സ്റ്റേജിൽ കട്ടകലിപ്പിൽ രാഹുൽ ഗാന്ധി, വീഡിയോ പങ്കിട്ട് അമിത് മാളവ്യ; 'പെരുമാറാൻ പഠിക്കൂ'
ദില്ലി: കോൺഗ്രസ് എം പി രാഹുൽ ഗാന്ധിയ്ക്കെതിരെ ബി ജെ പി. ഹരിയാനയിൽ ഭാരത് ജോഡോ യാത്രയ്ക്കിടയിൽ വേദിയിലെ പെരുമാറ്റത്തെ വിമർശിച്ച് കൊണ്ടാണ് രാഹുലിനെതിരെ ബി ജെ പി രംഗത്തെത്തിയത്. ആൾക്കൂട്ടത്തിനിടയിൽ അസ്വസ്ഥ പ്രകടിപ്പിക്കുകയും സെൽഫിയെടുക്കാനുള്ള പ്രവർത്തകരുടെ ആവശ്യം രാഹുൽ നിഷേധിക്കുന്നതുമാണ് വീഡിയോ. പൊതു ഇടങ്ങളിൽ നന്നായി പെരുമാറാൻ പഠിക്കൂവെന്നാണ് വീഡിയോ പങ്കിട്ട് ബി ജെ പി ഐടി സെൽ തലവൻ അമിത് മാളവ്യ കുറിച്ചത്.

ആന്ധ്രയിൽ നിന്നുള്ള ബി ജെ പി നേതാവായ നഗോത്ത് രമേശ് നായിഡുവും വീഡിയോ പങ്കിട്ടുണ്ട്. രാഹുലിന് എന്താണ് സംഭവിച്ചത്, എന്തിനാണ് അത്ര ദേഷ്യം എന്ന വാക്കുകളോടെയാണ് നായിഡുവിന്റെ ട്വീറ്റ്.
വേദിയിൽ ആൾക്കൂട്ടത്തിന് നടുവിൽ രാഹുൽ ഗാന്ധി നിൽക്കുന്നതാണ് വീഡയോ. ഇതിനിടയിൽ ഒരാൾ സെൽഫിയെടുക്കാൻ ശ്രമിക്കുമ്പോൾ രാഹുൽ അത് തട്ടിമാറ്റുന്നുണ്ട്. തുടർന്ന് ദേഷ്യത്തോടെ വേദിയിൽ നിന്നും പുറത്തേക്ക് പോകുന്നതും വീഡിയോയിൽ കാണാം.അതേസമയം ബി ജെ പിയുടെ വിമർശനങ്ങളോട് കോൺഗ്രസോ രാഹുൽ ഗാന്ധിയോ ഇതുവരെ പ്രതികരിച്ചിട്ടില്ല. നിലവിൽ രാജസ്ഥാനിൽ പ്രവേശിച്ചിരിക്കുകയാണ് രാഹുലിന്റെ ഭാരത് ജോഡോ യാത്ര. 16 ദിവസമാണ് ഇവിടെ രാഹുലിന്റെ പര്യടനം.
അതിനിടെ രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയ്ക്കെതിരെ കേന്ദ്രസർക്കാർ രംഗത്തെത്തി. വിദേശ രാജ്യങ്ങളിൽ കൊവിഡ് കേസുകൾ ഉയരുന്ന പശ്ചാത്തലത്തിൽ ഭാരത് ജോഡോ യാത്രയിൽ കൊവിഡ് ജാഗ്രത പാലിക്കണമെന്നും അത് സാധിച്ചില്ലെങ്കിൽ യാത്ര അവസാനിപ്പിക്കണമെന്നുമാണ് കേന്ദ്രസർക്കാർ അറിയിച്ചിരിക്കുന്നത്. ഇക്കാര്യം ആവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യ മന്ത്രി മൻസൂഖ് മാണ്ഡവ്യ രാഹുൽ ഗാന്ധിക്കും രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിനും കത്തയച്ചിരുന്നു. എന്നാൽ ബി ജെ പി പരിപാടികൾക്ക് യാതൊരു നിയന്ത്രണവും ഏർപ്പെടുത്താൻ തയ്യാറാകാതെ കോൺഗ്രസ് പരിപാടികൾക്ക് നിയന്ത്രണം ഏർപ്പെടുത്തുന്ന കേന്ദ്ര നിലപാട് അംഗീകരിക്കാൻ സാധിക്കില്ലെന്ന് കോൺഗ്രസ് നേതൃത്വം വ്യക്തമാക്കി.
അതേസമയം വിദേശ രാജ്യങ്ങളിലെ കൊവിഡ് കേസുകൾ ഉയരുന്ന പശ്ചാത്തലത്തിൽ രാജ്യത്ത് ജാഗ്രത തുടരണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി വ്യക്തമാക്കി. കോവിഡ് അവസാനിച്ചിട്ടില്ലെന്ന് അടിവരയിട്ട് ആവർത്തിച്ച് പറഞ്ഞ മന്ത്രി, പൂർണ്ണ സജ്ജരാകാനും നിരീക്ഷണം ശക്തമാക്കാനും ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. കോവിഡ് മാനദണ്ഡങ്ങൾ പിന്തുടരാനും കൊവിഡ് പ്രതിരോധ കുത്തിവയ്പ്പ് എടുക്കാനും മന്ത്രി അഭ്യർത്ഥിച്ചു.പുതിയ വകഭേദങ്ങൾ രാജ്യത്ത് പ്രചരിക്കുന്നുണ്ടെങ്കിൽ അവ യഥാസമയം കണ്ടെത്തുന്നുവെന്ന് ഉറപ്പാക്കാൻ, INSACOG നെറ്റ്‌വർക്കിലൂടെ വകഭേദങ്ങൾ നിരീക്ഷിച്ച്, സ്ഥിരീകരിച്ച കോവിഡ് കേസുകളുടെ ജനിതക ശ്രേണീകരണത്തിനുള്ള സംവിധാനം ശക്തിപ്പെടുത്താൻ നിർദ്ദേശം നൽകിയതായും മന്ത്രി അറിയിച്ചു.












Click it and Unblock the Notifications