'തിരഞ്ഞെടുപ്പ് നിയന്ത്രിക്കാന്‍ ഞങ്ങള്‍ക്കാകില്ല'; ഇവിഎം ഹാക്കിംഗിന് തെളിവില്ലെന്ന് സുപ്രീംകോടതി
ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് നിയന്ത്രിക്കാനുള്ള അധികാരം തങ്ങള്‍ക്കില്ല എന്ന് സുപ്രീംകോടതി. വിവിപാറ്റ് സംവിധാനം വഴിയുള്ള പേപ്പര്‍ സ്ലിപ്പുകള്‍ ഉപയോഗിച്ച് ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളില്‍ രേഖപ്പെടുത്തിയ വോട്ടുകള്‍ സമഗ്രമായി പരിശോധിക്കണം എന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികളില്‍ വാദം കേള്‍ക്കുന്നതിനിടെ ആണ് സുപ്രീം കോടതിയുടെ പരാമര്‍ശം. ഭരണഘടനാപരമായ അതോറിറ്റിയായ തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവര്‍ത്തനത്തില്‍ ഇടപെടാനാകില്ല എന്നും കോടതി പറഞ്ഞു.
വിവിപാറ്റ് ഹര്‍ജികള്‍ വിധി പറയാനായി കോടതി മാറ്റി വെച്ചു. കേവലം സംശയത്തിന്റെ പേരില്‍ പ്രവര്‍ത്തിക്കാനാവില്ലെന്ന് ഹര്‍ജിക്കാരനായ അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ ഉന്നയിച്ച ആശങ്കകളോട് പ്രതികരിച്ചുകൊണ്ട് കോടതി പറഞ്ഞു. ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസ് ദീപങ്കര്‍ ദത്ത എന്നിവരുടെ ബെഞ്ചിന്റേതാണ് പ്രതികരണം.

വിവിപാറ്റ് സൃഷ്ടിച്ച പേപ്പര്‍ സ്ലിപ്പുകള്‍ ഉപയോഗിച്ച് ഇവിഎമ്മുകളില്‍ ഓരോ വോട്ടും ക്രോസ് വെരിഫൈ ചെയ്യാന്‍ നിര്‍ദ്ദേശം നല്‍കണമെന്നാണ് ഹര്‍ജികളിലെ ആവശ്യം. നിലവില്‍, എല്ലാ അസംബ്ലി മണ്ഡലങ്ങളിലും ക്രമരഹിതമായി തിരഞ്ഞെടുത്ത അഞ്ച് ഇവിഎമ്മുകള്‍ക്കായാണ് ഈ ക്രോസ് വെരിഫിക്കേഷന്‍ നടത്തുന്നത്. ഇതിന്റെ വിശ്വാസ്യത ചോദ്യം ചെയ്താണ് ഹര്‍ജിക്കാര്‍ കോടതിയെ സമീപിച്ചത്.
ഒരു ഇവിഎമ്മിന് കണ്‍ട്രോള്‍ യൂണിറ്റും ബാലറ്റിംഗ് യൂണിറ്റും ഉണ്ട്. ഇവ കേബിള്‍ വഴി ബന്ധിപ്പിച്ചിരിക്കുന്നു. ഇവ ഒരു വിവിപാറ്റ് മെഷീനുമായി ബന്ധിപ്പിച്ചിരിക്കുന്നു. ഈ യന്ത്രം വോട്ട് ശരിയായി രേഖപ്പെടുത്തിയിട്ടുണ്ടോ എന്നും വോട്ടര്‍ പിന്തുണയ്ക്കുന്ന സ്ഥാനാര്‍ത്ഥിക്ക് പോയിട്ടുണ്ടോ എന്നും കാണാന്‍ ഒരു വോട്ടറെ പ്രാപ്തനാക്കുന്ന സംവിധാനമാണ്.
ഇന്ന് വാദം കേള്‍ക്കുന്നതിനിടെ സിസ്റ്റത്തിലെ മൈക്രോകണ്‍ട്രോളറുകളെക്കുറിച്ചും അവ വീണ്ടും പ്രോഗ്രാം ചെയ്യാന്‍ കഴിയുമോയെന്നും തിരഞ്ഞെടുപ്പ് കമ്മീഷനില്‍ നിന്ന് കോടതി വിശദീകരണങ്ങള്‍ തേടിയിരുന്നു. മൂന്ന് യൂണിറ്റുകള്‍ക്കും അവരുടേതായ മൈക്രോകണ്‍ട്രോളറുകള്‍ ഉണ്ടെന്നും ഇവ ഒരു തവണ മാത്രമേ പ്രോഗ്രാം ചെയ്യാന്‍ കഴിയൂ എന്നുമാണ് ഇതിന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ മറുപടി കൊടുത്തത്.
മുഴുവന്‍ വിവിപാറ്റും എണ്ണണമെന്ന ആവശ്യം അംഗീകരിച്ചാല്‍ ഫലം വൈകുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കിയത്. എന്നാല്‍ ഇതില്‍ റീ-പ്രോഗ്രാം ചെയ്യാവുന്ന ഒരു ഫ്‌ലാഷ് മെമ്മറി ഉണ്ടെന്ന് പ്രശാന്ത് ഭൂഷണ്‍ വാദിച്ചു. അതേസമയം തിരഞ്ഞെടുപ്പ് കമ്മീഷന്റെ റിപ്പോര്‍ട്ടില്‍ വിശ്വാസമുണ്ട് എന്നായിരുന്നു കോടതിയുടെ പ്രതികരണം. വ്യക്തായ തെളിവുകളില്ലാതെ സംശയത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം വോട്ടിംഗ് മെഷീന്‍ സംബന്ധിച്ച് എങ്ങനെ നിര്‍ദേശം നല്‍കാനാകും എന്നും കോടതി ചോദിച്ചു.












Click it and Unblock the Notifications