനം പ്രോത്സാഹിപ്പിക്കുന്നതിനായി ഇലക്ട്രോണിക് ഉപകരണങ്ങളുടെ നിര്‍മാണത്തിനാവശ്യമായ പാര്‍ട്‌സുകളുടെ കസ്റ്റംസ് തീരുവ സര്‍ക്കാര്‍ പരിഷ്‌കരിച്ചേക്കും. ഇത് പ്രകാരം മൊബൈല്‍ ഫോണ്‍, ടെലിവിഷന്‍ എന്നിവയുടെ വില കുറഞ്ഞേക്കും. ടിവികള്‍ക്ക് വില കുറയാന്‍ സഹായകമാകുന്ന തരത്തില്‍ നികുതി നിരക്കില്‍ വലിയ മാറ്റമുണ്ടാകണമെന്നാണ് ഈ മേഖലയുമായി ബന്ധപ്പെട്ടവര്‍ പറയുന്നത്.
''2022-23 ബജറ്റില്‍,എല്ലാ ഉപഭോക്തൃ ഇലക്ട്രോണിക്സുകളുടെയും ജി എസ് ടി സര്‍ക്കാര്‍ കുറയ്ക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. ഉപഭോക്തൃ ഇലക്ട്രോണിക്സ് എല്ലാവരും അവശ്യവസ്തുക്കളായി കണക്കാക്കുന്ന ഇന്നത്തെ കാലത്ത് അത് ആവശ്യമാണെന്ന് തങ്ങള്‍ കരുതുന്നു,' വെസ്റ്റിംഗ്ഹൗസ് ടിവിയുടെ ഇന്ത്യന്‍ ബ്രാന്‍ഡ് ലൈസന്‍സിയായ സൂപ്പര്‍ പ്ലാസ്ട്രോണിക്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ വൈസ് പ്രസിഡന്റ് പല്ലവി സിംഗ് പറയുന്നു. ബജറ്റില്‍ ടെലിവിഷനുകളുടെ ജി എസ് ടി കുറയ്ക്കല്‍ അനിവാര്യമാണെന്ന് അവര്‍ പറഞ്ഞു. '32 ഇഞ്ച് വരെയുള്ള ടെലിവിഷനുകളില്‍ നിലവില്‍ 18 ശതമാനമാണ് ജി എസ് ടി നിരക്ക്. 32 മുതല്‍ 43 ഇഞ്ച് വരെയുള്ള ടെലിവിഷന് 28 ശതമാനമാണ് നികുതി നിരക്ക്.

ഇത് 18 ശതമാനമാക്കി നിജപ്പെടുത്തിയാല്‍ വിപണിയ്ക്കും ജനങ്ങള്‍ക്കും വലിയ ആശ്വാസമാകുമെന്ന് ഇവര്‍ പറയുന്നു. മേക്ക് ഇന്‍ ഇന്ത്യ പദ്ധതികള്‍ സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കണമെന്നും പല്ലവി സിംഗ് പറഞ്ഞു. 'ലോകത്തിലെ നിലവിലെ അര്‍ദ്ധചാലക ക്ഷാമം കണക്കിലെടുക്കുമ്പോള്‍, നമ്മുടെ സര്‍ക്കാര്‍ സാധ്യതയുള്ള മേഖലയെ സഹായിക്കുകയും ഇലക്ട്രോണിക്‌സ് ദേശീയ നയത്തിന് കീഴിലുള്ള പദ്ധതികള്‍ പിന്താങ്ങുകയും വേണം,' അവര്‍ പറഞ്ഞു.
ഇന്ത്യന്‍ ഉല്‍പ്പാദനവും ചെറുകിട വ്യാപാരവും പ്രോത്സാഹിപ്പിക്കുന്നതിന് തങ്ങള്‍ക്ക് സ്ഥിരതയുള്ള ജി എസ് ടി നികുതി സ്ലാബ് ആവശ്യമാണെന്നും ഒരു ഉല്‍പ്പന്നവും 18 ശതമാനം സ്ലാബിന് മുകളിലായിരിക്കരുതെന്നും ഇന്ത്യയിലെ ബ്ലൂപങ്ക്റ്റിന്റെ എക്സ്‌ക്ലൂസീവ് ബ്രാന്‍ഡ് ലൈസന്‍സി എസ്പിപിഎല്‍ സി ഇ ഒ അവ്നീത് സിംഗ് മര്‍വ പറഞ്ഞു.
''ഇത് ചെയ്യുന്നതിലൂടെ ടെലിവിഷന്റെ ലോകത്തെ മൂന്നാമത്തെ വലിയ വിപണിയായി ഇന്ത്യ മാറും. വിപണി വലുപ്പം ഓരോ വര്‍ഷവും 15 ശതമാനം വര്‍ദ്ധിച്ച് 16 ദശലക്ഷം യൂണിറ്റിലെത്തും. വ്യവസായം സുസ്ഥിരമായ അവസ്ഥയിലേക്ക് നീങ്ങുന്നതിനാല്‍ തല്‍ക്കാലം കസ്റ്റംസ് തീരുവകളില്‍ മാറ്റം വരുത്തരുതെന്ന് ഞങ്ങള്‍ സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുന്നു,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ 2022 ലെ കേന്ദ്ര ബജറ്റ് ഫെബ്രുവരി 1 നാണ് അവതരിപ്പിക്കുന്നത്.












Click it and Unblock the Notifications