ഐശ്വര്യയുമായി ശത്രുത? 'ഞങ്ങള്‍ക്ക് നല്ല സുഹൃത്തുക്കളാകാന്‍ കഴിഞ്ഞില്ല'; കാരണം പറഞ്ഞ് സുസ്മിത സെന്‍
ബോളിവുഡിലെ ഏറ്റവും പ്രശസ്തരായ രണ്ടു താരങ്ങളാണ് ഐശ്വര്യ റായിയും സുസ്മിത സെന്നും. സൗന്ദര്യ മത്സരങ്ങളിലൂടെ തീരെ ചെറിയ പ്രായത്തില്‍ തന്നെ ആഗോള പ്രശസ്തിയിലേക്ക് ഉയരാന്‍ രണ്ടു പേര്‍ക്കും കഴിഞ്ഞു. 1994 ലാണ് ഈ രണ്ടു സുന്ദരികള്‍ ഇന്ത്യയുടെ പ്രശസ്തി ആഗോള തലത്തില്‍ ഉയര്‍ത്തിയത്. സുസ്മിത സെന്‍ മിസ് യൂണിവേഴ്‌സ് കിരീടം സ്വന്തമാക്കിയപ്പോള്‍ ഐശ്വര്യ റായി മിസ് വേള്‍ഡ് പട്ടം കരസ്ഥമാക്കി. പിന്നീട് ഇരുവരും ബോളിവുഡ് സിനിമകളിലും സജീവമായി.
അഭിനയത്തിലും സൗന്ദര്യത്തിലും ഒരു പോലെ മികച്ചുനില്‍ക്കാന്‍ ഇരുവര്‍ക്കും കഴിഞ്ഞു. രണ്ടു പേര്‍ക്കും നിരവധി ഹിറ്റുകളും സ്വന്തമാക്കാനായി. മിസ് യൂണിവേഴ്‌സ്, മിസ് വേള്‍ഡ് കിരീടങ്ങള്‍ സ്വന്തമാക്കിയതിലൂടെ ലോകപ്രശസ്തമായ ബ്രാന്‍ഡുകളുടെ ആഗോള അംബാസഡര്‍മാരായി ഐശ്വര്യയും സുസ്മിതയും മാറുകയും ചെയ്തു.
അതേസമയം, പ്രശസ്തിയുടെ നെറുകയില്‍ നില്‍ക്കുമ്പോള്‍ ചില അഭ്യൂഹങ്ങളും ഇരുവരെയും ചുറ്റിപ്പറ്റി പ്രചരിച്ചു. പ്രൊഫഷനിലും വ്യക്തിജീവിതത്തിലും ഇരുവരും കടുത്ത ശത്രുതയില്‍ ആണെന്നായിരുന്നു അക്കാലത്ത് പ്രചരിച്ചത്.

എന്നാല്‍, തങ്ങള്‍ക്കിടയില്‍ ശത്രുത ഉണ്ടെന്നോ ഇല്ലെന്നോ വ്യക്തമാക്കാതെ രണ്ട് പേരും മൗനം പാലിക്കുകയായിരുന്നു. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സുസ്മിത സെന്‍ ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയിരിക്കുകയാണ്. തങ്ങള്‍ക്കിടയില്‍ യാതൊരു ശത്രുതയും ഇല്ലെന്നാണ് സുസ്മിത വ്യക്തമാക്കുന്നത്. താന്‍ ഐശ്വര്യയുടെ സുഹൃത്തോ ശത്രുവോ അല്ലെന്നും അവര്‍ അഭിമുഖത്തില്‍ പറഞ്ഞു.
ഐശ്വര്യയുമായുള്ള ശത്രുത സംബന്ധിച്ച് സുസ്മിത അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ വീണ്ടും വൈറല്‍ ആകുന്നത്. തങ്ങള്‍ ശത്രുക്കളോ മിത്രങ്ങളോ അല്ലാത്തതിന്റെ കാരണവും സുസ്മിത വ്യക്തമാക്കി. 'ഞങ്ങള്‍ക്ക് ശത്രുക്കളോ സുഹൃത്തുക്കളോ ആകാനുള്ള സമയം ഒരിക്കലും ലഭിച്ചിട്ടില്ല. എപ്പോഴും പരസ്പരം അകലെ നിന്ന് അറിയുന്ന ആളുകള്‍ ആയിരുന്നു ഞങ്ങള്‍. സ്വന്തം കാര്യം നോക്കി മുന്നോട്ടു പോകുന്ന രണ്ടു വ്യക്തികള്‍.
രണ്ടു പേരും തങ്ങളുടെ കരിയറില്‍ മികച്ചു നില്‍ക്കാന്‍ ആഗ്രഹിച്ചവരാണ്. അത് നേടിയെടുക്കുകയും ചെയ്തു. ഞങ്ങള്‍ ആരെയും പിന്നിലാക്കിയിട്ടില്ല. ഞാന്‍ മിസ് യൂണിവേഴ്‌സ് പട്ടം സ്വന്തമാക്കിയപ്പോള്‍ അവള്‍ മിസ് വേള്‍ഡ് ആയി. ഞങ്ങള്‍ ഞങ്ങളുടെ ജോലി നന്നായി ചെയ്യുക മാത്രമാണ് ചെയ്തത്' - ഇതായിരുന്നു സുസ്മിതയുടെ വാക്കുകള്‍.
ഇത്തരം അഭ്യൂഹങ്ങള്‍ പരത്തുന്നവര്‍ ഒരു കാര്യം ദയവായി ശ്രദ്ധിക്കണമെന്നും സുസ്മിത പറയുന്നു. രണ്ട് പേര്‍ പൂര്‍ണരായിരിക്കുമ്പോള്‍ മാത്രമേ അവരെ പരസ്പരം താരതമ്യം ചെയ്യാവൂ. നമ്മളാരും പൂര്‍ണരല്ല. ഞങ്ങള്‍ രണ്ടു പേരും ഒരു പോലെയുള്ള പുതിയ കരിയര്‍ ആരംഭിച്ചു
ഒരു സ്ഥാനം നേടിയെടുക്കാന്‍ വലിയ കഠിനാധ്വാനം വേണ്ടതുണ്ട്. അതിനിടയില്‍ ശത്രുത എന്നൊന്നില്ല. സങ്കടകരമായ കാര്യം എന്തെന്നാല്‍ ആളുകള്‍ക്ക് അത് മനസിലാകുന്നില്ല എന്നതാണ് ഇതെല്ലാം പറഞ്ഞു ഞങ്ങള്‍ പരസ്പരം ചിരിക്കുന്നു ഒരു ദിവസം വരുമെന്നാണ് എന്റെ പ്രതീക്ഷ
വര്‍ഷങ്ങളായി ബോളിവുഡില്‍ തങ്ങളുടെ സാന്നിധ്യം സജീവമായി അറിയിക്കുന്ന രണ്ട് നടിമാരാണ് ഐശ്വര്യയും സുസ്മിതയും. ദില്‍ ദേ ചുക്കേ സനം, ദേവദാസ്, മൊഹബ്ബത്തേന്‍, താള്‍, ധൂം 2 തുടങ്ങിയ ഹിറ്റുകളിലൂടെയാണ് ഐശ്വര്യ റായി ബോളിവുഡില്‍ താര റാണി പട്ടം സ്വന്തമാക്കിയത്. സൗന്ദര്യവും അഭിനയ ശേഷിയും മനോഹരമായി നൃത്തം ചെയ്യാനുള്ള കഴിവും ഐശ്വര്യയ്ക്ക് മികച്ച ചിത്രങ്ങള്‍ ലഭിക്കാന്‍ കാരണമായി. മണിരത്‌നത്തിന്റെ പൊന്നിയിന്‍ സെല്‍വന്‍ രണ്ടിലെ അഭിനയത്തിന് ഐശ്വര്യയ്ക്ക് മികച്ച നിരൂപക പ്രശംസ ലഭിച്ചു.
ക്യോ കി..., ബീവി നമ്പര്‍ 1, മേം ഹൂന്‍ നാ, നോ പ്രോബ്ലം തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് സുസ്മിത ആരാധകപ്രീതി നേടിയെടുത്തത്. ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റ് ഗൗരി സാവന്തിനെ അവതരിപ്പിച്ച താലി എന്ന ചിത്രത്തിലാണ് അവര്‍ അവസാനമായി അഭിനയിച്ചത്. പുതിയ പ്രോജക്ടുകള്‍ ഇരുവരും വെളിപ്പെടുത്തിയിട്ടില്ല.












Click it and Unblock the Notifications