1 കിലോ മീറ്ററിന് 100 കോടി; മുഖ്യമന്ത്രി വാക്കുമാറ്റി; കേരള ഹൈവേ നിർമ്മാണത്തെ കുറിച്ച് നിതിൻ ഗഡ്കരി
ദില്ലി: കേരളത്തില്‍ ഒരു കിലോ മീറ്റര്‍ ഹൈവേ നിര്‍മ്മാണത്തിന് 100 കോടി രൂപയാണ് ചെലവെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി പാര്‍ലമെന്റില്‍ അറിയിച്ചു. രാജ്യത്തെ റോഡ് നിര്‍മ്മാണത്തെ കുറിച്ച് സംസാരിക്കുമ്പോഴായിരുന്നു അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഹൈവേ നിര്‍മ്മാണത്തിന് ഭൂമി ഏറ്റെടുക്കലിന് ചെലവാകുന്ന തുകയുടെ 25 ശതമാനം നല്‍കുമെന്ന് കേരളത്തിലെ മുഖ്യമന്ത്രി പറഞ്ഞിരുന്നെന്നും എന്നാല്‍ അദ്ദേഹം പിന്നീട് അതില്‍ നിന്ന് പിന്മാറിയെന്നും നിതിന്‍ ഗഡ്കരി വ്യക്തമാക്കി.
നിര്‍മ്മാണ സാമഗ്രികളുടെ റോയല്‍റ്റി ഒഴിവാക്കിയും സര്‍ക്കാര്‍ ഭൂമി സൗജന്യമായി തന്ന് റോഡ് നിര്‍മ്മാണത്തില്‍ സഹകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെട്ടെന്നും നിതിന്‍ ഗഡ്കരി പറഞ്ഞു. റോഡ് നിര്‍മ്മാണത്തിലെ സാഹചര്യത്തെ കുറിച്ച് പരാമര്‍ശിക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

അതേസമയം, പെട്രോള്‍ വിലയില്‍ കേരളം ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങള്‍ വാറ്റ് നികുതി ഒഴിവാക്കിയിട്ടില്ലെന്ന് ഹര്‍ദീപ് സിംഗ് പുരി കുറ്റപ്പെടുത്തി. പ്രതിപക്ഷ എം പിമാര്‍ ഇതുമായി ബന്ധപ്പെട്ട വിഷയം സഭയില്‍ ഉയര്‍ത്തിയപ്പോഴായിരുന്നു മന്ത്രി പ്രതികരിച്ചത്. കേന്ദ്ര സര്‍ക്കാരിന്റെ വിവിധ ദുരിതാശ്വാസ ഫണ്ടുകളിലേക്ക് കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്പോണ്‍സിബിലിറ്റി (സിഎസ്ആര്‍) ഫണ്ട് നല്‍കാനുള്ള തീരുമാനം 2013ല്‍ മുന്‍ യുപിഎ സര്‍ക്കാരാണ് എടുത്തതെന്ന് കേന്ദ്ര ധനകാര്യ വകുപ്പ് മന്ത്രി നിര്‍മ്മല സീതാരാമന്‍ രാജ്യസഭയില്‍ പറഞ്ഞു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സിഎസ്ആര്‍ ഫണ്ട് നല്‍കാന്‍ കമ്പനികള്‍ക്ക് അധികാരമില്ലാത്തത്തിന്റെ കാരണമെന്തെന്ന് വി ശിവദാസന്‍ എം പിയുടെ അനുബന്ധ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി. യുണൈറ്റഡ് പ്രോഗ്രസീവ് അലയന്‍സ് സര്‍ക്കാര്‍ 2013-ല്‍ സിഎസ്ആര്‍ ഫണ്ട് കമ്പനി നിയമത്തിന്റെ ഭാഗമാണെന്നും സംസ്ഥാന മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അത് നല്‍കാതിരിക്കുന്നതാണ് ഉചിതമെന്നും യുപിഎ സര്‍ക്കാര്‍ തീരുമാനിച്ചതായും നിര്‍മ്മലാ സീതാരാമന്‍ പറഞ്ഞു.
കമ്പനി നിയമം 2013 പ്രകാരം കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറി ഫണ്ട് സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി നിര്‍ബന്ധമായും ചെലവഴിക്കണം. കമ്പനികള്‍ അവരുടെ ലാഭത്തിന്റെ രണ്ട് ശതമാനമെങ്കിലും സി എസ് ആറിന് കീഴില്‍ ചെലവഴിക്കണം. ഈ പണം നിലവില്‍ പിഎം കെയെര്‍സ് ഫണ്ട് പോലെയുള്ള കേന്ദ്രഫണ്ടുകളില്‍ നിക്ഷേപിക്കാമെങ്കിലും സംസ്ഥാന ദുരിതാശ്വാസ നിധിയിലേക്ക് സി എസ് ആര്‍ ഫണ്ട് നല്‍കാന്‍ കഴിയില്ലെന്നും മന്ത്രി വ്യക്തമാക്കി.












Click it and Unblock the Notifications