യുപി ഏഴാംഘട്ട തിരഞ്ഞെടുപ്പ്; ചെറുപാർട്ടികളിൽ പ്രതീക്ഷയർപ്പിച്ച് മുന്നണികൾ
ലഖ്നൗ; ഉത്തർപ്രദേശിലെ ഏഴാമത്തെയും അവസാനത്തേയും വോട്ടെടുപ്പ് ഇന്ന് നടക്കുകയാണ്. ഒമ്പത് ജില്ലകളിലെ 54 മണ്ഡലങ്ങളാണ് ഇന്ന് തിരഞ്ഞെടുപ്പ് നടക്കുന്നത്. വാരാണാെസി, അസംഗഡ്, ഗാസിപൂർ, മിർസാപൂർ അടക്കമുള്ള ജില്ലകളിലായി 613 സ്ഥാനാർത്ഥികളാണ് ഇന്ന് ജനവിധി തേടുന്നത്. പ്രധാനമായും ബിജെപി സഖ്യത്തിന്റെയും എസ്പി സഖ്യത്തിന്റെയും പോരാട്ടം ആണ് ഇന്നത്തെ തിരഞ്ഞെടുപ്പിൽ തെളിഞ്ഞുകാണുക. ബിജെപിക്കും എസ്പിക്കും നേരിട്ട് സ്വാധിനം കുറവാണെങ്കിലും തങ്ങളുടെ സഖ്യകഷികളായ ചെറുപാർട്ടികളുടെ സ്വാധീനത്തിൽ വിജയിച്ചു കയറാം എന്നാണ് ഇരു പാർട്ടികളുടേയും വിശ്വാസം.
ഏകദേശം പതിമൂന്നോളം സീറ്റുകളിൽ ഇത്തരത്തിൽ ചെറുപാർട്ടികൾക്ക് മികച്ച സ്വാധിനം ഉണ്ടെന്നാണ് വിലയിരുത്തൽ. അതിൽ ഒന്നാണ് വാരാണസി ലോക്‌സഭാ മണ്ഡലത്തിന്റെ ഭാഗമായ റൊഹാനിയ. ഇവിടെ അപ്‌നാ ദൾ (എസ്) അപ്നാ ദൾ (കെ) പോരാട്ടം ആണ് നടക്കുന്നത്. ബിജെപി ചേരിയിലാണ് അപ്‌നാ ദൾ (എസ്) എസ്പിയുടെ ചേരിയാലിണ് അപ്നാ ദൾ (കെ) മത്സരിക്കുന്നത്. ഇവർക്ക് പുറമെ ഒപി രാജ്ഭറിന്റെ സുഹേൽദേവ് ഭാരതീയ സമാജ് പാർട്ടിയും, നിഷാദ് പാർട്ടിയും രാജ്‌ഭർ, നിഷാദ്, പട്ടേൽ തുടങ്ങിയ സ്വാധീനമുള്ള സാമൂഹിക ഗ്രൂപ്പുകളും ഈ ഘട്ടത്തിൽ അവരവരുടെ സ്വാധീന മേഖലകളിൽ തങ്ങളുടെ സഖ്യകക്ഷികൾക്ക് ശക്തി പകരും.

ഇന്ന് വോട്ടെടുപ്പ് നടക്കുന്ന ഒമ്പത് ജില്ലകളിൽ അസംഗഡ്, മൗ, ജൗൻപൂർ എന്നിവ സമാജ്‌വാദി പാർട്ടിയുടെ ശക്തികേന്ദ്രങ്ങളായാണ് കണക്കാക്കുന്നത്. മറുവശത്ത്, ഗാസിപൂർ, ചന്ദൗലി, വാരണാസി, ഭദോഹി, മിർസാപൂർ, സോൻഭദ്ര എന്നിവ സമീപ തെരഞ്ഞെടുപ്പുകളിൽ ബിജെപിയെ ശക്തമായി പിന്തുണച്ചിരുന്നു. 2017 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇവിടുത്തെ 54 സീറ്റുകളിൽ 29 സീറ്റുകൾ ബിജെപി നേടി. സഖ്യകക്ഷികൾ അഞ്ച് സീറ്റുകൾ കൂടി നേടി. എന്നാൽ 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്കും സഖ്യകക്ഷികൾക്കും 22 നിയമസഭാ മണ്ഡലങ്ങളിൽ മാത്രമാണ് ലീഡ് നേടാനായത്.
മറുവശത്ത്, ഇത്തവണ ഇവിടെ സമാജ്‌വാദി പാർട്ടിക്ക് കൂടുതൽ ജനപിൻതുണ ലഭിച്ചേക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ ലീഡ് കുറക്കാൻ സാധിച്ചത് എസ്പിക്ക് ആത്മവിശ്വാസം കൂട്ടുന്നുണ്ട്. 2017 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ വെറും 11 സീറ്റുകളാണ് എസ്പി സഖ്യത്തിന് കിട്ടിയത്. എന്നാൽ 2019 ൽ 32 നിയമസഭാ മണ്ഡലങ്ങളിൽ ലീഡ് നേടാൻ സാധിച്ചിട്ടുണ്ട്. കോൺ ഗ്രസിന് ഇവിടെ വേണ്ടത്ര സ്വാധീനം നേടാൻ സാധിച്ചിട്ടില്ല.
ബിജെപിയുടെ കാളീചരൺ രാജ്ഭറിനും ബിഎസ്പിയുടെ സയ്യദ ഷദാബ് ഫാത്തിമയ്ക്കുമെതിരെ എസ്ബിഎസ്പി അധ്യക്ഷൻ ഓം പ്രകാശ് രാജ്ഭർ കടുത്ത പോരാട്ടം നേരിടുന്ന സീറ്റുകളിലൊന്നാണ് സഹൂരബാദ്. റൊഹാനിയ, വാരണാസി സൗത്ത് എന്നിവയാണ് മറ്റ് പ്രധാന സീറ്റുകൾ. മുഖ്താർ അൻസാരിയുടെ മകൻ അബ്ബാസ് അൻസാരി എസ്ബിഎസ്പി സ്ഥാനാർത്ഥിയായി മത്സരിക്കുന്നതിനാൽ ഗാസിപൂർ ജില്ലയിലെ മൗവായും യുപിയിലെ ശ്രദ്ധാകേന്ദ്രമാണ്. മുഖ്താർ അൻസാരി അഞ്ച് തവണ ഈ സീറ്റിൽ വിജയിച്ചിട്ടുണ്ട്.
ഏഴാം ഘട്ടത്തിൽ മത്സരിക്കുന്ന 607 സ്ഥാനാർത്ഥികളിൽ 170 പേർ തങ്ങൾക്കെതിരെ ക്രിമിനൽ കേസുകൾ ഇപ്പോഴും തീർപ്പാക്കിയിട്ടില്ല. മത്സരരംഗത്തുള്ള മുപ്പത്തിയാറു ശതമാനം സ്ഥാനാർത്ഥികളും കോടീശ്വരന്മാരാണ്, സ്ഥാനാർത്ഥികളുടെ ശരാശരി ആസ്തി. 2.55 കോടിയാണ്.












Click it and Unblock the Notifications