പുതിയ വകഭേദത്തെ കൊവിഡ് വേരിയന്റ് ഓഫ് ഇന്ററസ്റ്റ് ആയി പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന
ജനീവ: കൊവിഡിന്റെ പുതിയ വേരിയന്റ് ജെഎന്‍.1നെ വേരിയന്റ് ഓഫ് ഇന്ററസ്റ്റായി പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന. പുതിയ കൊവിഡ് പല രാജ്യങ്ങളിലും സാന്നിധ്യമറിയിച്ചതിനെ തുടര്‍ന്നാണ് ഇവയെ പ്രത്യേകം ശ്രദ്ധിക്കേണ്ട വിഭാഗങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അതേസമയം ഇവ ആളുകളുടെ ജീവനും ആരോഗ്യത്തിനും വലിയ ഭീഷണിയല്ലെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി.
നിലവില്‍ ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ ഇവയെ ഭയക്കേണ്ടതില്ലെന്നും ഡബ്ല്യുഎച്ച്ഒ പറഞ്ഞു. ബിഎ.2.86ല്‍ നിന്നുള്ള വകഭേദമായതിനാല്‍ കൂടിയാണ് ഇവയെ വേരിയന്റ് ഓഫ് ഇന്ററസ്റ്റായി ലോകാരോഗ്യ സംഘടന കാണുന്നത്. ജെഎന്‍.1നെ തുടര്‍ന്നുള്ള കടുത്ത ആരോഗ്യ പ്രശ്‌നങ്ങളെയും മരണ സാധ്യതകളെയും തടയാന്‍ ഇപ്പോള്‍ ലോകത്ത് ലഭ്യമായിട്ടുള്ള വാക്‌സിനുകള്‍ക്ക് സാധിക്കുമെന്ന് ഡബ്ല്യുഎച്ച്ഒ പറയുന്നു.

യുഎസ്സില്‍ ആകെയുള്ള കൊവിഡ് കേസുകളില്‍ 15 മുതല്‍ 29 ശതമാനം വരെയുള്ളവ ജെഎന്‍.1 മൂലം ഉണ്ടായതാണെന്ന് യുഎസ് സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ അറിയിച്ചു. ഡിസംബര്‍ എട്ട് വരെയുള്ള കണക്കാണിത്. പൊതുജനാരോഗ്യത്തിന് കടുത്ത ഭീഷണിയാണ് ജെഎന്‍.1 എന്നതിന് തെളിനുകളൊന്നും ഇല്ലെന്നും, പുതിയ വാക്‌സിനേഷന്‍ ഇവയെ പ്രതിരോധിക്കുമെന്നും സിഡിസി അറിയിച്ചിരുന്നു.
ജെഎന്‍.1 വകദേഭം ഈ വര്‍ഷം സെപ്റ്റംബറില്‍ യുഎസ്സിലാണ് ആദ്യം കണ്ടെത്തിയത്. ഈ വേരിയന്റ് കാരണം ചൈനയില്‍ ഏഴോളം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു.നിലവില്‍ കേരളത്തിലും പുതിയ വേരിയന്റ് കേസുകള്‍ വര്‍ധിക്കുന്നുണ്ട്. എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര സര്‍ക്കാര്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൂടുതല്‍ ടെസ്റ്റുകള്‍ നടത്താനാണ് നിര്‍ദേശം. അതും ആര്‍ടിപിസിആര്‍ ടെസ്റ്റുകള്‍ക്കാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
പോസിറ്റീവായ സാമ്പിളുകള്‍ ജെനോം സ്വീക്വന്‍സിംഗിനും അയക്കുന്നുണ്ട്. തിരുവനന്തപുരത്തെ കാരക്കുളത്താണ് ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ 24 മണിക്കൂറില്‍ 260 പുതിയ കൊവിഡ് കേസുകളാണ് രാജ്യത്താകെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അതേസമയം കേരളത്തില്‍ കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ആശുപത്രികളില്‍ മാസ്‌ക് ഉപയോഗിക്കണമെന്ന് ആരോഗ്യ മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ നിര്‍ദേശം ഉയര്‍ന്നത്.
ആരോഗ്യപ്രവര്‍ത്തകരും ആശുപത്രികളില്‍ എത്തുന്ന രോഗികളും മാസ്‌ക് ഉപയോഗിക്കണമെന്നാണ് നിര്‍ദേശം. മാസ്‌ക് നിര്‍ബന്ധമാക്കിയിട്ടില്ലെങ്കില്‍ മുന്‍കരുതലായും രോഗ വ്യാപനം തടയാനും ഉപയോഗിക്കണമെന്നാണ് നിര്‍ദേശം. കൊവിഡ് രോഗ വ്യാപനം നിയന്ത്രണ വിധേയമാണെന്ന് ഉന്നതതല യോഗം വിലയിരുത്തി. അനാവശ്യ ഭീതി വേണ്ടെന്നും കടുത്ത നിയന്ത്രണങ്ങളും ആവശ്യമില്ലെന്നും യോഗം വിലയിരുത്തി.












Click it and Unblock the Notifications