വിജയ് പറഞ്ഞു, തമിഴ്‌നാട്ടില്‍ ഇനി എസി ബസ് മതി; ജൂലൈ ഒന്നിന് വേറിട്ട രാഷ്ട്രീയ നീക്കവും
ചെന്നൈ: തമിഴ്‌നാട്ടില്‍ ഇനി മുതല്‍ സര്‍ക്കാര്‍ ഇറക്കുക എസി ബസുകള്‍ മാത്രം. മുഖ്യമന്ത്രി സി ജോസഫ് വിജയ് ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കിയെന്ന് ഗതാഗത മന്ത്രി വിജയ് തമിഴന്‍ പാര്‍ഥിപന്‍ മാധ്യമങ്ങളോട് പറഞ്ഞു. ജനങ്ങള്‍ കൂടുതല്‍ ആശ്വാസത്തോടെ യാത്ര ചെയ്യട്ടെ എന്നാണ് വിജയ് പറഞ്ഞത് എന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. സേലത്ത് ടിവികെയുടെ പരിപാടിക്ക് എത്തിയതായിരുന്നു മന്ത്രി പാര്‍ഥിപന്‍.
എല്ലാ ഗ്രാമങ്ങളിലേക്കും ബസ് സര്‍വീസ് ആരംഭിക്കാന്‍ വിജയ് നിര്‍ദേശിച്ചിട്ടുണ്ട്. ഗ്രാമങ്ങളെ നഗരങ്ങളുമായി ബന്ധിപ്പിക്കുന്ന ബസ് സര്‍വീസ് ആവശ്യമാണ്. എല്ലാ ബസുകളും കൂടുതല്‍ സൗകര്യമുള്ളതും ആകര്‍ഷണീയവും ആകണം എന്നാണ് വിജയ് ആഗ്രഹിക്കുന്നത്. അടുത്തിടെ സര്‍ക്കാര്‍ ബസില്‍ വിജയ് യാത്ര ചെയ്തിരുന്നു. അതിന് ശേഷമാണ് ഗതാഗത മന്ത്രിക്ക് പുതിയ നിര്‍ദേശം നല്‍കിയത്.

300 പുതിയ ബസുകളാണ് തമിഴ്‌നാട്ടില്‍ സര്‍ക്കാര്‍ കഴിഞ്ഞ ദിവസം പുറത്തിറക്കിയത്. ഇതിന്റെ ഉദ്ഘാടന വേളയില്‍ വിജയ് ബസ് യാത്ര നടത്തുകയും കണ്ടക്ടറുമായി സംസാരിക്കുകയും ചെയ്തു. 128 കോടി രൂപ മുടക്കിയാണ് ഈ പദ്ധതി. 164 ഡീസല്‍ ബസുകലും 136 സിഎന്‍ജി ബസുകളുമാണുള്ളത്. രണ്ട് ബസുകള്‍ക്കിടയിലെ സര്‍വീസ് സമയം കുറയ്ക്കാനും തീരുമാനിച്ചിട്ടുണ്ട്.
ചെറുപാര്‍ട്ടികളെ കാണാന്‍ വിജയ്
ജൂലൈ ഒന്നിന് പുതിയ രാഷ്ട്രീയ നീക്കത്തിന് ഒരുങ്ങുകയാണ് വിജയ്. ചെറുപാര്‍ട്ടികളുടെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. വിസികെ, എംഡിഎംകെ, മുസ്ലിം ലീഗ് എന്നിവയുടേത് ഉള്‍പ്പെടെ എല്ലാ പാര്‍ട്ടികളുടെയും നേതാക്കളുമായി വിജയ് ചര്‍ച്ച നടത്തും. തമിഴ്‌നാട് രാഷ്ട്രീയത്തില്‍ നടപ്പില്‍ വരുത്തേണ്ട പരിഷ്‌കാരങ്ങളും പദ്ധതികളും ചോദിച്ചറിയുകയാണ് ലക്ഷ്യം.
ഇതോടൊപ്പം വിജയ് എല്ലാവര്‍ക്കും സ്വീകാര്യനാണ് എന്ന് ബോധ്യപ്പെടുത്തുകയും ടിവികെയുടെ ലക്ഷ്യമാണ്. വിജയ് സര്‍ക്കാരിന് ഭൂരിപക്ഷമില്ലെന്നും അഞ്ച് മാസത്തിനകം തമിഴ്‌നാട്ടില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുമെന്നും ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. തൊട്ടുപിന്നാലെയാണ് ടിവികെയും വിജയും തങ്ങളുടെ സ്വാധീനം ശക്തിപ്പെടുത്തുന്നത്.
വിസികെ നേതാവ് തോല്‍ തിരുമാവളവന്‍, എംഡിഎംകെ നേതാവ് വൈക്കോ, മുസ്ലിം ലീഗ് നേതാവ് കാദര്‍ മൊയ്തീന്‍ എന്നിവര്‍ക്കെല്ലാം ക്ഷണമുണ്ട്. ഇതുവരെ ഡിഎംകെ സഖ്യത്തിലുള്ള പാര്‍ട്ടികളായിരുന്നു ഇവയെല്ലാം. വൈക്കോയുടെ പാര്‍ട്ടി കഴിഞ്ഞ ദിവസമാണ് ഡിഎംകെ സഖ്യംവിട്ടത്. ഇവര്‍ വിജയുടെ മന്ത്രിസഭയില്‍ ചേരുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. അതിനിടെയാണ് കൂടിക്കാഴ്ച.
ഡിഎംകെ, അണ്ണാഡിഎംകെ, ബിജെപി എന്നീ പാര്‍ട്ടികളെ കൂടുതല്‍ ദുര്‍ബലമാക്കുക എന്ന ലക്ഷ്യത്തോടെയാണ് വിജയുടെ നീക്കം. ജനപ്രിയ പദ്ധതികള്‍ പ്രഖ്യാപിക്കുക, അഴിമതി തടയുക, സ്ത്രീകള്‍, യുവജനങ്ങള്‍, വിദ്യാര്‍ഥികള്‍ എന്നിവര്‍ക്ക് വേണ്ട പദ്ധതികള്‍ പ്രഖ്യാപിക്കുക എന്നിവയിലാണ് കഴിഞ്ഞ ഒന്നര മാസത്തിനിടെ വിജയ് സര്‍ക്കാര്‍ കേന്ദ്രീകരിച്ചിരിക്കുന്നത്.















Click it and Unblock the Notifications