ബിഹാറിലും 'മഹാരാഷ്ട്ര മോഡൽ' അട്ടിമറിക്ക് ബിജെപി? സൂചന നൽകി എംപി, പ്രതികരിച്ച് നിതീഷ്
ദില്ലി: 2022 ലെ ഏറ്റവും വലിയ രാഷ്ട്രീയ അട്ടിമറിയായിരുന്നു മഹാരാഷ്ട്രയിൽ സംഭവിച്ചത്. ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള മാഹാ വികാസ് അഘാഡി സഖ്യ സർക്കാരിനെ ഓപ്പറേഷൻ താമരയിലൂടെ ബി ജെ പി താഴെയിറക്കുകയായിരുന്നു. എം വി എ സർക്കാരിനെ ഞെട്ടിച്ച് കൊണ്ട് ശിവസേന പക്ഷത്തുള്ള എക്നാഥ് ഷിൻഡെ ഉൾപ്പെടെയുള്ള 30 ഓളം എം എൽ എമാരെ തങ്ങളുടെ പാളയത്തിൽ എത്തിച്ചായിരുന്നു ബി ജെ പിയുടെ അട്ടിമറി നീക്കം.
ഇപ്പോഴിതാ സമാനമായ നീക്കത്തിന് ബിഹാറിലും ബി ജെ പി തയ്യാറെടുക്കുകയാണോയെന്ന അഭ്യൂഹമാണ് ചൂട് പിടിക്കുന്നത്. ബി ജെ പി എംപിയുടെ പ്രസ്താവനയാണ് പുതിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുന്നത്.

ജെ ഡി യു എം എൽ എമാരും എം എൽ എമാരും ബി ജെ പിയുമായി ബന്ധം പുലർത്തുന്നുണ്ടെന്നും അവർ എപ്പോൾ വേണമെങ്കിലും മറുകണ്ടം ചാടാം എന്നുമായിരുന്നു ബി ജെ പി നേതാവായ പ്രദീപ് കുമാർ പറഞ്ഞ്. മഹാരാഷ്ട്രയിലെ പോലൊരു അട്ടിമറി ബിഹാറിൽ എപ്പോൾ വേണമെങ്കിലും സംഭവിക്കാമെന്നും പ്രദീപ് കുമാർ പറയുന്നു.

ജെ ഡി യു തലവൻ നിതീഷ് കുമാർ ഒഴികെയുള്ള നേതാക്കൾ എപ്പോൾ വേണമെങ്കിലും ബി ജെ പിയിലേക്ക് വരാൻ തയ്യാറായി നിൽക്കുകയാണ്. നിതീഷ് കുമാർ ഒഴികെ എല്ലാവർക്ക് മുൻപിലും ബി ജെ പി തങ്ങളുടെ വാതിൽ തുറന്നിട്ടിട്ടുണ്ട്. അധികം താമസിയാതെ, മഹാരാഷ്ട്ര പോലൊരു സാഹചര്യം ബിഹാറിൽ ഉടലെടുക്കും. ജെ ഡി യു നേതാക്കൾ ബി ജെ പിയിലേക്ക് വരും. ഇതൊന്നും താൻ വെറുതെ പറയുന്നതല്ല. പാർട്ടിയുടെ ആഭ്യന്തര രഹസ്യമാണ് പറയുന്നത്. ആത്മവിശ്വാസത്തോടെയാണ് ഇത് പറയുന്നത്. കാത്തിരിക്കൂ, മഹാരാഷ്ട്രയ്ക്ക് സമാനമായ കളിയാണ് ബിഹാറിലും നടക്കുക', പ്രദീപ് കുമാർ പറഞ്ഞു.

'ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള മഹാ വികാസ് അഘാഡി (എം വി എ)സഖ്യത്തിൽ മഹാരാഷ്ട്രയിലെ ജനങ്ങൾ നിരാശരായതുപോലെ ബിഹാറിലെ ജനങ്ങൾക്ക് ജെ ഡി യു-ആർ ജെ ഡി ഭരണസഖ്യത്തിൽ വിശ്വാസം നഷ്ടപ്പെട്ടിരിക്കുകയാണ്. ജെ ഡി യു-ബി ജെ പി സഖ്യത്തിന് അനുകൂലമായിരുന്ന ജനഹിതമാണ് ജെ ഡി യു അട്ടിമറിച്ചത്. നിതീഷ് കുമർ തനിച്ചാകും. പാർട്ടിയിലെ എം എൽ എമാർ നിതീഷിൽ അസ്വസ്ഥരാണ്. ഒരു എംപിയോ എംഎൽഎയോ തേജസ്വിയെ ബീഹാറിന്റെ മുഖ്യമന്ത്രിയായി അംഗീകരിക്കില്ല. ജെഡിയു വരും ദിവസങ്ങളിൽ തകരും, അവർ വെറും ചരിത്രമാകും', പ്രദീപ് കുമാർ പറഞ്ഞു.

അതേസമയം ബി ജെ പി എം പിയുടെ ആരോപണത്തിന് മറുപടിയുമായി നിതീഷ് കുമാർ രംഗത്തെത്തി. പറയുന്നവർ എന്ത് വേണമെങ്കിലും പറയട്ടെയെന്നും ഞങ്ങൾ ഞങ്ങളുടെ ജോലി തുടരുമെന്നും നിതീഷ് കുമാർ പറഞ്ഞു. അവർ എന്ത് വേണമെങ്കിലും പറയട്ടെ. ആർക്കെങ്കിലും സംസാരിക്കണമെങ്കിൽ നമുക്ക് എന്ത് ചെയ്യാൻ കഴിയും? ബീഹാറിലെ ജനങ്ങൾ അവരുടെ സർക്കാരിനെ തിരഞ്ഞെടുപ്പ്, ഞങ്ങൾ അവർക്ക് വേണ്ടി പ്രവർത്തിക്കുന്നു. കഴിഞ്ഞ 17 വർഷമായി ഞാൻ സംസ്ഥാനത്തെ ജനങ്ങളെ സേവിക്കുകയാണ്', നിതീഷ് പറഞ്ഞു. ബി ജെ പിയുടെ മഹാരാഷ്ട്ര തന്ത്രം ബിഹാറിൽ വിലപോകില്ലെന്നായിരുന്നു ഉപമുഖ്യമന്ത്രിയും ആർ ജെ ഡി നേതാവുമായ തേജസ്വി യാദവ് പ്രതികരിച്ചത്. മുൻപ് നടക്കാത്ത കാര്യം ഇപ്പോഴെങ്ങനെ ഇവിടെ നടക്കും', തേജസ്വി ചോദിച്ചു.












Click it and Unblock the Notifications