ഉറി ഭീകരാക്രമണം; പാക്കിസ്ഥാന്‍ ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തി തെളിവുകള്‍ കൈമാറി
ദില്ലി: കശ്മീരിലെ ഉറി സൈനിക കേന്ദ്രത്തിലുണ്ടായ ഭീകരാക്രമണത്തില്‍ ഇന്ത്യ പാക്കിസ്ഥാന് തെളിവുകള്‍ കൈമാറി. ദില്ലിയില്‍ പാക് ഹൈക്കമ്മീഷണര്‍ അബ്ദുല്‍ ബാസിതിനെ വിളിച്ചുവരുത്തിയാണ് ഇന്ത്യ പ്രധാനപ്പെട്ട 5 തെളിവുകള്‍ കൈമാറിയത്. വിദേശകാര്യ സെക്രട്ടറി എസ്.ജയശങ്കറാണ് പാക് ഹൈക്കമ്മിഷണറെ വിളിച്ചുവരുത്തിയത്.
പഠാന്‍കോട്ട് വ്യോമതാവളത്തിലെ ആക്രമണം മുതല്‍ ഈ വര്‍ഷം ഇതുവരെ നിയന്ത്രണ രേഖ ലംഘിച്ചുകയറാന്‍ പലതവണ ഭീകരര്‍ ശ്രമിച്ചതായും ഇന്ത്യ ചൂണ്ടിക്കാട്ടി. പാക്കിസ്ഥാന്‍ ഭീകരത ഇപ്പോഴും പ്രോത്സാഹിപ്പിക്കുന്നു. ഈ നിമിഷംപോലും ഭീകരരും ഇന്ത്യന്‍ സൈന്യവും തമ്മില്‍ രണ്ടിടങ്ങളില്‍ പോരാട്ടം തുടരുകയാണെന്നും ജയശങ്കര്‍ പറഞ്ഞു.

ആക്രമണം നടത്തിയ ഭീകരരുടെ പക്കല്‍ നിന്ന് തെളിവുകള്‍ ഇന്ത്യ കണ്ടെടുത്തിരുന്നു. പാക്കിസ്ഥാനില്‍ നിര്‍മിച്ചിട്ടുള്ള ഭക്ഷണസാധനങ്ങളും ആശയവിനിമയ ഉപകരണങ്ങളടക്കം നിരവധി വസ്തുക്കള്‍ ഇന്ത്യന്‍ സൈനികള്‍ പിടിച്ചെടുത്തിട്ടുണ്ട്. പാക്കിസ്ഥാന്റെ അടയാളങ്ങളുള്ള ഗ്രനേഡുകള്‍, ആശയവിനിമയ സംവിധാനങ്ങള്‍, പാക്ക് നിര്‍മിതമായ മരുന്നുകള്‍, ഭക്ഷണ സാധനങ്ങള്‍ തുടങ്ങിയവയും കണ്ടെടുത്തിരുന്നു.
ഉറി അക്രമണത്തില്‍ കൊല്ലപ്പെട്ട ഭീകരരുടെ ഡി.എന്‍.എ തെളിവടക്കം കൈമാറാന്‍ ഇന്ത്യ തയ്യാറാണെന്നും ഹൈക്കമ്മീഷണറെ അറിയിച്ചു. ഹൈക്കമ്മീഷണര്‍ക്ക് തെളിവ് കൈമാറിയതുമായി ബന്ധപ്പെട്ട് പാക്കിസ്ഥാന്‍ അടുത്ത ദിവസം തന്നെ പ്രതികരിക്കുമെന്നാണ് ഇന്ത്യയുടെ പ്രതീക്ഷ. ഭീകരര്‍ക്കെതിരെ മൃതുസമീപനം കൈക്കൊള്ളുന്ന പാക്കിസ്ഥാനെ രാജ്യാന്തര വേദികളില്‍ ഒറ്റപ്പെടുത്താനാണ് ഇന്ത്യയുടെ തീരുമാനം.












Click it and Unblock the Notifications