ബിഹാറില്‍ ഇന്ത്യാ സഖ്യ നേതാവ് മുകേഷ് സഹാനിയുടെ പിതാവിനെ ക്രൂരമായി കൊലപ്പെടുത്തി
പാട്ന: ബിഹാറില്‍ ഇന്ത്യാ സഖ്യ നേതാവിന്റെ പിതാവിനെ ക്രൂരമായി കൊലപ്പെടുത്തി. വികാസ്ഷീല്‍ ഇന്‍സാന്‍ പാർട്ടി നേതാവ് മുകേഷ് സഹാനിയുടെ പിതാവ് ജിതന്‍ സഹാനിയാണ് കൊല്ലപ്പെട്ടത്. ബീഹാറിലെ ദർഭംഗ ജില്ലയില്‍ സ്ഥിതി ചെയ്യുന്ന സഹാനിയുടെ തറവാട് വീട്ടിലേക്ക് അതിക്രമിച്ചെത്തിയ സംഘമാണ് കൊലപാതകം നടത്തിയത്.
ഇന്ന് രാവിലെയാണ് ജിതൻ സഹാനിയുടെ മൃതദേഹം കട്ടിലിൽ കണ്ടെത്തിയത്. പിന്നാലെ മുതിർന്ന പോലീസ് ഓഫീസർ ജഗന്നാഥ് റെഡ്ഡി സംഭവം സ്ഥിരീകരിച്ചു. ഉന്നത പോലീസുകാരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സഹാനിസിൻ്റെ വീട്ടിൽ എത്തിയിട്ടുണ്ടെന്നും പ്രതികളെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ ഊർജ്ജിതമാക്കിയതായും അദ്ദേഹം പറഞ്ഞു.

മുകേഷ് സഹാനി ബീഹാർ സർക്കാരിലെ മുൻ മന്ത്രിയും ഒ ബി സി വിഭാഗത്തിന്റെ ശക്തമായ പിന്തുണയുള്ള വികാസ്ഷീൽ ഇൻസാൻ പാർട്ടിയുടെ (വി ഐ പി) അധ്യക്ഷനുമാണ് . വി ഐ പി നിലവിൽ ഇന്ത്യാ സഖ്യത്തിന്റെ ഭാഗവും ആർ ജെ ഡിയുമായും കോൺഗ്രസുമായും സഖ്യത്തിലാണ്. സംസ്ഥാനത്തെ ഞെട്ടിച്ച് കൊലപാതകം അന്വേഷിക്കാൻ മൂന്നംഗ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചതായും മുതിർന്ന ഉദ്യോഗസ്ഥൻ ജഗന്നാഥ് റെഡ്ഡി പറഞ്ഞു.
സംഭവത്തില്‍ ശക്തമായ പ്രതികരണവുമായി പ്രതിപക്ഷ പാർട്ടികള്‍ രംഗത്ത് വന്നു. സംഭവം സംസ്ഥാനത്തെയാകെ ഞെട്ടിക്കുന്നതാണെന്ന് ആർ ജെ ഡി വക്താവ് ശക്തി യാദവ് വ്യക്തമാക്കി. "ബിഹാറിൽ എന്താണ് സംഭവിക്കുന്നത്? ഒരു കൊലപാതകത്തിൻ്റെ വാർത്തയില്ലാതെ ഒരു ദിവസം പോലും കടന്നുപോകുന്നില്ല. ബുദ്ധിശൂന്യമായ സർക്കാരാണ് അധികാരത്തിൽ. സിസ്റ്റം തകർന്നു" അദ്ദേഹം പറഞ്ഞു.
സംഭവം ദൗർഭാഗ്യകരമാണെന്ന് ഉപമുഖ്യമന്ത്രിയും ബി ജെ പി നേതാവുമായ സാമ്രാട്ട് ചൗധരിയും അഭിപ്രായപ്പെട്ടു. 'കുറ്റക്കാർക്കെതിരെ കർശനമായ നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന സർക്കാരിന് വേണ്ടി ഞാൻ ഉറപ്പ് നൽകുന്നു. കുറ്റക്കാരായ എല്ലാവരേയും ജയിലിൽ അടയ്ക്കും. മുകേഷ് സഹാനി ജിയുടെ കുടുംബത്തോടൊപ്പം സർക്കാർ ഉറച്ചുനിൽക്കുന്നു," അദ്ദേഹം പറഞ്ഞു.
മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ കുറ്റകൃത്യം നടന്ന സ്ഥലത്ത് എത്തിയിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുന്നുണ്ടെന്നും ഭരണകക്ഷിയായ ജെഡിയുവിൻ്റെ മുതിർന്ന നേതാവ് നീരജ് കുമാർ ഐഎഎൻഎസിനോട് വ്യക്തമാക്കി "കുറ്റവാളികളെ വെറുതെ വിടില്ല. അവരെ കണ്ടെത്തി നിയമത്തിന് മുന്നിൽ കൊണ്ടുവരാനുള്ള ശ്രമങ്ങൾ നടക്കുന്നു." അദ്ദേഹം കൂട്ടിച്ചേർത്തു.












Click it and Unblock the Notifications