അവസാന നിമിഷം സമ്മർദ്ദ തന്ത്രവുമായി സെൽജ; 'ഹൈക്കമാന്റിന് എന്നെ അവഗണിക്കാനാവില്ല'
ശനിയാഴ്ചയാണ് ഹരിയാനയിൽ വോട്ടെടുപ്പ്. ഇത്തവണ സംസ്ഥാന ഭരണം പിടിക്കാനാകുമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ്. അധികാരം ലഭിച്ചാൽ ആര് മുഖ്യമന്ത്രിയാകുമെന്ന കാര്യത്തിൽ ഇതുവരെ നേതൃത്വം മനസ് തുറന്നിട്ടില്ല. ഇപ്പോഴിതാ മുഖ്യമന്ത്രി പദം ആർക്കെന്ന ചോദ്യങ്ങളോട് പ്രതികരിക്കുകയാണ് മുതിർന്ന നേതാവ് കുമാരി സെൽജ. ഇക്കാര്യത്തിൽ ഹൈക്കമാന്റായിരിക്കും തീരുമാനം കൈക്കൊള്ളുകയെന്നും അതേസമയം നേതൃത്വത്തിന് തന്നെ ഒഴിവാക്കാൻ സാധിക്കില്ലെന്നും സെൽജ പ്രതികരിച്ചു.
'ഹൈക്കമാന്റാണ് ഇക്കാര്യത്തിൽ തീരുമാനം കൈക്കൊള്ളേണ്ടത്. ചില നേതാക്കളെ പാർട്ടി പരിഗണിക്കുന്നുണ്ട്. അക്കൂട്ടത്തിൽ സെൽജയുടെ പേരും ഉണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു. സീനിയോരിറ്റി, പ്രവർത്തനം എന്നിവയെല്ലാം നേതൃത്വം പരിഗണിക്കും. അതുകൊണ്ട് തന്നെ തന്നെ നേതൃത്വം ഒഴിവാക്കുമെന്ന് കരുതുന്നില്ല. എനിക്ക് പാർട്ടിയോടുള്ള പ്രതിബദ്ധതയെ കുറിച്ച് നേതൃത്വത്തിന് യാതൊരു സംശയവും ഉണ്ടാകില്ല', സെൽജ പ്രതികരിച്ചു.

കോൺഗ്രസ് ദളിത് നേതാക്കളെ അവഗണിക്കുകയാണെന്ന വിമർശനങ്ങളോടും അവർ പ്രതികരിച്ചു. 'ആർക്കും ഏതെങ്കിലും പ്രത്യേക വിഭാഗത്തിന്റെ നേതാവ് ആകാൻ സാധിക്കില്ല. എന്നാൽ അവരുടെ നേതാവിന് എന്താണ് സംഭവിക്കുന്നതെന്ന് സമുദായങ്ങൾ കാണുന്നുണ്ട്. അതുകൊണ്ട് എല്ലാ സമുദായങ്ങൾക്കും ഓരോ പ്രതീക്ഷകൾ ഉണ്ട്. ഇതെല്ലാം രാഷ്ട്രീയത്തിന്റെ ഭാഗമാണ്. ഞാൻ ബിജെപയിലേക്ക് ഒരിക്കലും പോയിട്ടില്ല, പോകാൻ ഉദ്ദേശിക്കുന്നും ഇല്ല. എന്തിന് ഞാൻ പോകണം. എന്റെ സംസ്ഥാനത്തെ ജനങ്ങൾക്ക് എന്നെ അറിയാം. സെൽജയെന്നാൽ കോൺഗ്രസ് ആണ്. കോൺഗ്രസ് നേതൃത്വത്തോട് തനിക്ക് യാതൊരു പ്രശ്നങ്ങളുമില്ല', അവർ എഎൻഐക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള താത്പര്യം നേരത്തേ തന്നെ സെൽജ പ്രകടിപ്പിച്ചിരുന്നു. എന്നാൽ ദേശീയ നേതൃത്വത്തിന്റെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ അവർ ലോക്സഭയിലേക്ക് മത്സരിച്ചു. എന്നാൽ നിയമസഭ തിരഞ്ഞെടുപ്പിൽ പാർട്ടി തന്നെ പരിഗണിക്കുമെന്നായിരുന്നു സെൽജയുടെ പ്രതീക്ഷ. അതുണ്ടായില്ലെന്ന് മാത്രമല്ല സെൽജ പക്ഷത്തിലെ പല നേതാക്കളേയും നേതൃത്വം പരിഗണിച്ചില്ല. മറുവശത്ത് മുൻ മുഖ്യമന്ത്രി ഭൂപേന്ദർ സിംഗ് ഹൂഡ വിഭാഗത്തിന് കൂടുതൽ സീറ്റ് അനുവദിക്കുകയും ചെയ്തു. ഇതെല്ലാം സെൽഡ വിഭാഗത്തിനിടയിൽ കടുത്ത അതൃപ്തിക്ക് കാരണമായി.
ഇതിനിടയിൽ പാർട്ടിക്കുള്ളിൽ നിന്നും സെൽജയ്ക്കെതിരെ ജാതി അധിക്ഷേപവും ഉണ്ടായി. തുടർന്ന് കോൺഗ്രസ് പരിപാടികളിൽ നിന്നെല്ലാം വിട്ടുനിൽക്കുകയായിരുന്നു അവർ. സെൽജ ബിജെപിയിലേക്ക് പോയേക്കുമെന്ന അഭ്യൂഹങ്ങളും ഇതിനിടെ ഉയർന്നു. തുടർന്ന് ഹൈക്കമാന‍്റ് ഇടപെട്ട് അവരെ അനുനയിപ്പിക്കുകയായിരുന്നു.


Click it and Unblock the Notifications