വിവാഹസമ്മാനമായി സഹോദരിക്ക് മോതിരവും ടിവിയും; ഭാര്യയ്ക്ക് ഇഷ്ടമായില്ല, യുവാവിനെ അടിച്ചുകൊന്നു
ബാരാബങ്കി: ഉത്തർപ്രദേശിൽ വിവാഹ സമ്മാനമായി സഹോദരിക്ക് സമ്മാനം നൽകുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ തർക്കത്തിൽ യുവാവിനെ ഭാര്യയുടെ ബന്ധുക്കൾ മർദ്ദിച്ച് കൊലപ്പെടുത്തി. സഹോദരിയുടെ വിവാഹത്തിന് സ്വർണ്ണമോതിരവും ടെലിവിഷനും സമ്മാനിക്കാനുള്ള ചന്ദ്രപ്രകാശ് മിശ്രയുടെ തീരുമാനം ഭാര്യയ്ക്ക് ഇഷ്ടമായില്ല. ഇതിന് പിന്നാലെയാണ് സംഭവം. ബരാബങ്കി ജില്ലയ്ക്ക് സമീപമുള്ള ഗ്രാമത്തിലാണ് സംഭവം നടന്നത്.
എൻഡിടിവി റിപ്പോർട്ട് അനുസരിച്ച്, 35 കാരനായ ചന്ദ്രപ്രകാശ് മിശ്ര തൻ്റെ സഹോദരിക്ക് ഒരു സ്വർണ്ണ മോതിരവും ടെലിവിഷനും സമ്മാനിക്കാനാണ് തീരമാനിച്ചത്. ഏപ്രിൽ 26 ന് ആണ് വിവാഹം നിശ്ചയിച്ചിരുന്നത്. ചന്ദ്ര പ്രകാശിന്റെ ഭാര്യ ചാബിക്ക് ഭർത്താവിൻ്റെ തീരുമാനത്തിൽ അതൃപ്തിയുണ്ടായി, ഇത് ദമ്പതികൾക്കിടയിൽ രൂക്ഷമായ തർക്കത്തിലേക്ക് നയിച്ചു.

രോഷാകുലരായ ചാബി തൻ്റെ സഹോദരങ്ങളെ വിളിച്ച് ചന്ദ്രപ്രകാശിനോട് ഇത് ചോദിക്കാൻ പറഞ്ഞു. അവർ ഒരു മണിക്കൂറോളം വടികൊണ്ട് ക്രൂരമായി മർദ്ദിച്ചു, എന്നാണ് റിപ്പോർട്ട് . പരിക്കേറ്റ ചന്ദ്രപ്രകാശിനെ ബന്ധുക്കൾ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരിച്ചു. സംഭവത്തിൽ ചാബിയും സഹോദരന്മാരും ഉൾപ്പെടെ അഞ്ചുപേരെ അറസ്റ്റ് ചെയ്യുകയും കേസെടുക്കുകയും ചെയ്തതായി പോലീസ് പറഞ്ഞു.
"ഞങ്ങൾ പ്രതികളെ അറസ്റ്റ് ചെയ്തു, കൂടുതൽ അന്വേഷണം തുടരുകയാണ്," പോലീസ് പറഞ്ഞു. അതേ സമയം ഈ വർഷം ഫെബ്രുവരിയിൽ, വിവാഹ വാർഷിക സമ്മാനം നൽകാത്തതിൽ പ്രകോപിതയായ ഒരു യുവതി, ബെംഗളൂരുവിൽ അവരുടെ വീട്ടിൽ ഉറങ്ങിക്കിടക്കുമ്പോൾ ഭർത്താവിനെ കുത്തിയ സംഭവം ഉണ്ടായിരുന്നു.
ഫെബ്രുവരി 27 ന് പുലർച്ചെ, വിവാഹ വാർഷിക സമ്മാനം നൽകാത്തതിന് ദമ്പതികൾ തമ്മിൽ തർക്കമുണ്ടായി, 35 കാരിയായ പ്രതി അടുക്കളയിലെ കത്തി ഉപയോഗിച്ച് 37 കാരനായ ഭർത്താവ് കിരണിനെ കുത്തുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. ഉറങ്ങുകയായിരുന്ന കിരൺ
ഭാര്യയുടെ ആക്രമണത്തിൽ ഞെട്ടിയറിഞ്ഞു.
കൂടുതൽ പരിക്കേൽപ്പിക്കുന്നതിന് മുമ്പ് ഭർത്താവ് അവളെ തള്ളിയിട്ടു. പിന്നീട് അയൽവാസികളെ വിവരമറിയിക്കുകയും കൈയ്യിലെ മുറിവ് ചികിത്സിക്കാൻ സ്വകാര്യ ആശുപത്രിയിലെത്തുകയും ചെയ്തു. മാർച്ച് ഒന്നിനാണ് ഇവർക്കെതിരെ ബെല്ലന്തൂർ പോലീസ് കേസെടുത്തത്.
മുത്തച്ഛന്റെ മരണത്തെ തുടർന്ന് വിവാഹ വാർഷികത്തിന് ഒരു ദിവസം മുൻപ് തനിക്ക് സമ്മാനം വാങ്ങാൻ സാധിച്ചില്ലെന്നും ഇത് ഇരുവരും തമ്മിൽ തർക്കത്തിന് കാരണമായെന്നും ഭർത്താവ് പോലീസിനെ അറിയിച്ചു.












Click it and Unblock the Notifications