രാജ്‌നാഥ് സിംഗിന്റെ മകന് സീറ്റ്, എനിക്ക് നിങ്ങളെ മനസിലാകുന്നില്ല; 'പരിവാര്‍വാദ'ത്തില്‍ ബിജെപിയോട് മായങ്ക് ജോഷി
ലഖ്‌നൗ: ബി ജെ പിയുടെ പരിവാര്‍ വാദി ആരോപണങ്ങളില്‍ മറുപടിയുമായി റീത്ത ബഹുഗുണ ജോഷിയുടെ മകന്‍ മായങ്ക് ബഹുഗുണ. രാജവംശ രാഷ്ട്രീയത്തെ എതിര്‍ക്കുന്ന ബി ജെ പിയുടെ നിലപാട് മിഥ്യയാണെന്ന് മായങ്ക് ബഹുഗുണ. പറഞ്ഞു. പാര്‍ട്ടി തനിക്ക് ടിക്കറ്റ് നല്‍കിയില്ലെന്നും എന്നാല്‍ രാജ്നാഥ് സിംഗിന്റെ മകന് പാര്‍ട്ടി ടിക്കറ്റ് ലഭിച്ചെന്നും അദ്ദേഹം ആരോപിച്ചു. ഇന്ത്യ ടുഡേയ്ക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 'പരിവാര്‍വാദ'മെന്ന ബി ജെ പിയുടെ സ്റ്റാന്‍ഡേര്‍ഡ് എനിക്ക് മനസ്സിലാകുന്നില്ല.
എന്തടിസ്ഥാനത്തിലാണ് രാജ്നാഥ് സിങ്ങിന്റെ മകന് ടിക്കറ്റ് ലഭിക്കുക, ഫാഗു ചൗഹാന്റെ മകന് ടിക്കറ്റ് ലഭിക്കുക, എന്നാല്‍ റീത്ത ബഹുഗുണ ജോഷിയുടെ മകന് ടിക്കറ്റ് ലഭിക്കാതിരിക്കുക, അദ്ദേഹം പറഞ്ഞു. 13 വര്‍ഷം താന്‍ ബി ജെ പിയില്‍ പ്രവര്‍ത്തിച്ചെന്നും എന്നാല്‍ തിരിച്ചൊന്നും ലഭിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. 'ഞാന്‍ 13 വര്‍ഷം ബി ജെ പിയില്‍ ചെലവഴിച്ചു, പക്ഷേ പാര്‍ട്ടി എനിക്ക് ഒന്നും തന്നിട്ടില്ല. ഒരു തരത്തില്‍ പാര്‍ട്ടി തനിക്കൊന്നും നല്‍കാത്തത് നല്ലതാണ്. ഇപ്പോള്‍, ഞാന്‍ സംതൃപ്തനാണ്, യുവാക്കള്‍ക്ക് സമാജ്വാദി പാര്‍ട്ടിയില്‍ ഭാവിയുണ്ടെന്ന് ഞാന്‍ കരുതുന്നു.

ഞാന്‍ സന്തോഷവാനാണ്. ഏറ്റവും പുരോഗമന പാര്‍ട്ടിയാണ് സമാജ് വാദി പാര്‍ട്ടിയെന്നും അദ്ദേഹം പറഞ്ഞു. തന്റെ അമ്മ റീത്ത ബഹുഗുണ ജോഷി ഇപ്പോള്‍ രാഷ്ട്രീയത്തില്‍ നിന്നുള്ള വിരമിക്കല്‍ പാതയിലാണെന്നും അദ്ദേഹം പറഞ്ഞു. 'എന്റെ അമ്മ ഇപ്പോള്‍ രാഷ്ട്രീയത്തില്‍ നിന്ന് വിരമിച്ചു, കാരണം അവര്‍ക്ക് 73 വയസ്സായി. അടുത്ത തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്നും പുസ്തകങ്ങള്‍ എഴുതുമെന്നും ഓര്‍മ്മക്കുറിപ്പുകള്‍ എഴുതുമെന്നും അവര്‍ ഇതിനകം പറഞ്ഞിട്ടുണ്ട്, അദ്ദേഹം പറഞ്ഞു. അടുത്തിടെയാണ് മായങ്ക് ജോഷി സമാജ് വാദി പാര്‍ട്ടിയില്‍ ചേര്‍ന്നത്.

മകന് ബി ജെ പി സീറ്റ് നല്‍കാനായി റീത്ത ബഹുഗുണ ജോഷി അവസാന നിമിഷം വരെ നിരന്തരം ശ്രമിച്ചിരുന്നു. ഒരു കുടുംബത്തില്‍നിന്ന് ഒരാള്‍ക്ക് അവസരം എന്ന നിബന്ധന വെക്കുകയാണെങ്കില്‍ മകന് വേണ്ടി ലോക്‌സഭാ അംഗത്വം രാജിവെക്കാന്‍ തയാറാണെന്ന് എം പിയും യു പിയിലെ മുതിര്‍ന്ന ബി ജെ പി നേതാവുമായ റീത്ത ബഹുഗുണ ജോഷി പറഞ്ഞിരുന്നു. യു പി നിയമസഭ തെരഞ്ഞെടുപ്പില്‍ മായങ്ക് ജോഷിക്ക് സീറ്റ് നല്‍കാനായിരുന്നു റീത്തയുടെ ശ്രമം. അലഹാബാദില്‍ നിന്നുള്ള ലോക്‌സഭ എം പിയാണ് റീത്ത ബഹുഗുണ ജോഷി.

യു പി തെരഞ്ഞെടുപ്പില്‍ ലഖ്‌നൗ കന്റോണ്‍മെന്റ് സീറ്റില്‍നിന്ന് മായങ്ക് ജോഷിയെ മത്സരിപ്പിക്കണമെന്നായിരുന്നു റീത്ത ആവശ്യപ്പെട്ടിരുന്നത്. ഇതിനായി റീത്ത ബി ജെ പി തലവന്‍ ജെ പി നദ്ദക്ക് കത്തെഴുതുകയും ചെയ്തിരുന്നു. 2009 മുതല്‍ മകന്‍ പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നുവെന്നും ലഖ്‌നൗ കന്റോണ്‍മെന്റ് സീറ്റ് അവന് അവകാശപ്പെട്ടതാണന്നെും റീത്ത പറഞ്ഞിരുന്നു. പക്ഷേ ഒരു കുടുംബത്തിലെ ഒരാള്‍ക്കാണ് പാര്‍ട്ടി ടിക്കറ്റ് നല്‍കുവെന്നാണ് തീരുമാനമെങ്കില്‍, മായങ്കിന് സീറ്റ് ലഭിക്കാന്‍ താന്‍ ലോക്‌സഭാംഗത്വം രാജിവെക്കാന്‍ തയാറാണെന്ന് എന്നായിരുന്നു റീത്ത ബഹുഗുണ ജോഷി മാധ്യമങ്ങളോട് പറഞ്ഞത്.

ഏഴ് ഘട്ടങ്ങളിലായി നടക്കുന്ന യു പി തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടമാണ് ഇന്ന് നടക്കുന്നത്. 403 നിയമസഭ മണ്ഡലങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ്. ഫെബ്രുവരി പത്തിനായിരുന്നു ആദ്യ ഘട്ട വോട്ടെടുപ്പ് ആരംഭിച്ചത്. മാര്‍ച്ച് 10ന് വോട്ടെണ്ണും. ഉത്തര്‍പ്രദേശിനെ കൂടാതെ പഞ്ചാബ്, ഉത്തരാഖണ്ഡ്, മണിപ്പൂര്‍, ഗോവ എന്നിവിടങ്ങളിലും വോട്ടെണ്ണല്‍ അതേ ദിവസമാണ്.












Click it and Unblock the Notifications