യുപി അങ്കം: ജയിലില്‍ നിന്നും നാമനിർദേശ പത്രിക സമർപ്പിച്ച് എസ്പി നേതാവ് മുഹമ്മദ് അസം ഖാൻ
ലഖ്നൗ: ജയിലില്‍ നിന്നും നാമനിർദേശ പത്രിക സമർപ്പിച്ച് രാംപൂരിൽ നിന്നുള്ള സമാജ്‌വാദി പാർട്ടി എംപി മുഹമ്മദ് അസം ഖാൻ. നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനുള്ള പത്രിക ജയിലില്‍ നിന്നും സമർപ്പിക്കാനുള്ള അനുമതി കഴിഞ്ഞ ദിവസം കോടതി അസംഖാന് നല്‍കിയിരുന്നു. കോടതി ഉത്തരവ് പ്രകാരം റിട്ടേണിംഗ് ഓഫീസർ സീതാപൂർ ജയിലിൽ എത്തി നടപടിക്രമങ്ങളെല്ലാം പൂർത്തിയാക്കിയതായി ജയിൽ ഓഫീസർ ആർ എസ് യാദവ് വ്യക്തമാക്കി. രാംപൂർ ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിലായി 100-ഓളം കേസുകളാണ് അസംഖാനെതിരെ രജിസ്റ്റർ ചെയ്തിട്ടുള്ളത്. മിക്ക കേസുകളിലും കോടതി ജാമ്യം അനുവദിച്ചിട്ടുണ്ടെങ്കിലും കഴിഞ്ഞ 23 മാസമായി ജയിലില്‍ കഴിയുകയാണ് എസ്പി എംപി.
സിറ്റി അസംബ്ലി സീറ്റിലെ സ്ഥാനാർത്ഥിയായിയായിട്ടാണ് എസ്പി അസംഖാനെ പ്രഖ്യാപിച്ചിരിക്കുന്നത്. അസംഖാന്റെ മകനായ അബ്ദുള്ള അസമിനെ രാംപൂരിലെ സുവാർ മണ്ഡലത്തിൽ നിന്നുള്ള സ്ഥാനാർത്ഥിയായും എസ്പി പ്രഖ്യാപിച്ചിട്ടുണ്ട്. നവാബ് കാസിം അലി കോൺഗ്രസ് ടിക്കറ്റിൽ രാംപൂരിൽ നിന്ന് അസംഖാനെതിരെ മത്സരിക്കുമ്പോൾ അദ്ദേഹത്തിന്റെ മകൻ ഹൈദർ അലി ഖാൻ ബി ജെ പി സഖ്യകക്ഷിയായ അപ്നാ ദൾ ടിക്കറ്റിൽ അബ്ദുല്ല അസമിനെ സ്വാർ സീറ്റിൽ നിന്ന് മത്സരിക്കുന്നുവെന്ന പ്രത്യേകതയും ഇത്തവണയുണ്ട്.

യു പിയിൽ വീണ്ടും അധികാരത്തിലെത്താൻ സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് ആഗ്രഹിക്കുന്നില്ലെന്നും അതിനാലാണ് അദ്ദേഹം ഇപ്പോഴും ജയിലില്‍ കഴിയുന്ന അസം ഖാനെയും സീതാപൂർ ജയിലിൽ നിന്ന് അടുത്തിടെ മാത്രം ജാമ്യത്തിൽ പുറത്തിറങ്ങിയ മകൻ അബ്ദുല്ല അസമിനെയും ആശ്രയിക്കുന്നതെന്ന വിമർശനവും ഇതിനോടകം തന്നെ ഉയർന്ന് കഴിഞ്ഞിട്ടുണ്ട്. ഏഴ് ഘട്ടങ്ങളായി വോട്ടെടുപ്പ് നടക്കുന്ന ഉത്തർപ്രദേശിൽ, ഫെബ്രുവരി 10 ന് ആദ്യ ഘട്ടത്തിൽ സംസ്ഥാനത്തിന്റെ പടിഞ്ഞാറൻ മേഖലയിലെ 11 ജില്ലകളിലെ 58 സീറ്റുകളാണ് പോളിങ് ബൂത്തിലേക്ക് പോവുന്നത്. ഫെബ്രുവരി 14 നാണ് രണ്ടാം ഘട്ടം. മൂന്നാം ഘട്ടത്തിൽ 59 സീറ്റുകളിലേക്കും ഫെബ്രുവരി 23 ന് നാലാം ഘട്ടത്തിൽ 60 സീറ്റുകളിലേക്കും ഫെബ്രുവരി 27 ന് അഞ്ചാം ഘട്ടത്തിൽ 60 സീറ്റുകളിലേക്കും മാർച്ച് 3 ന് ആറാം ഘട്ടത്തിൽ 57 സീറ്റുകളിലേക്കും മാർച്ചിൽ ഏഴാം ഘട്ടത്തിൽ 54 സീറ്റുകളിലേക്കും വോട്ടെടുപ്പ് നടക്കും.












Click it and Unblock the Notifications