ഉത്തർപ്രദേശ് കോൺഗ്രസിൽ കൂട്ടരാജി: പാർട്ടി വിട്ടത് രണ്ട് മുതിർന്ന നേതാക്കൾ, സംസ്ഥാന നേതൃത്വത്തിന് രൂക്ഷവിമർശനം
ലഖ്നൊ: ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം അവശേഷിക്കുമ്പോൾ ഉത്തർപ്രദേശിൽ കോൺഗ്രസിനുള്ളിൽ അസ്വാരസ്യങ്ങൾ. പഞ്ചാബിലും ചത്തീസ്ഗഡിലും കോൺഗ്രസിൽ അസ്വാരസ്യങ്ങൾ രൂക്ഷമായിത്തുടരുന്ന സാഹചര്യത്തിലാണ് ഉത്തർപ്രദേശിലും പ്രതിസന്ധി രൂക്ഷമായിട്ടുള്ളത്. യുപി കോൺഗ്രസ് നേതൃത്വത്തിനെ ഗുരുതര ആരോപണങ്ങളുന്നയിച്ചുകൊണ്ടാണ് രാജി.

മുതിർന്നവരും വിശ്വസ്തരുമായ കോൺഗ്രസ് നേതാക്കളെ അവഗണിക്കുന്നുവെന്ന് ആരോപിച്ചാണ് ഉത്തർപ്രദേശിൽ നിന്നുള്ള രണ്ട് മുതിർന്ന അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റി പാർട്ടി പ്രാഥമിക അംഗത്വത്തിൽ നിന്ന് രാജിവച്ചിട്ടുള്ളത്. ശൈലേന്ദ്ര സിംഗും രാജേഷ് സിംഗും ഞായറാഴ്ച രാജിക്കത്ത് പാർട്ടി ഉത്തർപ്രദേശ് യൂണിറ്റ് പ്രസിഡന്റ് അജയ് കുമാർ ലല്ലുവിന് അയച്ചിട്ടുള്ളത്.

കോൺഗ്രസ് നിന്ന് രാജി വെക്കാനുള്ള തങ്ങളുടെ തീരുമാനത്തെക്കുറിച്ച് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെയും രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും അറിയിച്ചതായി ഇരു നേതാക്കളും പറഞ്ഞു. ഉത്തർപ്രദേശ് കോൺഗ്രസ് അധ്യക്ഷനായി ലല്ലു അധികാരമേറ്റതിന് ശേഷം വിശ്വസ്തരും പഴയകാല കോൺഗ്രസുകാരും അവഗണിക്കപ്പെട്ടുവെന്നും അതിനാലാണ് അർപ്പണബോധമുള്ള നേതാക്കൾ പാർട്ടി വിടുന്നതെന്നുമായിരുന്നു ശൈലേന്ദ്ര സിംഗ് മാധ്യമ പ്രവർത്തകരോട് പ്രതികരിച്ചത്. യുപിസിസി പ്രസിഡന്റ് ലല്ലുവിനെ ലക്ഷ്യമിട്ടുള്ള പരാമർശങ്ങളാണ് രാജിക്ക് ശേഷം ഉയർന്നുവന്നിട്ടുള്ളത്.

ഉത്തർപ്രദേശിലെ കോൺഗ്രസിനുള്ളിലെ അവസ്ഥയെക്കുറിച്ച് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെ പലതവണ അറിയിച്ചിരുന്നെങ്കിലും അവർ ഒരു നടപടിയും സ്വീകരിച്ചില്ലെന്നും ശൈലേന്ദ്ര കുറ്റപ്പെടുത്തുന്നുണ്ട്. അത്തരമൊരു സാഹചര്യത്തിൽ, കോൺഗ്രസിൽ നിന്ന് രാജിവയ്ക്കുകയല്ലാതെ മറ്റ് മാർഗമില്ലായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞ 15 വർഷമായി താൻ പൊതുസേവനത്തിലും കോൺഗ്രസ് സംഘടനയിലും സജീവമാണെന്ന് രാജി കത്തിൽ ശൈലേന്ദ്ര സിംഗ് പറഞ്ഞു. അദ്ദേഹം നിലവിൽ ഉത്തർപ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ ജോയിന്റ് ഇൻചാർജും എഐസിസിയുടെ നാമനിർദ്ദേശം ചെയ്യപ്പെട്ട അംഗവുമാണ്.

വിദ്യാർത്ഥിയായിരുന്ന കാലം മുതൽ താൻ കോൺഗ്രസിന്റെ സജീവ അംഗമായിരുന്നുവെന്നും കഴിഞ്ഞ 25 വർഷമായി എൻഎസ്‌യുഐ, യൂത്ത് കോൺഗ്രസ്, ഉത്തർപ്രദേശ് കോൺഗ്രസ് കമ്മിറ്റി എന്നിവയിൽ വിവിധ പദവികൾ വഹിച്ചിരുന്നതായും രാജേഷ് സിംഗ് പറഞ്ഞു. താൻ എഐസിസി അംഗമായി തിരഞ്ഞെടുക്കപ്പെട്ടെങ്കിലും കോൺഗ്രസിന്റെ ഇപ്പോഴത്തെ ചുറ്റുപാടുകളും പഴയ കോൺഗ്രസ് അംഗങ്ങളുടെ അവഗണനയും കാരണം രാജിവയ്ക്കുകയാണെന്ന് അദ്ദേഹം തന്റെ കത്തിൽ പറഞ്ഞു.

കോൺഗ്രസിൽ നിന്ന് രാജിവെച്ച രണ്ട് നേതാക്കളും ഉന്നയിച്ച ആരോപണങ്ങൾക്ക് വിശദീകരണവുമായി കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അലഹാബാദിന്റെ ചുമതലയുള്ള രാഘവേന്ദ്ര പ്രതാപ് സിംഗ് രംഗത്തെത്തിയിട്ടുണ്ട്. പ്രിയങ്കാ ഗാന്ധിയുടേയും ലല്ലുവിന്റെയും നേൃത്വത്തിൽ കോൺഗ്രസിനെ ബൂത്ത് തലം മുതൽ ശക്തിപ്പെടുത്താനുള്ള പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്ന് പറഞ്ഞു. അതേ സമയം ഇരുവർക്കും സംസ്ഥാന നേതൃത്വവുമായി തർക്കമുണ്ടെന്ന് പാർട്ടി ജില്ലാ പ്രസിഡന്റ് ഓം പ്രകാശ് പാണ്ഡെ പറഞ്ഞു.

2022ലെ ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പോരാട്ടം ശക്തമാക്കാനും സംസ്ഥാനത്ത് അധികാരമുറപ്പിക്കാനും കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയുടെ നേതൃത്വത്തിൽ അധികസമയം പ്രവർത്തിച്ച് വരികയാണ്. എന്നാൽ സ്വാതന്ത്ര്യത്തിന് ശേഷം ഏറെക്കാലം ഇന്ത്യ ഭരിച്ച കോൺഗ്രസിന് തിരിച്ചടിയാവുന്നതാണ് രണ്ട് നേതാക്കളുടെ രാജി.

നേരത്തെ ബ്രാഹ്മണർക്കിടയിൽ നിർണ്ണായക സ്വാധീനമുള്ള പ്രസാദ അടുത്തിടെ രാജിവച്ച് ബിജെപിയിൽ ചേർന്നിരുന്നു. യുപിസിസി മുൻ പ്രസിഡന്റ് റീത്ത ബഹുഗുവാ ജോഷി കോൺഗ്രസ് വിട്ട് യോഗി ആദിത്യനാഥ് സർക്കാരിൽ മന്ത്രിയും പിന്നീട് പ്രയാഗ് രാജിൽ നിന്നുള്ള ബിജെപി എംപിയുമായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.












Click it and Unblock the Notifications