ആദ്യ 'വന്ദേ മെട്രോ'യ്ക്ക് അല്‍പ്പായുസ്; സര്‍വീസ് തുടങ്ങും മുമ്പ് പേര് മാറ്റി, പുതിയ പേര് ഇങ്ങനെ
ന്യൂഡല്‍ഹി: രാജ്യത്തെ ആദ്യ വന്ദേ മെട്രോ ട്രെയിന്‍ സര്‍വീസ് ആരംഭിക്കും മുമ്പ് പേര് മാറ്റം. ഇനി നമോ ഭാരത് റാപ്പിഡ് റെയില്‍ എന്നായിരിക്കും പേര്. റെയില്‍വെ ഇന്നാണ് പുതിയ പേര് പ്രഖ്യാപിച്ചത്. ഗുജറാത്തിലെ ഭുജ് നഗരത്തില്‍ നിന്ന് അഹമ്മദാബാദിലേക്കാണ് ട്രെയിന്‍ സര്‍വീസ് നടത്തുക. പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്‌ളാഗ് ഓഫ് ചെയ്യുന്ന ട്രെയിനിന്റെ സര്‍വീസ് മോദിയുടെ ജന്മദിനമായ നാളെ ആരംഭിക്കും.
വന്ദേ ഭാരത് ട്രെയിന്‍ സര്‍വീസുകളാണ് ഇതുവരെ രാജ്യത്ത് കേട്ടിരുന്നതെങ്കില്‍ നേരിയ മാറ്റത്തോടെയാണ് വന്ദേ മെട്രോ സര്‍വീസ് തുടങ്ങുന്നത്. പേരിലെ സാമ്യം കൊണ്ടുതന്നെ സര്‍വീസ് തുടങ്ങുന്നതിന് മുമ്പ് ട്രെയിന്‍ ചര്‍ച്ചയായി. വന്ദേ ഭാരത് എക്‌സ്പ്രസില്‍ പോകുന്നതിന് തുല്യമായ അനുഭൂതിയാകും വന്ദേ മെട്രോയിലെ യാത്രയും സമ്മാനിക്കുക.

നരേന്ദ്ര മോദി ഗുജറാത്തില്‍ ഇന്ന് നിരവധി വന്ദേഭാരത് ട്രെയിനുകളുടെ ഉദ്ഘാടനം നിര്‍വഹിക്കും. പ്രധാന നഗരങ്ങളില്‍ നിന്ന് ഉള്‍നാടന്‍ പട്ടണങ്ങളിലേക്കായിരിക്കും വന്ദേ മെട്രോ ട്രെയിന്‍ സര്‍വീസ് നടത്തുക. സാധാരണ മെട്രോ ട്രെയിന്‍ സര്‍വീസുകള്‍ നഗരങ്ങളില്‍ മാത്രമായിക്കും യാത്ര. എന്നാല്‍ പുതിയ വന്ദേ മെട്രോ അകലെയുള്ള രണ്ട് നഗരങ്ങളെ ബന്ധിപ്പിക്കുന്നതായിക്കും.
നമോ ഭാരത് റാപ്പിഡ് റെയില്‍ പ്രത്യേകതകള്‍
ഗുജറാത്തിലെ ഭുജ് നഗരത്തെയും അഹമ്മദാബാദിനെയും ബന്ധിപ്പിക്കുന്ന ട്രെയിന്‍ സര്‍വീസ് ആയിരിക്കും ഇത്. 360 കിലോമീറ്റര്‍ ദൂരം ആറ് മണിക്കൂര്‍ കൊണ്ട് എത്താം. മണിക്കൂറില്‍ 110 കിലോമീറ്റര്‍ വേഗതയില്‍ ആയിരിക്കും സര്‍വീസ്. ഭുജില്‍ നിന്ന് രാവിലെ 5.05ന് പുറപ്പെടുന്ന ട്രെയിന്‍ 10.50ന് അഹമ്മദാബാദ് ജങ്ഷനില്‍ എത്തും. വൈകീട്ട് ആയിരിക്കും തിരിച്ചുള്ള സര്‍വീസ്.
12 ശീതീകരിച്ച കോച്ചുകളായിരിക്കും പുതിയ നമോ ഭാരത് റാപ്പിഡ് റെയില്‍ സര്‍വീസിലുണ്ടാകുക. ഓട്ടോമാറ്റിക് സ്ലൈഡിങ് വാതിലുകള്‍, അലങ്കരിച്ച അകത്തളം, എല്‍ഇഡി ലൈറ്റുകള്‍, യാത്രയുടെ വിവരങ്ങള്‍ അറിയിക്കുന്ന സംവിധാനം, സിസിടിവി, ഫോണ്‍ ചാര്‍ജിങ് സൗകര്യം, പുകയോ തീയോ ഉണ്ടെങ്കില്‍ ജാഗ്രതാ നിര്‍ദേശം നല്‍കുന്ന സംവിധാനം തുടങ്ങി വന്ദേ ഭാരത് എക്‌സ്പ്രസുകളിലുള്ള മിക്ക സൗകര്യങ്ങളും ഇതില്‍ ലഭ്യമാണ്.
ഇന്ന് പ്രധാനമന്ത്രി ഉദ്ഘാടനം നിര്‍വഹിക്കുമെങ്കിലും നാളെ ആയിരിക്കും സര്‍വീസ് തുടങ്ങുക. പ്രധാനമന്ത്രിയുടെ ജന്മദിനം കൂടിയാണ് സെപ്തംബര്‍ 17. ഭുജില്‍ നിന്ന് അഹമ്മദാബാദിലെത്തുന്ന യാത്രയ്ക്ക് 455 രൂപയാണ് ടിക്കറ്റ് നിരക്ക്. മിനിമം ടിക്കറ്റ് 30 രൂപയാണ്. ഒമ്പത് സ്റ്റേഷനുകളില്‍ സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. ദുരന്തങ്ങള്‍ ഒഴിവാക്കുന്നതിന് കവച് സുരക്ഷാ സംവിധാനം ഘടിപ്പിച്ചിട്ടുണ്ട്. വന്ദേ ഭാരത് ട്രെയിനുകളെ പോലെ ഇരുഭാഗത്തും എഞ്ചിനുകളുണ്ടാകും.
കോലാപൂര്‍-പൂനെ, പൂനെ-ഹുബ്ബള്ളി, നാഗ്പൂര്‍-സെക്കന്തരാബാദ്, ആഗ്ര കന്റോണ്‍മെന്റ്-ബനാറസ്, ദുര്‍ഗ്-വിശാഖപട്ടണം തുടങ്ങിയ റൂട്ടുകളിലെ പുതിയ വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിനുകളുടെ ഫ്‌ളാഗ് ഓഫും പ്രധാനമന്ത്രി ഇതോടൊപ്പം ഇന്ന് നിര്‍വഹിക്കും. 20 കോച്ചുകളുള്ള ആദ്യ വന്ദേ ഭാരത് ട്രെയിന്‍ സര്‍വീസും ആരംഭിക്കുകയാണ്. വാരണാസി-ഡല്‍ഹി റൂട്ടിലായിക്കും ഈ ട്രെയിന്‍ സര്‍വീസ് നടത്തുക എന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.












Click it and Unblock the Notifications