അൺലോക്ക് 4.0: സെപ്തംബർ 21 മുതൽ കായിക, വിനോദ, സാസ്കാരിക പരിപാടികൾക്ക് അനുമതി
ദില്ലി: അൺലോക്ക് നാലാംഘട്ട മാർഗ്ഗനിർദേശങ്ങൾ പുറത്തിറക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. സെപ്തംബർ ഒന്ന് മുതൽ 30 വരെയുള്ള കാലയളവിലേക്കുള്ള മാർഗ്ഗനിർദേശങ്ങളാണ് സർക്കാർ ഇപ്പോൾ പുറത്തിറക്കിയിട്ടുള്ളത്. സെപ്തംബർ 21 മുതൽ ഉപാധികളോടെ പൊതുപരിപാടികൾക്ക് അനുമതി നൽകിയിട്ടുണ്ട്. ഇതോടെ രാഷ്ട്രീയ, സാമൂഹിക, സാസ്കാരിക, കായിക, മത, വിനോദ, പരിപാടികൾ നടത്താനും കഴിയും. എന്നാൽ പരിപാടികളിൽ 100 പേരിൽ അധികം പങ്കെടുപ്പിക്കാൻ പാടില്ലെന്നാണ് മാർഗ്ഗനിർദേശത്തിൽ പറയുന്നത്. എല്ലാവിധത്തിലുള്ള കൊറോണ വൈറസ് മാർഗ്ഗനിർദേശങ്ങളും പാലിച്ചുകൊണ്ടായിരിക്കണം പരിപാടിയുടെ നടത്തിപ്പ് എന്നും ഉറപ്പ് വരുത്തേണ്ടതുണ്ട്. സെപ്തംബർ 21 മുതൽ ഓപ്പൺ എയർ തിയറ്ററുകളിൽ പരിപാടികൾ നടത്തുന്നതിനും അനുമതിയുണ്ട്.
പരിപാടിയിൽ പങ്കെടുക്കുന്ന എല്ലാവരും നിർബന്ധമായും മാസ്ക് ധരിക്കുകയും സോഷ്യൽ ഡിസ്റ്റൻസ് പാലിക്കുയും വേണം, തെർമൽ സ്കാനിംഗ്, കൈ കഴുകുന്നതിനുള്ള സൌകര്യം അല്ലെങ്കിൽ സാനിറ്റൈസർ എന്നിവയും പരിപാടി സംഘടിപ്പിക്കുന്ന സ്ഥലത്ത് ഒരുക്കേണ്ടതുണ്ടെന്നും ആഭ്യന്തര മന്ത്രാലയം പ്രസ്താവനയിൽ പറയുന്നു. കഴിഞ്ഞ മാസം കേന്ദ്രസർക്കാർ പുറത്തിറക്കിയ അൺലോക്ക് 3.0 മാർഗ്ഗനിർദേശങ്ങളിൽ രാഷ്ട്രീയ, സാമൂഹിക, സാസ്കാരിക, കായിക, മത, വിനോദ, പരിപാടികൾക്ക് വിലക്ക് ഏർപ്പെടുത്തിയിരുന്നു. മാർച്ച് മുതൽ നിർത്തിവെച്ചിരുന്ന മെട്രോ സർവീസ് അൺലോക്ക് 4.0 ന്റെ ഭാഗമായി സെപ്തംബർ ഏഴ് മുതൽ പുനരാരംഭിക്കും. എന്നാൽ സിനിമാ തിയ്യേറ്റർ, സ്വിമ്മിംഗ് പൂൾ, പാർക്കുകൾ എന്നിവയ്ക്കുള്ള വിലക്ക് തുടരും.