ബ്രിജ് ഭൂഷണ് വന്‍ തിരിച്ചടി, പുതിയ സമിതിയെ സസ്‌പെന്‍ഡ് ചെയ്ത് കായിക മന്ത്രാലയം
ന്യൂഡല്‍ഹി: ഗുസ്തി അസോസിയേഷനില്‍ പുതുതായി തെരഞ്ഞെടുക്കപ്പെട്ട സമിതിയെ സസ്‌പെന്‍ഡ് ചെയ്ത് കേന്ദ്ര കായിക മന്ത്രാലയം. സഞ്ജയ് സിംഗിന്റെ നേതൃത്വത്തിലാണ് പുതിയ സമിതി നിയമിക്കപ്പെട്ടത്. നിലവിലെ നിയമങ്ങളും, നിര്‍ദേശങ്ങളുമെല്ലാം കാറ്റില്‍പറത്തിയാണ് സമിതി നിലവില്‍ വന്നതെന്ന് കായിക മന്ത്രാലയം പറയുന്നു.
ഗുസ്തി അസോസിയേഷനിലേക്ക് നടന്ന തെരഞ്ഞെടുപ്പ് തിടുക്കപ്പെട്ട് നടത്തിയതാണെന്നും, നടപടിക്രമങ്ങള്‍ പാലിക്കപ്പെട്ടിട്ടില്ലെന്നും കായിക മന്ത്രാലയം ഔദ്യോഗിക പ്രസ്താവനയില്‍ വ്യക്തമാക്കി. നേരത്തെ ബ്രിജ് ഭൂഷണിന്റെ വിശ്വസ്തനായ സഞ്ജയ് സിംഗ് പുതിയ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

പുതിയ പ്രസിഡന്റ് സഞ്ജയ് കുമാറിന്റെ പരാമര്‍ശത്തെയും മന്ത്രാലയം തള്ളി. ഡിസംബര്‍ 21ന് അദ്ദേഹം പറഞ്ഞ കാര്യങ്ങള്‍ നിയമവിരുദ്ധമാണ്. ജൂനിയര്‍ നാഷണല്‍ ചാമ്പ്യന്‍ഷിപ്പുകള്‍ ഈ വര്‍ഷാവസാനം തുടങ്ങുമെന്നായിരുന്നു പ്രഖ്യാപനം. ഇത് നിയമവിരുദ്ധമാണ്. ഏത് ചാമ്പ്യന്‍ഷിപ്പും തുടങ്ങുന്നതിന് പതിനഞ്ച് ദിവസം മുമ്പ് ഗുസ്തി താരങ്ങളെ അറിയിച്ചിരിക്കണം. അതിലൂടെ മാത്രമേ അവര്‍ക്ക് പരിശീലനം നടത്തി സജ്ജമാകാന്‍ സാധിക്കും.
എന്നാല്‍ അതെല്ലാം പുതിയ അധ്യക്ഷന്‍ തെറ്റിച്ചിരിക്കുകയാണ്. ദേശീയ ചാമ്പ്യന്‍ഷിപ്പുകളുമായി ബന്ധപ്പെട്ട തീരുമാനം എടുക്കേണ്ടത് എക്‌സിക്യൂട്ടീവ് കമ്മിറ്റിയാണ്. അതിലാണ് അജണ്ടകള്‍ തീരുമാനിക്കുക. സംഘടനയുടെ തലപ്പത്ത് മുമ്പുണ്ടായിരുന്നവരുടെ പൂര്‍ണമായ നിയന്ത്രണത്തിലാണ് പുതിയ സമിതിയെന്ന് മന്ത്രാലയം ആരോപിച്ചു. ഇത് കായിക ചട്ടങ്ങളെ പൂര്‍ണമായും കാറ്റില്‍ പറത്തുന്നതാണെന്ന് കായിക മന്ത്രാലയം ആരോപിച്ചു.
ഗുസ്തി സംഘടനയുടെ ഭരണം നടക്കുന്നത് മുന്‍ സമിതി അംഗങ്ങളുടെ മേല്‍നോട്ടത്തിലാണ്. ഈ സമിതിയുടെ അധ്യക്ഷന്‍ ലൈംഗിക പീഡനാരോപണം നേരിടുന്നുണ്ട്. അതിന്റെ കേസ് കോടതിയില്‍ നടക്കുകയാണെന്നും കായിക മന്ത്രാലയം പറഞ്ഞു. നേരത്തെ സാക്ഷി മാലിക്കും ബജ്‌റംഗ് പൂനിയയും അടക്കമുള്ളവര്‍ കടുത്ത വിമര്‍ശനവുമായി രംഗത്ത് വന്നിരുന്നു.
സര്‍ക്കാര്‍ പോലും ഞങ്ങളെ കൈവിട്ടു എന്നും ഇവര്‍ ആരോപിച്ചിരുന്നു. സാക്ഷി മാലിക് തന്റെ കരിയര്‍ അവസാനിപ്പിക്കുകയാണെന്നും, താന്‍ സര്‍ക്കാര്‍ നല്‍കിയ പുരസ്‌കാരം തിരിച്ചുനല്‍കുകയാണെന്ന് ബജ്‌റംഗ് പൂനിയയും പറഞ്ഞിരുന്നു. റെസ്ലിംഗ് ഫെഡറേഷന്റെ പുതിയ സമിതി നിയമപരമായി നടക്കേണ്ട നടപടിക്രമങ്ങളെ മുഴുവന്‍ തെറ്റിച്ചിരിക്കുകയാണ്. സംഘടനയുടെ ഭരണഘടനാ ചടങ്ങളും, ദേശീയ കായിക വികസന ചടങ്ങളും ഒരുപോലെ ലംഘിച്ചിരിക്കുകയാണ്.
പുതിയ പ്രസിഡന്റിന്റെ ഭാഗത്ത് നിന്നുണ്ടായ കാര്യങ്ങള്‍ സുതാര്യത തീര്‍ത്തും ഇല്ലാത്ത കാര്യങ്ങളാണ്. സ്ഥിരമായുള്ള നടപടിക്രമങ്ങളെയും അത് ലംഘിച്ചു. സംഘടനയില്‍ സുതാര്യത ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ്. അത്‌ലറ്റുകള്‍ക്കിടയില്‍ വിശ്വാസ്യത വളര്‍ത്തിയെടുക്കാന്‍ ഇതിലൂടെ മാത്രമേ സാധിക്കൂ എന്നും പ്രസ്താവനയില്‍ പറയുന്നു. അതേസമയം ബ്രിജ് ഭൂഷണന് വ്യക്തിപരമായിട്ടുണ്ടായ തിരിച്ചടി കൂടിയാണിത്.












Click it and Unblock the Notifications