ഉത്തരാഖണ്ഡ് ബിജെപിയിൽ പൊട്ടിത്തെറി തുടങ്ങി; പരസ്യവിമർശനവുമായി നേതാക്കൾ
ദില്ലി; വോട്ടെടുപ്പിന് പിന്നാലെ ഉത്തരാഖണ്ഡ് ബിജെപിയിൽ ആഭ്യന്തര തർക്കം രൂക്ഷം. നേതാക്കൾ കാലുവാരിയെന്ന ആരോപണമാണ് സ്ഥാനാർത്ഥികൾ ഉയർത്തുന്നത്. ഇത്തവണ സംസ്ഥാനത്ത് ബിജെപിക്ക് അനുകൂല സാഹചര്യം ഉണ്ടായിട്ട് കൂടി പാർട്ടിയിലെ തമ്മിലടി തിരിച്ചടിയാകുമെന്നാണ് നേതാക്കളുടെ ആക്ഷേപം. സിറ്റിംഗ് എം എൽ എമാർ ഉൾപ്പെടെയുള്ളവരാണ് ഇത് സംബന്ധിച്ച് പരാതി ഉയർത്തുന്നത്.

ഇത്തവണയും ബി ജെ പി തന്നെ വിജയിക്കും, അധികാരത്തിലേറുകയും ചെയ്യും. താനും വിജയിക്കും. എന്നാൽ ഇക്കുറി ഭൂരിപക്ഷത്തിൽ വൻ ഇടിവ് ഉണ്ടായേക്കും, യമുനോത്രിയിൽ നിന്നുള്ള എം എൽ എയായ കേദാർ സിംഗ് റാവത്ത് പറഞ്ഞു. അതേസമയം പാർട്ടിക്കുള്ളിൽ കാലുവാരൽ ഉണ്ടായെന്നാണ് കേദാറിന്റെ ആരോപണം. മറ്റ് മണ്ഡലങ്ങളിലും വോട്ട് വിഹിതത്തിൽ വലിയ ഇടിവ് സംഭവിക്കുമെന്നും അദ്ദേഹം ആരോപിച്ചു.

കേദാറിനെ കൂടാതെ
മുതിർന്ന ബിജെപി എം എൽ എ (കാശിപൂർ) ഹർഭജൻ സിംഗ് ചീമയും ചമ്പാവത്ത് എം എൽ എ കൈലാഷ് ചന്ദ്ര ഗഹ്തോരി എന്നിവരും നേതൃത്വത്തിനെതിരെ പരസ്യവിമർശനം ഉയർത്തിയ നേതാക്കളിൽ ഉൾപ്പെടുന്നു. ഭർത്താവിന്റെ വിയോഗത്തെത്തുടർന്ന് ടിക്കറ്റ് ലഭിച്ച ഡെറാഡൂണിലെ കന്റോൺമെന്റ് സീറ്റിലെ പാർട്ടി സ്ഥാനാർത്ഥി സവിത കപൂറും അതൃപ്തി പരസ്യമാക്കിയിരുന്നു. ചില നേതാക്കൾ പാർട്ടിക്കെതിരെ പ്രവർത്തിച്ചുവെന്നായിരുന്നു അവർ ആരോപിച്ചത്.

ലാസ്‌കറിൽ (ഹർദ്വാർ) നിന്ന് രണ്ട് തവണ തിരഞ്ഞെടുക്കപ്പെട്ട സഞ്ജയ് ഗുപ്തയാണ് സംസ്ഥാന നേതൃത്വത്തിനെതിരെ ആദ്യം രംഗത്തെത്തിയത്. സംസ്ഥാന ബിജെപി പ്രസിഡന്റ് മദൻ കൗശികിനെയും അദ്ദേഹത്തിന്റെ ആളുകളുടേയും ലക്ഷ്യം അട്ടിമറിയെന്ന് ആരോപിക്കുന്ന സഞ്ജയുടെ വീഡിയോ വൈറലായിരുന്നു. കൗശികിനെതിരെ അന്വേഷണവും നടപടിയും വേണമെന്ന് പാർട്ടി നേതൃത്വത്തോട് ഗുപ്ത ആവശ്യപ്പെട്ടിരുന്നു.

അതേസമയം നേതാക്കൾ വിമർശനം ശക്തമാക്കിയതോടെ മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമിയെയും കൗശികിനെയും കേന്ദ്ര നേതൃത്വം ദില്ലിക്ക് വിളിപ്പിച്ചിരുന്നു. അതേസമയം ബി ജെ പി നേതാക്കൾക്ക് പരാജയ ഭീതിയാണെന്നായിരുന്നു കോൺഗ്രസ് മുൻ മുഖ്യമന്ത്രിയും മുതിർന്ന നേതാവുമായ ഹരീഷ് റാവത്തിന്റെ പ്രതികരണം. വോട്ടിംഗ് ട്രെന്റ് വ്യക്തമാക്കുന്നത് സംസ്ഥാനത്ത് കോൺഗ്രസിന് വ്യക്തമായ മുൻതൂക്കം ഉണ്ടെന്നാണ്. ഇതാണ് ബി ജെ പി ക്യാമ്പിനെ ആശങ്കപ്പെടുത്തുന്നത്,റാവത്ത് പറഞ്ഞു.

സംസ്ഥാനത്ത് ബി ജെ പിക്കെതിരെ കടുത്ത ഭരണ വിരുദ്ധ വികാരം നിലനിൽക്കുന്നുണ്ട്. ബി ജെ പി മൂന്ന് മുഖ്യമന്ത്രിമാരെ മാറ്റിയപ്പോൾ സാധാരണക്കാരൻ വഞ്ചിക്കപ്പെട്ടു, റാവത്ത് പറഞ്ഞു. ഇത്തവണ 70 അംഗ നിയമസഭയിൽ കോൺഗ്രസിന് 48 സീറ്റുകൾ വരെ ലഭിക്കും. ഒരു പക്ഷേ നേരിയ വ്യത്യാസം ഉണ്ടായേക്കാം, എങ്കിലും 50 ന് മുകളിൽ സീറ്റ് ലഭിക്കുമെന്ന് തന്നെയാണ് പ്രതീക്ഷയെന്നും റാവത്ത് പറഞ്ഞു. അതേസമയം യാഥാർത്ഥ്യം മറ്റൊന്നായിരിക്കുമെന്നായിരുന്നു മുഖ്യമന്ത്രിയും ബി ജെ പി നേതാവുമായ പുഷ്കർ സിംഗ് ധാമിയുടെ പ്രതികരണം. ബി ജെ പിക്ക് സംസ്ഥാനത്ത് ഭരണ തുടർച്ച ലഭിക്കുമെന്നും ധാമി പറഞ്ഞു.

2017 ൽ 70 അംഗ നിയമസഭയിൽ 52 സീറ്റുകൾ നേടിയായിരുന്നു ബി ജെ പി അധികാരത്തിലേറിയത്. ബി ജെ പിയും കോൺഗ്രസും മാറി മാറി ഭരിക്കുന്ന സംസ്ഥാനത്ത് ഇക്കുറി പതിവ് തെറ്റുമോയെന്നാണ് ഉറ്റുനോക്കപ്പെടുന്നത്. പുറത്തുവന്ന സർവ്വകളിൽ പലതും ഇഞ്ചോടിഞ്ച് പോരാട്ടമാണ് പ്രവചിക്കുന്നത്. 62 ശതമാനമായിരുന്നു സംസ്ഥാനത്ത് ഇത്തവണ പോളിംഗ്.
'ചൂമ്മാ തീ...' മീരാ നന്ദന്റെ ഹോട്ട് ലുക്ക്..വൈറലായി പുതിയ ഫോട്ടോസ്


Click it and Unblock the Notifications