വാക്‌സിനേഷന്‍ എത്രയും വേഗം വര്‍ദ്ധിപ്പിക്കണം; തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങള്‍ക്ക് പ്രത്യേക നിര്‍ദ്ദേശം
ദില്ലി: രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറില്‍ 30000ല്‍ കൂടുതല്‍ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. രാജ്യം മൂന്നാം തരംഗത്തിലേക്ക് കടടക്കുകയാണെന്നാണ് വിദഗ്ദര്‍ നല്‍കുന്ന മുന്നറിയിപ്പ്. പുതിയ വ്യാപനത്തിന് കാരണം ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ ഏറ്റവും പുതിയ വകഭേദം ഒമൈക്രാണാണെന്ന വിലയിരുത്തലിലാണ് ആരോഗ്യമന്ത്രാലയം. രോഗ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കര്‍ശന നിയന്ത്രണങ്ങളാണ് ഓരോ സംസ്ഥാനങ്ങളും ഏര്‍പ്പെടുത്തിയിരിക്കുന്നത്.

അതേസമയം, കൊവിഡ് വ്യാപനം രൂക്ഷമാകുമ്പോള്‍, ഈ വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പുകളാണ് പ്രതിസന്ധിയിലായിരിക്കുന്നത്. കൊവിഡ് വ്യാപനത്തിനിടെ തിരഞ്ഞെടുപ്പ് നടത്തുന്നത് രോഗം വ്യാപിക്കുന്നതിന് ആക്കം കൂട്ടുമെന്ന ആശങ്കയുണ്ട്. ഈ സാഹചര്യത്തില്‍ തിരഞ്ഞെടുപ്പ് മാറ്റിവയ്ക്കുന്നത് ചിന്തിക്കണമെന്ന് അഹമ്മദാബാദ് ഹൈക്കോടി തിരഞ്ഞെടുപ്പ് കമ്മിഷനോട് ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ തിരഞ്ഞെടുപ്പ് നിശ്ചയിച്ച പ്രകാരം നടത്താന്‍ തന്നെയാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനം. ഈ സാഹചര്യത്തില്‍ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അഞ്ച് സംസ്ഥാനങ്ങള്‍ക്ക് പ്രത്യേക നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍. കോവിഡ് -19 വാക്‌സിനേഷന്റെ വേഗത വര്‍ദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അഞ്ച് സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാര്‍ക്ക് കത്തയച്ചു. മണിപ്പൂരില്‍ ആദ്യത്തെ ഡോസ് കവറേജിന്റെ ശതമാനം കുറവായതില്‍ കമ്മിഷന്‍ ആശങ്ക പ്രകടിപ്പിച്ചു.

തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളില്‍ വാക്‌സിനേഷന്‍ വേഗത്തിലാക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് കമ്മീഷന്‍ കഴിഞ്ഞ ആഴ്ച ലഖ്നൗവില്‍ വാര്‍ത്താ സമ്മേളനത്തില്‍ ഊന്നിപ്പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാര്‍ക്ക് കത്തയച്ചത്. വാക്‌സിനേഷന്‍ കവറേജ് വര്‍ധിപ്പിക്കാന്‍ നടപടി സ്വീകരിക്കാന്‍ സംസ്ഥാനങ്ങളോട് ഇസി ആവശ്യപ്പെട്ടതായി മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ സുശീല്‍ ചന്ദ്ര വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു.

ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂര്‍ എന്നീ സംസ്ഥാനങ്ങളിലാണ് ഈ വര്‍ഷം തിരഞ്ഞെടുപ്പ് നടക്കുക. നേരത്തെ, അലഹബാദ് ഹൈക്കോടതിയിലെ ഒരു ജഡ്ജി കൊവിഡിന്റെ പശ്ചാത്തലത്തില്‍, പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ശക്തമായ നടപടികള്‍ കൈക്കൊള്ളണമെന്നും തിരഞ്ഞെടുപ്പ് റാലികള്‍, മീറ്റിംഗുകള്‍, എന്നിവ നിര്‍ത്താനോ മാറ്റിവയ്ക്കാനോ പരിഗണിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. മൂന്നാം തരംഗത്തിന് സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു കോടതി ഇക്കാര്യം ആവശ്യപ്പെട്ടത്.

എന്നാല്‍, ഉത്തര്‍പ്രദേശിലെ എല്ലാ പാര്‍ട്ടികളും നിയമസഭാ തിരഞ്ഞെടുപ്പ് നേരത്തെ തീരുമാനിച്ചത് അനുസരിച്ച് നടത്തണമെന്ന് ആഗ്രഹിക്കുന്നുവെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പിന്നീട് പറഞ്ഞിരുന്നു. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ട് കൃത്യസമയത്ത് തിരഞ്ഞെടുപ്പ് നടത്തണമെന്ന് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും അഭിപ്രായ വ്യത്യാസമില്ലാതെ പറഞ്ഞെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ വ്യക്തമാക്കി. അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കൊവിഡ്-19 സ്ഥിതിഗതികള്‍ അവലോകനം ചെയ്യാന്‍ കഴിഞ്ഞയാഴ്ച തിരഞ്ഞെടുപ്പ് കമ്മീഷന്‍ കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

കൂടാതെ വാക്‌സിനേഷന്‍ കവറേജ് ദേശീയ ശരാശരിയേക്കാള്‍ താഴെയാണെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് ആരോഗ്യ മന്ത്രാലയം ഉത്തര്‍പ്രദേശിലേക്കും പഞ്ചാബിലേക്കും മള്‍ട്ടി ഡിസിപ്ലിനറി ടീമുകളെ അയച്ചിരുന്നു. ആരോഗ്യ സെക്രട്ടറി ഡിസംബര്‍ 23-ന് തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളോട് പ്രതിരോധ കുത്തിവയ്പ്പ് വേഗത്തിലാക്കാന്‍ നിര്‍ദ്ദേശിച്ചിരുന്നു, പ്രത്യേകിച്ച് 'കവറേജ് കുറഞ്ഞ ജില്ലകളില്‍ വര്‍ദ്ധിപ്പിക്കാനാണ് നിര്‍ദ്ദേശിച്ചത്.












Click it and Unblock the Notifications