മാലിന്യങ്ങളിൽ പോലും ഇവിഎം തിരഞ്ഞ് എസ്.പി പ്രവർത്തകർ, ട്വിറ്ററിൽ ദൃശ്യങ്ങൾ പ്രചരിക്കുന്നു
ലഖ്‌നൗ: ഉത്തർപ്രദേശിൽ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ മാലിന്യങ്ങളിൽ പോലും ഇവിഎം മെഷീനുകൾ പരതി സമാജ്‌വാദി പ്രവർത്തകർ. മാലിന്യങ്ങളുമായി പോകുന്ന വാഹനത്തെ തടഞ്ഞു നിർത്തി ഇലക്‌ട്രോണിക് വോട്ടിങ് മെഷീനുകൾ അന്വേഷിക്കുന്ന പാർട്ടി പ്രവർത്തകരുടെ ദൃശ്യങ്ങളാണ് ട്വിറ്ററിൽ പ്രചരിക്കുന്നത്. കഴിഞ്ഞ ദിവസം മുതൽ ഇവിഎം മെഷീനുകളിലെ ക്രമക്കേടുകൾ നടക്കുന്നുവെന്ന് സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് ആരോപണം ഉന്നയിച്ചിരുന്നു. കഴിഞ്ഞ ദിവസം രാത്രിയിൽ എസ്.പി പ്രവർത്തകർ ഇവിഎം മെഷീനുകൾക്ക് കാവൽ നിന്നിരുന്നു.
വാരാണസിയിൽ ഇവിഎം മെഷീനുകൾ ട്രക്കുകളിലായി കൊണ്ടുപോകുന്ന സംഭവം വിവാദമായിരുന്നു. ഇവിഎം മെഷീനുകൾ ഒരു പ്രദേശത്ത് നിന്ന് മറ്റൊരു ഇടത്തേക്ക് കൊണ്ടുപോകുന്നതിനായുള്ള നടപടി ക്രമങ്ങൾ ഉദ്യോഗസ്ഥർ പാലിച്ചില്ലെന്നും ഉദ്യോഗസ്ഥരുടെ ഈ വിചിത്രമായ തീരുമാനത്തിൽ
ദുരൂഹതയുണ്ടെന്നുമായിരുന്നു അഖിലേഷ് യാദവിന്‍റെ ആരോപണം. മണ്ഡലത്തിലെ സ്ഥാനാർഥികളെ പോലും അറിയിക്കാതെയാണ് അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് ഇലക്‌ട്രോണിക് വോട്ടിങ് മെഷീനുകൾ കൊണ്ടുപോയത്. വിഷയത്തിൽ തെരഞ്ഞെടുപ്പ് കമ്മിഷൻ ഇടപെടണമെന്ന് അഖിലേഷ് യാദവ് അഭ്യർഥിച്ചിരുന്നു.

അഖിലേഷ് യാദവിന്‍റെ ആരോപണങ്ങളെ ശരിവക്കുന്ന വീഡിയോ ദൃശ്യങ്ങളും സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ട്രക്കുകളിലായി ഇവിഎം മെഷീനുകൾ കൊണ്ടുപോകുന്ന ദൃശ്യങ്ങളാണ് വൈറലായത്.
गोरखपुर : कूड़ा गाड़ी में EVM मशीन खोजते सपा कार्यकर्ता #UPElection2022 pic.twitter.com/u4tgbKHtHO
— News24 (@news24tvchannel) March 9, 2022
അഖിലേഷ് യാദവിന്‍റെ ആരോപണങ്ങളെ തുടർന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്തിട്ടുണ്ട്. ഇവിഎം മെഷീനുകൾ കൊണ്ടുപോകുമ്പോൾ പാലിക്കേണ്ട ക്രമങ്ങൾ അവഗണിച്ചെന്ന് ചൂണ്ടിക്കാട്ടി വാരാണസി അഡീഷണൽ ഡിസ്‌ട്രിക്‌റ്റ് മജിസ്‌ട്രേറ്റിനെ സസ്‌പെൻഡ് ചെയ്‌തു. വോട്ടെണ്ണൽ നടക്കുന്ന സ്ഥലത്തേക്ക് ഉദ്യോഗസ്ഥന് പോകുന്നതിന് വിലക്ക് ഏർപ്പെടുത്തിയെന്നും അഡീഷണൽ ഡിസ്‌ട്രിക്‌റ്റ് മജിസ്‌ട്രേറ്റ് (ഫിനാൻസ് റവന്യു) സജ്ജയ് കുമാറിനെ നോഡൽ ഓഫീസർ ആയി ചുമതലപ്പെടുത്തിയെന്നും ഡിസ്‌ട്രിക്‌റ്റ് മജിസ്ട്രേറ്റ് കൗശൽ രാജ് ശർമ പറഞ്ഞു.
കൂടാതെ സോൻഭദ്ര ജില്ലയിലെ റിട്ടേണിങ് ഓഫീസർ, ബരേലിയിലെ അഡീഷണൽ ഇലക്ഷൻ ഓഫീസർ എന്നിവരെ ഇലക്ഷൻ ഡ്യൂട്ടിയിൽ നിന്ന് മാറ്റിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ നിർദേശത്തെ തുടർന്നാണ് ഇവർക്കെതിരെയുള്ള നടപടിയെന്നും ജില്ലാ മജിസ്‌ട്രേറ്റ് കൗശൽ രാജ് ശർമ പറഞ്ഞു. അതേ സമയം ഉദ്യോഗസ്ഥർക്ക് പരിശീലനത്തിനായി കൊണ്ടുപോകുന്ന ഇവിഎം ആയിരുന്നു ഇതെന്നും തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ വിശദീകരിച്ചു.
വോട്ടെണ്ണൽ ആരംഭിച്ച ഘട്ടത്തിൽ പാർട്ടി പ്രവർത്തകർക്കും വോട്ടർമാർക്കും അഖിലേഷ് യാദവ് നന്ദി അറിയിച്ചിരുന്നു. കൗണ്ടറുകളിൽ കാവൽ നിന്ന പാർട്ടി പ്രവർത്തകരെ ജനാധിപത്യത്തിന്‍റെ ശിപായികൾ എന്നായിരുന്നു അദ്ദേഹം വിശേഷിപ്പിച്ചത്. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.












Click it and Unblock the Notifications