ജോലിക്ക് കൈക്കൂലി, പിന്നാലെ പാര്‍ട്ടി മാറി, കോടതി കയറിയിറങ്ങിയത് നിരവധി തവണ; ബാലാജിക്കെതിരായ കേസെന്ത്?

ചെന്നൈ: തമിഴ്‌നാട് വൈദ്യുതി മന്ത്രി വി സെന്തില്‍ ബാലാജിയെ ഇഡി അറസ്റ്റ് ചെയ്തത് ഒമ്പത് വര്‍ഷം മുന്‍പുള്ള കേസില്‍. മുന്‍ എഐഡിഎംകെ നേതാവായിരുന്ന സെന്തില്‍ ബാലാജി 2011-16 കാലത്തെ ജയലളിത സര്‍ക്കാരില്‍ ഗതാഗത മന്ത്രിയായിരുന്നു. അന്ന് സംസ്ഥാന ഗതാഗത വകുപ്പിലെ ജോലിക്ക് വേണ്ടി ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് പണം വാങ്ങി എന്നാണ് അദ്ദേഹത്തിനെതിരായ കേസ്.

റിസര്‍വ് ക്രൂ ഡ്രൈവര്‍മാര്‍, ക്രൂ കണ്ടക്ടര്‍മാര്‍, ജൂനിയര്‍ ട്രേഡ്സ്മാന്‍ (ജെടിഎം), ജൂനിയര്‍ അസിസ്റ്റന്റ് (ജെഎ), ജൂനിയര്‍ എഞ്ചിനീയര്‍മാര്‍ എന്നീ തസ്തികകളിലേക്കുള്ള റിക്രൂട്ട്മെന്റ് 2014 നവംബറില്‍ ആണ് പ്രഖ്യാപിക്കുന്നത്. മെട്രോപൊളിറ്റന്‍ ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷനില്‍ ജോലി ആഗ്രഹിച്ചെത്തിയ ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് ബാലാജിയും അനുയായികളും പണം വാങ്ങി എന്നാണ് ആരോപണം.

senthil

ബാലാജിയുടെ സഹായികള്‍ ശുപാര്‍ശ ചെയ്ത ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിയമന ഉത്തരവ് നല്‍കാന്‍ ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥരുമായി ഗൂഢാലോചന നടത്തിയതിനും ചെന്നൈ എംടിസി ഉള്‍പ്പെടെ വിവിധ ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷനുകളിലെ നിയമനങ്ങളില്‍ കൈക്കൂലി വാങ്ങിയതിനുമാണ് ബാലാജിക്കെതിരെ അന്വേഷണം.

പണം നല്‍കിയ ചിലര്‍ക്ക് ജോലി നല്‍കിയെങ്കിലും തിരഞ്ഞെടുപ്പ് വരാനിരിക്കുന്നതിനാല്‍ അത് കഴിഞ്ഞ് ജോലി നല്‍കാമെന്ന് പറഞ്ഞ് മറ്റ് ചിലരെ മാറ്റി നിര്‍ത്തിയിരുന്നു. പിന്നീട് ഇവര്‍ക്ക് ജോലി ലഭിച്ചതുമില്ല. ഇവരാണ് മന്ത്രിക്കെതിരെ പരാതിയുമായി രംഗത്തെത്തിയത്. ഇതിന് പിന്നാലെ സെന്തില്‍ ബാലാജി ഡി എം കെയില്‍ എത്തിയിരുന്നു. ജോലി ലഭിക്കാനുള്ള സാധ്യതകള്‍ മങ്ങിയതോടെ നിരാശരായ ഉദ്യോഗാര്‍ത്ഥികള്‍ തങ്ങളുടെ പണം തിരികെ നല്‍കണമെന്നാവശ്യപ്പെട്ട് രംഗത്തെത്തി.

2018ല്‍ ബാലാജിക്കും മറ്റുള്ളവര്‍ക്കുമെതിരെ നാല് കേസ് രജിസ്റ്റര്‍ ചെയ്തു. ഐപിസി സെക്ഷന്‍ 406 (ക്രിമിനല്‍ വിശ്വാസവഞ്ചന), 420 (വഞ്ചന), 506 (ക്രിമിനല്‍ ഭീഷണിപ്പെടുത്തല്‍) എന്നിവ പ്രകാരം എഫ്ഐആര്‍ ഫയല്‍ ചെയ്യുകയായിരുന്നു. 2019 ല്‍ എം പിമാര്‍ക്കും എം എല്‍ എമാര്‍ക്കുമുള്ള പ്രത്യേക കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തു. 2021 ല്‍ ബാലാജി തനിക്കെതിരെ ഫയല്‍ ചെയ്ത എഫ്‌ഐആറുകള്‍ റദ്ദാക്കണം എന്നാവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു.

കേസിലെ 13 പേരുമായി ഒത്തുതീര്‍പ്പുണ്ടാക്കിയെന്നും പണം തിരികെ നല്‍കിയെന്നും അദ്ദേഹം പറഞ്ഞു. അത് അംഗീകരിച്ച് ഹൈക്കോടതി പ്രത്യേക കോടതിയുടെ നടപടി റദ്ദാക്കി. എന്നാല്‍ പൊലീസ് ഇതിനെ ചോദ്യം ചെയ്യുകയും മദ്രാസ് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുകയും ചെയ്തു. അതിനിടെയാണ് ഇഡി കേസ് ഏറ്റെടുക്കുന്നത്. അഴിമതിയുമായി ബന്ധപ്പെട്ട് ഇഡി നാല് കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും ബാലാജിയെ പ്രതി ചേര്‍ക്കുകയുമായിരുന്നു.

ബാലാജിക്ക് ഇഡി സമന്‍സ് അയയ്ക്കുകയും ചെയ്തു. എന്നാല്‍ ഇത് ചോദ്യം ചെയ്ത് ബാലാജി വീണ്ടും മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു. അദ്ദേഹത്തിന്റെ ഹര്‍ജി അനുവദിച്ചുകൊണ്ട്, 2022 സെപ്റ്റംബറില്‍, ജസ്റ്റിസുമാരായ ടി. രാജ, കെ. കുമരേഷ് ബാബു എന്നിവരുടെ ബെഞ്ച് എഫ്ഐആറുകള്‍ സ്റ്റേ ചെയ്യുകയും ഇഡി പുറപ്പെടുവിച്ച സമന്‍സ് റദ്ദാക്കുകയും ചെയ്തു.

എന്നാല്‍ ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്ത് ഇഡി സുപ്രീംകോടതിയെ സമീപിച്ചു. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍, ജസ്റ്റിസ് എസ്. അബ്ദുള്‍ നസീര്‍ അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ച്, ഹൈക്കോടതിയുടെ ഉത്തരവ് റദ്ദാക്കുകയും ബാലാജിക്കും മറ്റുള്ളവര്‍ക്കുമെതിരെയുള്ള ക്രിമിനല്‍ പരാതി പുനഃസ്ഥാപിക്കുകയും ചെയ്യുകയായിരുന്നു. വൈകാതെ എല്ലാ കേസുകളിലും ഇഡി അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചു.

senthil

ഇതിനെ ചോദ്യം ചെയ്ത് ബാലാജി വീണ്ടും ഹൈക്കോടതിയെ സമീപിച്ചു. ഇഡി നടത്തിയ അന്വേഷണത്തില്‍ ക്രമക്കേടുകളുണ്ടെന്നും അത് ചില നിര്‍ണായക വശങ്ങള്‍ അവഗണിച്ചുവെന്നും സിംഗിള്‍ ബെഞ്ച് നിരീക്ഷിച്ചു. കൂടാതെ, മന്ത്രിക്കെതിരെ രജിസ്റ്റര്‍ ചെയ്ത രണ്ട് കേസുകളില്‍ പുതിയ അന്വേഷണം നടത്തണം എന്നും ജഡ്ജി ഇഡിയോട് നിര്‍ദ്ദേശിച്ചു. എന്നാല്‍ സിംഗിള്‍ ബെഞ്ച് ഉത്തരവിനെ ചോദ്യം ചെയ്ത് ഇഡി സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി.

ഒപ്പം കേസിലെ ചില പരാതിക്കാരും അഴിമതിക്കെതിരെ പ്രചാരണം നടത്തുന്ന അരപ്പൂര്‍ ഇയ്യക്കം എന്ന എന്‍ജിഒയും മദ്രാസ് ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്ത് അപ്പീല്‍ നല്‍കി. ജസ്റ്റിസ് കൃഷ്ണ മുരാരിയുടെ ബെഞ്ചിന് മുമ്പാകെ ഏതാനും കേസുകള്‍ ലിസ്റ്റ് ചെയ്തപ്പോള്‍, ജോലിക്ക് വേണ്ടിയുള്ള പണമിടപാട് കേസുകളുമായി ബന്ധപ്പെട്ട മറ്റ് കേസുകള്‍ ജസ്റ്റിസ് രാമസുബ്രഹ്‌മണ്യന്‍ അധ്യക്ഷനായ ബെഞ്ചിന് മുമ്പാകെയാണ് ലിസ്റ്റ് ചെയ്തത്.

ഇതില്‍ എതിര്‍പ്പ് പ്രകടിപ്പിച്ച ബാലാജി കേസുകള്‍ ഒരൊറ്റ ബെഞ്ച് കേള്‍ക്കാന്‍ ഉത്തരവിടണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ മുരാരി, രാമസുബ്രഹ്‌മണ്യന്‍ എന്നിവരടങ്ങുന്ന പ്രത്യേക ബെഞ്ച് രൂപീകരിക്കുകയായിരുന്നു. എല്ലാ കേസുകളിലും അന്വേഷണ ഉദ്യോഗസ്ഥന്‍ വിശദമായ അന്വേഷണവുമായി മുന്നോട്ട് പോകണം എന്നായിരുന്നു സുപ്രംകോടതി ഇതിന് പിന്നാലെ ഉത്തരവിട്ടത്.

ചെന്നൈയിലെ ബാലാജിയുടെ ഔദ്യോഗിക വസതി, ഫോര്‍ട്ട് സെന്റ് ജോര്‍ജ്ജിലെ സ്റ്റേറ്റ് സെക്രട്ടേറിയറ്റിലെ അദ്ദേഹത്തിന്റെ ഔദ്യോഗിക ചേംബര്‍, ചെന്നൈയിലെ സഹോദരന്‍ അശോകന്റെ വീട് തുടങ്ങി ചെന്നൈയിലെയും കരൂരിലെയും പത്തോളം സ്ഥലങ്ങളില്‍ 18 മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് സെന്തില്‍ ബാലാജിയെ ഇഡി അറസ്റ്റ് ചെയ്തത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+