സുപ്രീംകോടതി ഇടപെടും മുമ്പ് ഓട്ടയടയ്ക്കാന്‍ യോഗി സര്‍ക്കാര്‍; ലഖീംപൂരില്‍ അന്വേഷണം, വീഡിയോ
ലഖ്‌നൗ/ന്യൂഡല്‍ഹി: ലഖീംപൂരിര്‍ ഖേരിയില്‍ കര്‍ഷകര്‍ക്കെതിരായ ആക്രമണത്തില്‍ സുപ്രീംകോടതി ഇന്ന് വാദം കേള്‍ക്കാനിരിക്കെ ഉത്തര്‍ പ്രദേശ് സര്‍ക്കാരിന്റെ പുതിയ നീക്കം. സംഭവം അന്വേഷിക്കാന്‍ ഏകാംഗ കമ്മീഷനെ നിയോഗിച്ചു. അലഹാബാദ് ഹൈക്കോടതി റിട്ടയേഡ് ജഡ്ജി പ്രദീപ് കുമാര്‍ ശ്രീവാസ്തവയാണ് അന്വേഷിക്കുക. രണ്ടു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കമ്മീഷനോട് നിര്‍ദേശിച്ചുവെന്ന് യുപി ആഭ്യന്തര വകുപ്പ് അറിയിച്ചു.
നാല് കര്‍ഷകര്‍ ഉള്‍പ്പെടെ എട്ട് പേരാണ് സംഭവത്തില്‍ കൊല്ലപ്പെട്ടത്. കര്‍ഷകരുടെ പ്രതിഷേധത്തിന് ഇടയിലേക്ക് വാഹനം ഇടിച്ചുകയറ്റുന്നതും കര്‍ഷകരെ തെറിപ്പിക്കുന്നതും വ്യക്തമാക്കുന്ന പുതിയ വീഡിയോ പുറത്തുവന്നത് ബിജെപിയെ കുരുക്കിയിരിക്കുകയാണ്. കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകന്റെ വാഹനമാണ് കര്‍ഷര്‍ക്കിടയിലേക്ക് ഇടിച്ചുകയറ്റിയത്. എന്നാല്‍ ഈ സംഭവത്തില്‍ ആരെയും അറസ്റ്റ് ചെയ്യാത്തതാണ് പ്രതിഷേധം ശക്തമാകാന്‍ കാരണം.

കമ്മീഷന്‍ രണ്ടു മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കണമെന്നും കാലാവധി നീട്ടുന്ന കാര്യം സര്‍ക്കാര്‍ തീരുമാനിക്കുമെന്നും ഉത്തര്‍ പ്രദേശ് അഡീഷനല്‍ ചീഫ് സെക്രട്ടറി അവനിശ് കുമാര്‍ അവസ്തി പറഞ്ഞു. ഉത്തര്‍ പ്രദേശ് പോലീസിന്റെ നടപടിയില്‍ സംശയമുണ്ടെന്ന് വിവിധ കോണുകളില്‍ നിന്ന് അഭിപ്രായം ഉയര്‍ന്നിരുന്നു. സുപ്രീംകോടതി ഇടപെടണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകര്‍ കത്തയക്കുകയും ചെയ്തു. തുടര്‍ന്നാണ് സംഭവത്തില്‍ സുപ്രീംകോടതി സ്വമേധയാ ഇടപെട്ടത്. ഇന്ന് ചീഫ് ജസ്റ്റിസിന്റെ ബെഞ്ച് കേസ് പരിഗണിക്കാനിരിക്കെയാണ് യുപി സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്.
കേന്ദ്രമന്ത്രിയുടെ മകന്‍ അശിഷ് മിശ്രയുള്‍പ്പെടെ 13 പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് യുപി പോലീസ് പറയുന്നു. എന്നാല്‍ അറസ്റ്റിലേക്ക് കടന്നിട്ടില്ല. കേന്ദ്രമന്ത്രി രാജിവയ്ക്കണമെന്ന് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും രാജി ആവശ്യം മന്ത്രി തള്ളി. കര്‍ഷകരെ വാഹനം ഇടിക്കുന്ന വേളയില്‍ മകന്‍ അതിലുണ്ടായിരുന്നില്ല. ഡ്രൈവറാണ് വാഹനം ഓടിച്ചത്. നിയന്ത്രണം വിട്ട് ആള്‍ക്കൂട്ടത്തെ ഇടിക്കുകയായിരുന്നു. കര്‍ഷകര്‍ കല്ലെറിഞ്ഞതു കൊണ്ടാണ് നിയന്ത്രണം വിട്ടതെന്നും കേന്ദ്രമന്ത്രി അജയ് മിശ്ര പറയുന്നു. മകന്‍ ആശിഷ് മിശ്രയും ഇതുതന്നെയാണ് ആവര്‍ത്തിച്ചത്.
സൗന്ദര്യത്തിന് ഒട്ടും കുറവില്ല; അന്നും ഇന്നും... നടി ഖുശ്ബുവിന്റെ അപൂര്‍വ ചിത്രങ്ങള്‍ കാണാം
അജയ് മിശ്രയെ കേന്ദ്രമന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതി രാംനാഥ് കോവിന്ദിന് സംയുക്ത കിസാന്‍ മോര്‍ച്ച കത്തയച്ചു. കഴിഞ്ഞ ഞായറാഴ്ച നടന്ന സംഭവത്തില്‍ എട്ട് പേരാണ് കൊല്ലപ്പെട്ടത്. യുപി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ പങ്കെടുക്കുന്ന പരിപാടി ലഖീംപൂര്‍ ഖേരിയില്‍ സംഘടിപ്പിച്ചിരുന്നു. മന്ത്രിക്കെതിരെ പ്രതിഷേധവുമായി എത്തിയതായിരുന്നു കര്‍ഷകര്‍. മന്ത്രിയെ സ്വീകരിക്കാനെത്തിയ ബിജെപി നേതാക്കളുടെ വാഹനമാണ് കര്‍ഷകരെ ഇടിച്ച് തെറിപ്പിച്ചത്. നാല് കര്‍ഷകര്‍, രണ്ടു ബിജെപി പ്രവര്‍ത്തകര്‍, ഒരു മാധ്യമപ്രവര്‍ത്തകന്‍, കേന്ദ്രമന്ത്രിയുടെ ഡ്രൈവര്‍ എന്നിവര്‍ കൊല്ലപ്പെട്ടു. ഡ്രൈവര്‍ക്ക് നേരെ കല്ലേറുണ്ടായപ്പോഴാണ് നിയന്ത്രണം വിട്ടത് എന്ന വാദം ഇപ്പോള്‍ പൊളിഞ്ഞിരിക്കുകയാണ്. കര്‍ഷകരുടെ ജാഥ മുന്നോട്ട് നീങ്ങവെ പിന്നില്‍ നിന്ന് അമിത വേഗതയില്‍ എത്തി വാഹനം ഇടിച്ച് തെറിപ്പിക്കുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്.












Click it and Unblock the Notifications