വന്ദേ ഭാരത് നിര്‍ത്തേണ്ടി വരും? ഈ റൂട്ടില്‍ 1200 സീറ്റുകള്‍ കാലി, 2 കോച്ചില്‍ 10ല്‍ താഴെ യാത്രക്കാര്‍ മാത്രം
മുംബൈ: രാജ്യത്ത് ഏറ്റവും കൂടുതല്‍ യാത്രക്കാരുള്ള വന്ദേ ഭാരത് എക്‌സ്പ്രസുകള്‍ സര്‍വീസ് നടത്തുന്നത് കേരളത്തിലാണ്. മിക്ക സര്‍വീസും മുഴുവന്‍ യാത്രക്കാരുമായിട്ടാണ് കേരളത്തിലെ യാത്രകള്‍. എന്നാല്‍ എല്ലാ സംസ്ഥാനത്തും അങ്ങനെ അല്ല. അടുത്തിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി നിരവധി വന്ദേ ഭാരത് സര്‍വീസുകള്‍ ഫ്‌ളാഗ് ഓഫ് ചെയ്തിരുന്നു. ഇതില്‍ 20 കോച്ചുകളുള്ള എക്‌സ്പ്രസുകളും ഉള്‍പ്പെടും.
തെലങ്കാനയ്ക്കും മഹാരാഷ്ട്രയ്ക്കുമിടയില്‍ അനുവദിച്ച വന്ദേ ഭാരത് എക്‌സ്പ്രസിന്റെ കാര്യം കഷ്ടമാണ് എന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. കഴിഞ്ഞാഴ്ച ആരംഭിച്ച ട്രെയിന്‍ മതിയായ യാത്രക്കാരില്ലാതെയാണ് സര്‍വീസ്. രണ്ട് എക്‌സിക്യുട്ടീവ് ബോഗികളിലായി 10ല്‍ താഴെ യാത്രക്കാരാണ് കഴിഞ്ഞ ഞായറാഴ്ച ഉണ്ടായിരുന്നത് എന്ന് ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

തെലങ്കാനയിലെ സെക്കന്തരാബാദില്‍ നിന്ന് മഹാരാഷ്ട്രയിലെ നാഗ്പൂരിലേക്ക് സര്‍വീസ് ആരംഭിച്ച വന്ദേ ഭാരത് എക്‌സ്പ്രസില്‍ യാത്രക്കാരില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 80 ശതമാനം സീറ്റുകളും കാലിയായിരുന്നു. ഇത് റെയില്‍വെ അധികൃതരെ ആശ്ചര്യപ്പെടുത്തിയിട്ടുണ്ട്. യാത്രക്കാരില്ലാത്ത അവസ്ഥ തുടരുകയാണെങ്കില്‍ കടുത്ത തീരുമാനങ്ങള്‍ റെയില്‍വെ എടുത്തേക്കും. നഷ്ടം സഹിച്ച് കൂടുതല്‍ കാലം സര്‍വീസ് തുടരാന്‍ സാധ്യതയില്ല.
തെലങ്കാനയ്ക്ക് അനുവദിച്ച അഞ്ചാമത്തെ വന്ദേ ഭാരത് എക്‌സ്പ്രസാണിത്. സെപ്തംബര്‍ 16നാണ് ട്രെയിന്‍ സര്‍വീസ് തുടങ്ങിയത്. മഹാരാഷ്ട്രയിലെയും തെലങ്കാനയിലെയും വ്യവസായ മേഖലയിലേക്ക് വേഗത്തിലെത്താന്‍ ജനങ്ങളെ സഹായിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു സര്‍വീസ്. എന്നാല്‍ ഇരുഭാഗത്തേക്കുള്ള സര്‍വീസിലും 20 ശതമാനം സീറ്റുകളില്‍ മാത്രമേ യാത്രക്കാരുള്ളൂ. ഉയര്‍ന്ന ടിക്കറ്റ് നിരക്ക് ഒരു കാരണമാണെന്ന് കരുതുന്നു.
സെക്കന്തരാബാദ്-നാഗ്പൂര്‍ വന്ദേ ഭാരത് എക്‌സ്പ്രസിന് 20 ബോഗികളുണ്ട്. സാധാരണ 8, 16 ബോഗികളുള്ള വന്ദേ ഭാരത് എക്‌സ്പ്രസുകളാണ് ഇതുവരെ ഉണ്ടായിരുന്നത്. ന്യൂഡല്‍ഹി-വരാണസി ഉള്‍പ്പെടെ രണ്ട് റൂട്ടുകളിലാണ് 20 ബോഗികള്‍ അനുവദിച്ചത്. 1440 സീറ്റുകളാണ് ഈ ട്രെയിനിലുള്ളതെങ്കിലും 1200 സീറ്റുകളില്‍ അധികം ഒഴിഞ്ഞു കിടക്കുകയായിരുന്നു. രണ്ട് എക്‌സിക്യുട്ടീവ് കോച്ചുകളിലായി 88 സീറ്റുകള്‍ ഉണ്ടെങ്കിലും 10ല്‍ താഴെ യാത്രക്കാരേ ഉണ്ടായിരുന്നുള്ളൂ.
അതേസമയം, തെലങ്കാനയില്‍ നിന്നുള്ള മറ്റു വന്ദേ ഭാരത് എക്‌സ്പ്രസുള്‍ ഫുള്‍ കപ്പാസിറ്റിയിലാണ് സര്‍വീസ് നടത്തുന്നത്. തെലങ്കാനയില്‍ നിന്ന് ചെന്നൈ, ബെംഗളൂരു, വിശാഖപട്ടണം എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകളെല്ലാം ലാഭകരവുമാണ്. വിശാഖപട്ടണം വന്ദേ ഭാരതിന് തിങ്കളാഴ്ചയിലെ കണക്കുകള്‍ പ്രകാരം ടിക്കറ്റുകള്‍ വെയ്റ്റിങ് ലിസ്റ്റിലാണുള്ളത്.
സെക്കന്തരാബാദ്-നാഗ്പൂര്‍ യാത്രയ്ക്ക് 7.15 മണിക്കൂര്‍ ആണ് വേണ്ടി വരുന്ന സമയം. കാസിപേട്ട്, രാമഗുണ്ഡം, ബാല്‍ഹര്‍ഷാ, ചന്ദ്രപൂര്‍, സേവഗ്രാം എന്നീ സ്റ്റേഷുകളില്‍ സ്റ്റോപ്പുകള്‍ അനുവദിച്ചിട്ടുണ്ട്. യാത്രക്കാരില്ലെങ്കില്‍ ഈ റൂട്ടില്‍ 8 ബോഗികളാക്കി കുറച്ചേക്കും. അങ്ങനെ സംഭവിച്ചാല്‍ 500 പേര്‍ക്കാണ് യാത്ര ചെയ്യാന്‍ സാധിക്കുക. വീണ്ടും യാത്രക്കാരില്ലെങ്കില്‍ സര്‍വീസ് വഴിമാറ്റാനും ആലോചനയുണ്ടാകും.












Click it and Unblock the Notifications