ചിന്നമ്മ പിടിച്ചത് ജാനകിയുടെ കൊമ്പ്, പനീര്‍ശെല്‍വത്തിന്റെ കൈയ്യില്‍ 'അമ്മ'യുടെ പുളിങ്കൊമ്പ്!!!

Subscribe to Oneindia Malayalam

ചെന്നൈ: അധികാരത്തിനോടുള്ള അത്യാര്‍ത്തി തമിഴ് രാഷ്ട്രീയത്തില്‍ ആദ്യമായല്ല കാണുന്നത്. ശശികലയുടെ കാര്യത്തില്‍ ഇപ്പോള്‍ ചരിത്രം ആവര്‍ത്തിക്കുകയാണ്. അത് എഐഎഡിഎംകെയുടെ ചരിത്രം തന്നെയാണ് എന്നതാണ് രസകരമായ കാര്യം.

പണ്ട് എംജിആര്‍ മരിച്ചപ്പോള്‍ തമിഴകത്ത് സംഭവിച്ച രാഷ്ട്രീയ നാടകങ്ങളുടെ തനിയാവര്‍ത്തനമാണ് ഇപ്പോള്‍ സംഭവിക്കുന്നത് എന്ന് തന്നെ പറയാനാകും. അന്ന് എംജിആറിന്റെ ഭാര്യ ജാനകിയായിരുന്നു ചിന്നമ്മയുടെ റോളില്‍ എന്ന് മാത്രം.

അന്ന് ഒറ്റപ്പെട്ടത് ജയലളിതയായിരുന്നുവെങ്കില്‍ ഇന്നത് പനീര്‍ശെല്‍വം ആണ്. എന്നാല്‍ ചരിത്രം തെളിയിച്ചത് മറ്റൊന്നായിരുന്നു.

എംജിആര്‍ മരിച്ചപ്പോള്‍ ഭാര്യ, ജയ മരിച്ചപ്പോഴോ

1987 ആണ് എംജിആര്‍ മരിക്കുന്നത്. അധികാരത്തര്‍ക്കം അപ്പോള്‍ തന്നെ ഉടലെടുത്തു. എംജിആറിന്റെ ഭാര്യ ജാനകിയും ഇദയക്കനി ജയലളിതയും തമ്മിലായിരുന്നു തര്‍ക്കം.

ജയക്കൊപ്പം വെറും 33, ജാനകിയുടെ കൈയ്യിലോ?

അന്ന് പാര്‍ട്ടി പിളരുമ്പോള്‍ ജയലളിതയ്‌ക്കൊപ്പം വെറും 33 എംഎല്‍എമാര്‍ മാത്രമാണ് ഉണ്ടായിരുന്നത്. പാര്‍ട്ടി കൈയ്യടക്കിയ ജാനകിയ്‌ക്കൊപ്പം 72 എംഎല്‍എമാരുണ്ടായിരുന്നു.

അന്നും കുതിരക്കച്ചവടം?

എംജിആര്‍ മരിച്ച് രണ്ട് ആഴ്ചയ്ക്കകം ഭാര്യ ജാനതി തമിഴകത്തിന്റെ ആദ്യ വനിത മുഖ്യമന്ത്രിയായി അധികാരമേറ്റു. എന്നാല്‍ പിന്നീട് കണ്ടത് ഇപ്പോള്‍ നടക്കുന്നതിന് സമാനമായ സംഗതികളായിരുന്നു.

എംഎല്‍എമാരെ ഒളിപ്പിച്ച ജാനകി

എംഎല്‍എമാര്‍ കൈവിട്ട് പോകുമോ എന്ന് ഭയന്ന ജാനകി അന്ന് ചെയ്തത് ഇന്ന് ശശികല ചെയ്തതുപോലെയുള്ള തന്ത്രം തന്നെയാണ്. കൂടെയുള്ള എംഎല്‍എമാരെ ഒളിപ്പിച്ചു, ഡിഎംകെ അടക്കമുള്ളവരോടെ സഹായം തേടി.

ഗവര്‍ണര്‍ കളിച്ചു... ജാനകി പുറത്ത്, കലൈഞ്ജര്‍ അകത്ത്

അന്ന് ഗവര്‍ണര്‍ ആയിരുന്നത് സുന്ദര്‍ലാല്‍ ഖുറാന ആയിരുന്നു. നിയമസഭ പിരിച്ചുവിട്ടു, തിരഞ്ഞെടുപ്പിന് കളമൊരുങ്ങി. ചരിത്രത്തിലെ തന്നെ മികച്ച ഭൂരിപക്ഷവുമായി ഡിഎംകെ അധികാരത്തിലേറി.

ശശികല ജാനകിയുടെ റോളില്‍

ഇപ്പോള്‍ ജയലളിതയുടെ മരണ ശേഷം ജാനകിയുടെ റോളില്‍ ശശികലയാണെന്ന് പറയേണ്ടി വരും. അധികാരത്തിന് വേണ്ടിയുള്ള ആര്‍ത്തിയില്‍ ജനപിന്തുണയുടെ കാര്യം പോലും ചിന്തിക്കുന്നുണ്ടോ എന്ന് സംശയം തോന്നിയാല്‍ കുറ്റം പറയാന്‍ പറ്റില്ല.

പനീര്‍ശെല്‍വം ജയയുടെ വഴിയില്‍

എംജിആര്‍ മരിച്ചപ്പോളള്‍ എല്ലാ അധികാര കേന്ദ്രങ്ങളില്‍ നിന്നും മാറ്റി നിര്‍ത്തപ്പെട്ട ആളാണ് ജയലളിത. എന്നാല്‍ ജനപിന്തുണ കൊണ്ട് ജയ തിരിച്ചുവന്നു. ഇപ്പോള്‍ പനീര്‍ശെല്‍വത്തിന്റെ കാര്യത്തിലും തമിഴ് നാട്ടില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത് അത് തന്നെയാണ്.

അന്ന് ഒരുമിച്ചു... ഇന്നത് നടക്കുമോ?

അന്ന് തിരഞ്ഞെടുപ്പില്‍ ശക്തമായ തിരിച്ചടി കിട്ടിയതിന് ശേഷം ജാനകിയും ജയലളിതയും ഒന്നിച്ചു. എന്നാല്‍ ഇന്നത്തെ സാഹചര്യത്തില്‍ ശശികലയും പനീര്‍ശെല്‍വവും ഒരുമിക്കാനുള്ള ഒരു സാധ്യതയും കാണുന്നില്ല.

ഭരണം പിടിക്കുമോ ഡിഎംകെ

കാര്യങ്ങള്‍ ഇത്തരത്തില്‍ മുന്നോട്ട് പോകുമ്പോള്‍ ഗവര്‍ണര്‍ നിയമസഭ തന്നെ പിരിച്ചുവിടാനുള്ള സാധ്യത തളളിക്കളയാന്‍ പറ്റില്ല. അങ്ങനെയെങ്കില്‍ 1988 ആവര്‍ത്തിക്കുമോ എന്നും കാത്തിരുന്ന് കാണേണ്ടി വരും.

English summary
Will History repeat in Tamil Nadu politics? What will be the date of Sasikala?
Please Wait while comments are loading...