എക്‌സിറ്റ് പോളുകള്‍ക്ക് എത്ര കൊടുത്തു? ഇവിഎം മോഷ്ടിക്കപ്പെട്ടെന്ന ആരോപണവുമായി അഖിലേഷ്
ലഖ്‌നൗ: ഉത്തര്‍ പ്രദേശ് തെരഞ്ഞെടുപ്പില്‍ ഇ വി എം (ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്‍) മോഷ്ടിക്കപ്പെട്ടെന്ന് സമാജ്വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്. വോട്ടെണ്ണലിന് രണ്ട് ദിവസം മാത്രം ശേഷിക്കെയാണ് അഖിലേഷ് യാദവിന്റെ ആരോപണം. വാരാണസിയിലെ വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ നിന്ന് ഇ വി എമ്മുകള്‍ മോഷണം പോയെന്നാണ് അഖിലേഷ് യാദവ് പറയുന്നത്. എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ഈ മോഷണത്തിന്റെ മറ മാത്രമാണെന്നും അഖിലേഷ് യാദവ് കൂട്ടിച്ചേര്‍ത്തു. യാതൊരു സുരക്ഷയുമില്ലാതെയും ചട്ടങ്ങള്‍ ലംഘിച്ചുമാണ് ഇ വി എമ്മുകള്‍ നീക്കിയതെന്നും അദ്ദേഹം പറഞ്ഞു.
ആരാണ് എക്‌സിറ്റ് പോളുകള്‍ക്ക് പണം നല്‍കുന്നതെന്നും മുന്‍ മുഖ്യമന്ത്രി കൂടിയായ അഖിലേഷ് യാദവ് ചോദിച്ചു. ഇന്നലെ യു പിയില്‍ വോട്ടെടുപ്പ് അവസാനിച്ചതിന് ശേഷമുള്ള എക്സിറ്റ് പോള്‍ ഫലങ്ങള്‍ പറയുന്നത് യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ബി ജെ പി ഒരു തവണ കൂടി വന്‍ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നാണ്. എക്സിറ്റ് പോളുകളുടെ ആകെത്തുക ബി ജെ പിക്കും സഖ്യകക്ഷികള്‍ക്കും സംസ്ഥാനത്തെ 403 സീറ്റുകളില്‍ 241 സീറ്റുകള്‍ നല്‍കുന്ന തരത്തിലാണ്. കേവല ഭൂരിപക്ഷത്തിന് 202 സീറ്റാണ് വേണ്ടത്.

നമ്മുടെ വോട്ട് സംരക്ഷിക്കാന്‍ നമ്മള്‍ എല്ലായിടത്തും പോകണം. വെറും മൂന്ന് ദിവസങ്ങള്‍ മാത്രം മതി അല്ലെങ്കില്‍ ഭരണത്തിലുള്ള ഈ ആളുകള്‍ എല്ലാ വോട്ടുകളും മോഷ്ടിക്കും. എസ് പി- ആര്‍ എല്‍ ഡി സഖ്യം 300 സീറ്റുകള്‍ നേടുമെന്നും അഖിലേഷ് യാദവ് ആവര്‍ത്തിച്ചു. ബി ജെ പിയുടെ മുഖ്യ എതിരാളിയായ സമാജ് വാദി പാര്‍ട്ടി 142 സീറ്റുകളുമായി രണ്ടാം സ്ഥാനത്തെത്തും എന്നാണ് പ്രവചനം. യു പി തിരഞ്ഞെടുപ്പ് ജനാധിപത്യത്തിന്റെ അവസാന പോരാട്ടമാണെന്ന് ഞാന്‍ പലപ്പോഴും പറഞ്ഞിട്ടുണ്ട്. അതിനുശേഷം മാത്രമേ നമുക്ക് നമ്മുടെ സ്വാതന്ത്ര്യത്തിനായി പോരാടാന്‍ കഴിയൂ.

കോടതിയില്‍ പോകേണ്ടി വന്നാല്‍ ഞങ്ങള്‍ അത് ചെയ്യും, പക്ഷേ നിങ്ങളോടും സമാന ചിന്താഗതിക്കാരായ എല്ലാവരോടും ഞാന്‍ അപേക്ഷിക്കുന്നു. ജനാധിപത്യം സംരക്ഷിക്കാന്‍ ആഗ്രഹിക്കുന്ന ആളുകള്‍ പുറത്തു വന്ന് സഹായിക്കണം,'' അഖിലേഷ് യാദവ് പറഞ്ഞു. പ്രാദേശിക സ്ഥാനാര്‍ത്ഥികള്‍ക്ക് ഒരു വിവരവും നല്‍കാതെയാണ് വാരണാസി ജില്ലാ മജിസ്ട്രേറ്റ് (ഡി എം) ഇ വി എമ്മുകള്‍ കൊണ്ടുപോകുന്നതെന്ന് എസ് പി മേധാവി ആരോപിച്ചു. ഇത് പരിശോധിക്കണമെന്നും അദ്ദേഹം തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു.

വാരണാസിയില്‍ ഇ വി എമ്മുകള്‍ പിടിക്കപ്പെട്ടെന്ന വാര്‍ത്ത യു പിയിലെ എല്ലാ മണ്ഡലങ്ങളിലും ജാഗ്രത പാലിക്കാനുള്ള സന്ദേശമാണ് നല്‍കുന്നതെന്ന് അഖിലേഷ് യാദവ് ട്വിറ്ററില്‍ കുറിച്ചു. വോട്ടെണ്ണലില്‍ കൃത്രിമം കാണിക്കാനുള്ള ശ്രമം തടയാന്‍ എസ്പി സഖ്യത്തിന്റെ എല്ലാ സ്ഥാനാര്‍ത്ഥികളും അനുഭാവികളും ക്യാമറയുമായി സജ്ജരായിരിക്കണം. യുവജനങ്ങളുടെ ജനാധിപത്യവും ഭാവിയും സംരക്ഷിക്കാന്‍ വോട്ടെണ്ണലില്‍ പടയാളികളാവുക, അഖിലേഷ് യാദവ് പറഞ്ഞു. അതേസമയം, യുപി തിരഞ്ഞെടുപ്പില്‍ ബിജെപിക്കും സഖ്യകക്ഷികള്‍ക്കും വിജയം പ്രവചിച്ച നിരവധി എക്സിറ്റ് പോളുകള്‍ക്ക് ശേഷം, എക്സിറ്റ് പോളുകള്‍ ബിജെപി വിജയിക്കുന്നു എന്ന ധാരണ സൃഷ്ടിക്കാന്‍ മാത്രമേ ആഗ്രഹിക്കുന്നുള്ളൂവെന്ന് എസ്പി മേധാവി പറഞ്ഞു.

'സമാജ്വാദി പാര്‍ട്ടി അയോധ്യയില്‍ വിജയിക്കുന്നു, അതുകൊണ്ടാണ് ബി.ജെ.പി ഭയക്കുന്നത്. എക്സിറ്റ് പോളുകള്‍ ബി ജെ പി വിജയിക്കുമെന്ന ധാരണ സൃഷ്ടിക്കാന്‍ ആഗ്രഹിക്കുന്നു. ഇത് ജനാധിപത്യത്തിനായുള്ള അവസാന പോരാട്ടമാണ്,' അഖിലേഷ് യാദവ് കൂട്ടിച്ചേര്‍ത്തു. ഏഴ് ഘട്ടങ്ങളിലായിട്ട് നടന്ന യു പി തെരഞ്ഞെടുപ്പ് തിങ്കളാഴ്ചയാണ് അവസാനിച്ചത്. മാര്‍ച്ച് 10 നാണ് ഫലപ്രഖ്യാപനം












Click it and Unblock the Notifications