വോട്ട് നിഷേധിക്കാനും പൗരന് അവകാശമുണ്ട്: കോടതി
ദില്ലി: നിഷേധവോട്ടിന് സമ്മതിദായകര്‍ക്ക് അവകാശമുണ്ടെന്ന് സുപ്രീം കോടതി. പൊതു തെരഞ്ഞെടുപ്പില്‍ നിഷേധ വോട്ടിന് അനുമതി നല്കിയ കോടതി സമ്മദിതായകര്ക്ക് ഇത് രേഖപ്പെടുത്തുന്നതിനുള്ള പ്രത്യേക ബട്ടന് വോട്ടിങ് യന്ത്രത്തില്‍ ഘടിപ്പിക്കണമെന്നും നിര്‍ദ്ദേശിച്ചു. യന്ത്രത്തില്‍ നിഷേധവോട്ട് രേഖപ്പെടുത്തുന്നുണ്ടെങ്കിലും വോട്ടെണ്ണലില്‍ അത് പരിഗണിക്കുകയോ പ്രഖ്യാപിക്കുകയോ ചെയ്യുന്നതല്ലെന്നും കോടതി വ്യക്തമാക്കി.
ജനാധിപത്യ പ്രക്രിയയെ ശുദ്ധീകരിക്കാന്‍ നിഷേധവോട്ടുകള്‍ക്ക് കഴിയുമെന്ന അഭിപ്രായത്തോടെയാണ് കോടതി വിധി പ്രസ്താവിച്ചത്. തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളുടെ പേരുകളെല്ലാം എഴുതിയതിനു ശേഷം, ഒടുവിലായി 'ഇതൊന്നുമല്ല' എന്ന് രേഖപ്പെടുത്തുന്നതിന് ഒരു ബട്ടന് ഘടിപ്പിക്കണമെന്നാണ് കോടതി നിര്‍ദ്ദേശം. ഇതിന് വേണ്ടി നിയമ ഭേദഗതി വരുത്താനും കേടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
പീപ്പ്ള്‍സ് യൂണിയന് എന്ന എന്‍ജിഒ സംഘടന നല്കിയ ഹര്‍ജി പരിഗണിക്കവെയാണ് ചീഫ് ജസ്റ്റിസ് അടങ്ങിയ ബെഞ്ചിന്റെ സുപ്രധാന പ്രസ്താവന. മത്സരിക്കുന്ന സ്ഥാനാര്‍ഥികളെ അംഗീകരിക്കാതിരിക്കാനുള്ള അവകാശവും ഒരു പൗരനുണ്ടെന്നായിരുന്നു ഹര്‍ജിക്കാരുടെ വാദം. തെരഞ്ഞെടുപ്പ് കമ്മീഷനും ഹര്‍ജിക്കാരുടെ വാദത്തെ പിന്തുണച്ചിരുന്നു. എന്നാല്‍ ഇതിനായി സര്‍ക്കാറിനോട് നിര്‍ദ്ദേശിച്ചപ്പോള്‍ തയ്യാറല്ലെന്നാണ് അറിയിച്ചതെന്ന് കമ്മീഷന് വ്യക്തമാക്കി.
തിരഞ്ഞെടുപ്പ് നടത്തുന്നത് തിരഞ്ഞെടുക്കാനാണെന്നും അല്ലാതെ നിഷേധിക്കാനല്ലെന്നുമായിരുന്നു സര്‍ക്കാറിന്റെ വാദം. പ്രത്യേക ബട്ടന് ഘടിപ്പിക്കുന്നതും സമ്മതിദായകരില്‍ ആശയക്കുഴപ്പമുണ്ടാക്കുമെന്ന് സര്‍ക്കാര്‍ പറയുന്നു.