തെലങ്കാനയില്‍ വര്‍ഗീയ കാര്‍ഡുമായി ബിജെപി; അധികാരത്തിലെത്തിയാല്‍ ചാര്‍മിനാറിനടുത്ത് ക്ഷേത്രം പണിയും
ഹൈദരാബാദ്: തെലങ്കാനയില്‍ ബിജെപി വര്‍ഗീയ കാര്‍ഡിറക്കുന്നു. അധികാരത്തിലെത്തിയാല്‍ ചാര്‍മിനാറിനടുത്ത് ഭാഗ്യലക്ഷ്മി ക്ഷേത്രം പണിയുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ബണ്ടി സഞ്ജയ് പറഞ്ഞു. ചാര്‍മിനാറിനടുത്തുള്ള താല്‍ക്കാലിക സൗകര്യത്തില്‍ ഒരുക്കിയ ക്ഷേത്രത്തിന് പുരാവസ്തു വകുപ്പിന്റെ അംഗീകാരമില്ല. ഇവിടെയുള്ള താല്‍ക്കാലിക ക്ഷേത്രം വിപുലീകരിക്കുമെന്നാണ് ബിജെപിയുടെ പ്രചാരണം. നിലവില്‍ താല്‍ക്കാലിക സൗകര്യത്തിലാണ് വിഗ്രഹം സ്ഥാപിച്ചിട്ടുള്ളത്. ബിജെപി അധികാരത്തിലെത്തിയ ഉടനെ മനോഹരമായ ഭാഗ്യലക്ഷ്മി ക്ഷേത്രം പണിയും. 125 അടിയില്‍ ബാബാ സാഹിബ് അംബേദ്കറുടെ പ്രതിമയും സ്ഥാപിക്കും. നേരത്തെ ഇവിടെ വലിയ ക്ഷേത്രമുണ്ടായിരുന്നുവെന്നും പിന്നീട് അത് ചെറുതാക്കി മാറ്റിയതാണെന്നും സഞ്ജയ് വാദിക്കുന്നു.

പഴയ പ്രതാപത്തോടെ ക്ഷേത്രം പുനസ്ഥാപിക്കും. ഹൈദരാബാദ് തീവ്രവാദികളുടെയും റോഹിന്‍ഗ്യകളുടെയും അഭയകേന്ദ്രമായിരിക്കുകയാണ്. റോഹിന്‍ഗ്യകളെ ഇവിടെ നിന്ന് ചവിട്ടിപ്പുറത്താക്കണം. ഇക്കാര്യം മഖ്യമന്ത്രി ചന്ദ്രശേഖര റാവുവിനോട് ആവശ്യപ്പെട്ടപ്പോള്‍ ഞങ്ങളെ വര്‍ഗീയ പാര്‍ട്ടിയായി ചിത്രീകരിച്ചു. റോഹിന്‍ഗ്യകളെ സഹായിക്കുന്ന മജ്‌ലിസ് പാര്‍ട്ടിയെ ഞങ്ങള്‍ എന്താണ് വിളിക്കേണ്ടതെന്നും സഞ്ജയ് ചോദിച്ചു.
ചാര്‍മിനാറിനോട് ചേര്‍ന്നുള്ള താല്‍ക്കാലിക ക്ഷേത്രം നിയമവിരുദ്ധമാണ് എന്നാണ് പുരാവസ്തു വകുപ്പ് പറയുന്നത്. ഹൈദരാബാദ് സംസ്ഥാനം ഇന്ത്യന്‍ യൂണിയനില്‍ ലയിച്ചപ്പോള്‍ 1959ലാണ് ഈ ക്ഷേത്രം ഇവിടെ സ്ഥാപിച്ചതെന്ന് ചരിത്ര രേഖകള്‍ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ്ചാര്‍മിനാറും സമീപ പ്രദേശങ്ങളും മുസ്ലിങ്ങള്‍ കൂടുതലായി താമസിക്കുന്ന മേഖലയാണ്. ഇവിടെ സ്ഥാപിച്ച താല്‍ക്കാലിക ക്ഷേത്രം ഹിന്ദു വോട്ട് പിടിക്കാന്‍ ബിജെപി ഉപയോഗിക്കുന്നു എന്ന ആക്ഷേപമാണ് മതേതര കക്ഷികള്‍ ഉന്നയിക്കുന്നത്.
2012ല്‍ ചാര്‍മിനാറിന്റെ പഴയതും പുതിയതുമായ രണ്ട് ചിത്രങ്ങള്‍ ദി ഹിന്ദു പത്രം പ്രസിദ്ധീകരിച്ചിരുന്നു. പഴയ ചിത്രത്തില്‍ ചാര്‍മിനാറിനടുത്ത് ക്ഷേത്രം കാണിക്കുന്നില്ല. എന്നാല്‍ പുതിയ ചിത്രത്തില്‍ ക്ഷേത്രം താല്‍ക്കാലികമായി സ്ഥാപിച്ചതു കാണാം. 1591ലാണ് ചാര്‍മിനാര്‍ സ്ഥാപിച്ചത്. അതിന് മുമ്പ് ഇവിടെ ക്ഷേത്രമുണ്ടായിരുന്നു എന്നാണ് ബിജെപി പറയുന്നത്. ഹൈദരാബാദിന്റെ പഴയ പേര് ഭാഗ്യനഗര്‍ എന്നായിരുന്നു എന്നും ബിജെപി പറയുന്നു. ബിജെപി അവരുടെ പാര്‍ട്ടി രേഖകളില്‍ ഹൈദരാബാദിനെ ഭാഗ്യനഗര്‍ എന്നാണ് വിശേഷിപ്പിക്കാറ്.
ഏറ്റവും ഒടുവില്‍ നടന്ന ഹൈദരാബാദ് മുന്‍സിപ്പല്‍ കോര്‍പറേഷന്‍ തിരഞ്ഞെടുപ്പില്‍ അമിത് ഷാ ഉള്‍പ്പെടെയുള്ള ബിജെപി നേതാക്കള്‍ ഈ ക്ഷേത്രത്തിന് അടുത്ത് നിന്നാണ് പ്രചാരണം ആരംഭിച്ചത്. ബിജെപി ലക്ഷ്യം കണ്ടു എന്നാണ് തിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ വ്യക്തമായത്. 2016ല്‍ ഒരു സീറ്റ് പോലും ലഭിക്കാതിരുന്ന ബിജെപിക്ക് ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 46 സീറ്റ് കിട്ടി.












Click it and Unblock the Notifications