പൂജ ഐഎഎസ് കൂടുതല്‍ കുരുക്കിലേക്ക്: സർട്ടിഫിക്കറ്റും വ്യാജമെന്ന്, മെഡിക്കല്‍ പരിശോധനയ്ക്കും വന്നില്ല
മുംബൈ: മഹാരാഷ്ട്രയില്‍ നിന്നുള്ള യുവ ഐ എ എസ് ഓഫീസറായ ഡോക്ടർ പൂജ ഖേഡ്കറാണ് ഇപ്പോള്‍ വാർത്തകളില്‍ നിറയുന്നത്. സ്വകാര്യ വാഹനത്തില്‍ ചുവപ്പും നീലയും നിറത്തിലുള്ള ബീക്കൺ ലൈറ്റ് ഘടിപ്പിച്ച് യാത്ര ചെയ്തതോടെയാണ് പൂജ വിവാദങ്ങളിലേക്ക് കടക്കുന്നത്. വാഹനത്തില്‍ 'മഹാരാഷ്ട്ര സർക്കാർ' എന്ന സ്റ്റിക്കർ ഒട്ടിക്കുകയും ചെയ്തതിരുന്നു.
ഐ എ എസ് ഓഫീസർമാർ ഗസറ്റഡ് പദവിയിൽ നിയമിതയാകും വരെ ഇത്തരം പ്രവർത്തികൾ ചെയ്യാന്‍ പാടില്ല. ഇതോടെ പൂജയ്ക്കെതിരായി പുണെ കലക്ടർ ഡോ.സുഹാസ് ദിവാസെ ചീഫ് സെക്രട്ടറിക്ക് കത്ത് അയക്കുകയും സർക്കാർ നടപടി സ്വീകരിക്കുകയും. സ്ഥാലമാറ്റ നടപടിയാണ് പൂജയ്ക്കെതിരെ സ്വീകരിച്ചിരിക്കുന്നത്. വാഷിം ജില്ലയിലെ സൂപ്പർ ന്യൂമററി അസിസ്റ്റന്റ് കലക്ടറായാണു സ്ഥലം മാറ്റം.

വി ഐ പി നമ്പർ പ്ലേറ്റുള്ള ഔദ്യോഗിക വാഹനവും കൂടുതല്‍ സഹായികളേയും ആവശ്യപ്പെട്ടു, അഡിഷണൽ കലക്ടർ അജയ് മോർ അവധിയിലായിരുന്നപ്പോൾ സ്വന്തം പേരെഴുതിയ ബോർഡ് സ്ഥാപിച്ചു, സ്വന്തമായി ലെറ്റർ ഹെഡും സീലും ആവശ്യപ്പെട്ടു എന്ന് തുടങ്ങിയ പരാമർശങ്ങളും പൂജയ്ക്കെതിരായ റിപ്പോർട്ടിലുണ്ട്.
മഹാരാഷ്ട്ര കേഡറിലെ 2022 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥയാണ് പൂജ ഖേദ്കർ. യുപിഎസ്‌സി പരീക്ഷയിൽ 841-ാം ഓൾ ഇന്ത്യ റാങ്ക് (എഐആർ) നേടിയാണ് സർവ്വീസിലേക്ക് വരുന്നത്. സർവീസിൽ പ്രവേശിക്കാന്‍ വ്യാജ ജാതി സർട്ടിഫിക്കറ്റ് സമർപ്പിച്ചെന്ന ആരോപണം നേരത്തെ തന്നെ നേരിടുന്ന ഉദ്യോഗസ്ഥ കൂടിയാണ് പൂജ ഖേദ്കർ.
കാഴ്ചപരിമിതിയുണ്ടെന്ന് അവകാശപ്പെട്ടാണ് പൂജ പരീക്ഷ എഴുതിയതെന്ന തരത്തിലുള്ള റിപ്പോർട്ടുകളുമുണ്ട്. എന്നാല്‍ മെഡിക്കല്‍ പരിശോധനയ്ക്കായി നിരവധി തവണ വിളിച്ചെങ്കിലും ഇവർ ഹാജരായില്ല. കമ്മിഷൻ്റെ സെലക്ഷൻ കമ്മിറ്റി ആറു തവണ ഡൽഹി എയിംസ് ആശുപത്രിയിൽ വൈദ്യപരിശോധനയ്‌ക്കായി വിളിച്ചുവെങ്കിലും പലകാരണങ്ങളും പറഞ്ഞ് പൂജ ഒഴിഞ്ഞ് മാറുകയായിരുന്നു.
റിട്ടയേർഡ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറായ ഖേദ്കറിൻ്റെ പിതാവ് ദിലീപ് ഖേദ്കർ ട്രെയിനി ഐഎഎസ് ഓഫീസറുടെ ആവശ്യങ്ങൾ നിറവേറ്റുന്നുവെന്ന് ഉറപ്പാക്കാൻ ജില്ലാ കളക്ടറുടെ ഓഫീസിൽ സമ്മർദ്ദം ചെലുത്തിയതായും റിപ്പോർട്ടുണ്ട്. വഞ്ചിത് ബഹുജൻ അഘാഡിയുടെ പിന്തുണയോടെ 2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച് പരാജയപ്പെട്ട വ്യക്തിയാണ് ദിലീപ് ഖേദ്കർ. പൂജയുടെ അമ്മ ഡോ. മനോരമ ഖേദ്കർ ഭൽഗാവിലെ സർപഞ്ച് കൂടിയാണ്.












Click it and Unblock the Notifications