യുപിയില്‍ കനയ്യ കുമാറിന് നേരെ മഷിയേറ്; ആസിഡ് എന്ന് കോണ്‍ഗ്രസ് നേതാക്കള്‍
ലഖ്‌നൗ: ഉത്തര്‍ പ്രദേശില്‍ കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയ ജെഎന്‍യു മുന്‍ വിദ്യാര്‍ഥി നേതാവ് കനയ്യ കുമാറിന് നേരെ അതിക്രമം. ലഖ്‌നൗവിലെ കോണ്‍ഗ്രസ് ഓഫീസിലെത്തിയ കനയ്യക്ക് നേരെ ഒരാള്‍ മഷിയെറിഞ്ഞു. മഷിയല്ല ആസിഡ് ആണ് എറിഞ്ഞതെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു. കനയ്യയുടെ ദേഹത്ത് മഷി തെറിച്ചില്ല. എന്നാല്‍ സമീപത്ത് നിന്നിരുന്ന ചില യുവാക്കളുടെ ദേഹത്ത് മഷി വീണു. അക്രമിയെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പിടികൂടി. ഇയാളുടെ വിവരങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല.
ലഖ്‌നൗലില്‍ വീടുകള്‍ കയറിയുള്ള പ്രചാരണത്തിന് കോണ്‍ഗ്രസ് തുടക്കമിടുകയാണ്. ഇതിന്റെ ഭാഗമായി ലഖ്‌നൗവിലെത്തിയതായിരുന്നു കനയ്യ കുമാര്‍. ഉത്തര്‍ പ്രദേശില്‍ പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തില്‍ വന്‍ പ്രചാരണമാണ് കോണ്‍ഗ്രസ് നടത്തുന്നതെന്ന് കനയ്യ പറഞ്ഞു.

ജനങ്ങള്‍ പ്രതിസന്ധി നേരിട്ട വേളയിലെല്ലാം കോണ്‍ഗ്രസ് നീതി തേടി തെരുവിലുണ്ടായിരുന്നു. ഹത്രാസ് പീഡനം, ഉന്നാവോ സംഭവം, ലഖിംപുര്‍ ഖേരിയില്‍ കര്‍ഷകര്‍ കൊല്ലപ്പെട്ട സംഭവം എന്നിവയിലെല്ലാം കോണ്‍ഗ്രസ് പ്രതിഷേധവുമായി ജനങ്ങള്‍ക്കൊപ്പമുണ്ടായിരുന്നു. ബിജെപി രാജ്യത്തെ കെട്ടിപ്പടുക്കുന്നില്ല എന്ന് മാത്രമല്ല, അവര്‍ രാജ്യത്തെ വില്‍ക്കുക കൂടിയാണ് ചെയ്യുന്നത്. കോണ്‍ഗ്രസ് ആണ് രാജ്യം കെട്ടിപ്പടുത്തത്. രാജ്യത്തെ നശിപ്പിക്കുന്നവരില്‍ നിന്ന് ജനങ്ങളെ രക്ഷിക്കാന്‍ കോണ്‍ഗ്രസ് എപ്പോഴുമുണ്ടാകുമെന്നും കനയ്യ കുമാര്‍ പറഞ്ഞു.
നേരത്തെ മധ്യപ്രദേശിലും കനയ്യ കുമാറിന് നേരെ മഷിയേറ് നടന്നിരുന്നു. 2018ല്‍ ഒരു പ്രതിഷേധ പരിപാടിക്ക് എത്തിയപ്പോഴായിരുന്നു ഇത്. ഗ്വാളിയോറില്‍ ഗുജറാത്തിലെ എംഎല്‍എ ജിഗ്നേഷ് മേവാനിയും കനയ്യ കുമാറും ഒരുമിച്ച് പങ്കെടുത്ത പരിപാടി നടന്നിരുന്നു. സംവിധാന്‍ ബച്ചാവോ എന്ന പ്രതിഷേധ പരിപാടിയുടെ ഭാഗമായി നടന്ന സെമിനാറില്‍ പങ്കെടുക്കാന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ഭവനില്‍ എത്തിയ വേളയിലായിരുന്നു മഷിയേറ്. ഹിന്ദു സേന പ്രവര്‍ത്തകനായിരുന്ന മുകേഷ് പാല്‍ ആണ് സംഭവത്തില്‍ പിടിയിലായത്.
അതേസമയം, കേന്ദ്ര അന്വേഷണ ഏജന്‍സിയായ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് (ഇഡി) ജോയന്റ് ഡയറക്ടര്‍ രാജേശ്വര്‍ സിങ് സര്‍വീസില്‍ നിന്ന് സ്വമേധയാ വിരമിച്ചു. ഉത്തര്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിയായി മല്‍സരിക്കാന്‍ വേണ്ടിയാണ് വിരമിക്കല്‍. വിആര്‍എസിനുള്ള തന്റെ അപേക്ഷ കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചു. ഉത്തര്‍ പ്രദേശ് തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാനാണ് ഇദ്ദേഹം വിആര്‍എസ് എടുത്തതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. സഹാറന്‍പൂരില്‍ മല്‍സരിച്ചേക്കും. 2ജി സ്‌പെക്ട്രം, കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതി, കോണ്‍ഗ്രസ് നേതാവ് പി ചിദംബരം, മകന്‍ കാര്‍ത്തി ചിദംബരം എന്നിവര്‍ക്കെതിരായ കള്ളപ്പണ കേസ്, ആന്ധ്ര മുഖ്യമന്ത്രി വൈഎസ് ജഗന്‍മോഹന്‍ റെഡ്ഡി, ജാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി മധുകോഡ എന്നിവര്‍ക്കെതിരായ കേസ്, എയര്‍സെല്‍ മാക്‌സിസ് കേസ്, വിവിഐപി ഹെലികോപ്റ്റര്‍ കേസ് എന്നിവയുടെ അന്വേഷണത്തില്‍ പ്രധാന ഓഫീസറായിരുന്നു രാജേശ്വര്‍ റാവു.












Click it and Unblock the Notifications