അദാനി മുതല്‍ അംബേദ്കര്‍ വരെ, കരുത്ത് കാട്ടി 'ഇന്ത്യ', പതറി ബിജെപി, സംഭവബഹുലമായി ശൈത്യകാല സമ്മേളനം
ഡല്‍ഹി: സഭയ്ക്കുള്ളിലെ പ്രതിഷേധം മുതല്‍ സഭയ്ക്ക് പുറത്തെ കയ്യാങ്കളി വരെ നീണ്ട നാടകീയ മുഹൂര്‍ത്തങ്ങള്‍ക്കൊടുവില്‍ പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിന് സമാപനം. പ്രിയങ്ക ഗാന്ധിയുടെ കന്നി ലോക്‌സഭാ പ്രസംഗത്തില്‍ നിന്ന് തുടങ്ങി രാഹുല്‍ ഗാന്ധിക്ക് എതിരെയുളള കേസ് വരെ പോകുന്നു ഇക്കുറി കാര്യങ്ങള്‍. അദാനി മുതല്‍ അംബേദ്കര്‍ വരെ നീളുന്ന വിഷയങ്ങള്‍ ലോക്‌സഭയുടേയും രാജ്യസഭയുടേയും അകത്തളങ്ങളെ ചൂടുപിടിപ്പിച്ചു.
നവംബര്‍ 15നാണ് പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനം തുടങ്ങിയത്. നിരവധി വിഷയങ്ങളില്‍ ഭരണപക്ഷവും പ്രതിപക്ഷവും നേര്‍ക്ക് നേര്‍ കൊമ്പ് കോര്‍ത്തു. സഭയില്‍ പക്ഷപാതിത്വം കാണിക്കുന്നു എന്നാരോപിച്ച് രാജ്യസഭാ ചെയര്‍മാന്‍ ജഗ്ദീപ് ധന്‍കറിന് എതിരെ പ്രതിപക്ഷം അവിശ്വാസ പ്രമേയം കൊണ്ടുവന്നെങ്കിലും തള്ളപ്പെട്ടു.

അദാനി വിഷയം വീണ്ടും ചര്‍ച്ചയാക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചെങ്കിലും അത് ഇന്ത്യ സഖ്യത്തിലെ വിള്ളല്‍ മറനീക്കി പുറത്തേക്ക് വരുത്താനാണ് പ്രധാനമായും കാരണമായത്. തൃണമൂല്‍ അടക്കമുളളവര്‍ കോണ്‍ഗ്രസിനൊപ്പം മുന്നിട്ടിറങ്ങാത്തത് പ്രതിപക്ഷത്ത് കല്ലുകടിയായി. അദാനി വിഷയത്തില്‍ പ്രതിരോധത്തിലായ ബിജെപി പരിചയായി ജോര്‍ജ് സോറസ്-കോണ്‍ഗ്രസ് ബന്ധം എന്ന ആരോപണം ഉയര്‍ത്തി. രാഹുലിനേയും പ്രിയങ്കയേയും ഉന്നം വെച്ചായിരുന്നു നീക്കം. ഇതോടെ ചര്‍ച്ചകള്‍ ചൂടുപിടിച്ചെന്ന് തോന്നിയെങ്കിലും സോറസ് വിഷയം കരുതിയത് പോലെ അത്ര വിജയമാക്കാന്‍ ബിജെപിക്ക് സാധിച്ചില്ല.
ഈ ശൈത്യകാല സമ്മേളനത്തില്‍ ബിജെപി സര്‍ക്കാരിന് നേട്ടമായത് ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ബില്‍ ആണെന്ന് പറയാം. ലോക്‌സഭയില്‍ കഴിഞ്ഞ ദിവസം നിയമമന്ത്രി ബില്‍ അവതരിപ്പിച്ചു. വലിയ പ്രതിഷേധം പ്രതിപക്ഷം ഉയര്‍ത്തിയെങ്കിലും വോട്ടെടുപ്പിലൂടെ ബില്ലുമായി മുന്നോട്ട് പോകാന്‍ സര്‍ക്കാരിന് സാധിച്ചു. ബില്‍ ജെപിസിയുടെ പരിഗണനയ്ക്ക് വിട്ടിരിക്കുകയാണ്.269 പേര്‍ ബില്ലിനെ അനുകൂലിച്ചും 198 പേര്‍ എതിര്‍ത്തും വോട്ട് ചെയ്തു. എന്നാല്‍ വിപ് നല്‍കിയിട്ടും 20 എംപിമാര്‍ ഹാജരാകാതിരുന്നത് ബിജെപിയെ തന്നെ ഞെട്ടിച്ചു. കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി, ജ്യോതിരാദിത്യ സിന്ധ്യ അടക്കമുളള പ്രമുഖരാണ് വിട്ട് നിന്നത് എന്നതാണ് ശ്രദ്ധേയം. 20 പേര്‍ക്കും പാര്‍ട്ടി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരിക്കുകയാണ്.
അതിനിടെ അമിത് ഷായുടെ വിവാദ അംബേദ്കര്‍ പ്രസംഗം വിള്ളല്‍ വീണ പ്രതിപക്ഷത്തിന് തിരിച്ച് വരവിനുളള വമ്പന്‍ അവസരമാണ് തുറന്നത്. അംബേദ്കറുടെ പേര് പറയുന്ന സമയത്ത് ദൈവനാമം ജപിച്ചാല്‍ സ്വര്‍ഗമെങ്കിലും കിട്ടും എന്നായിരുന്നു അമിത് ഷാ രാജ്യസഭയിലെ പ്രസംഗത്തില്‍ പറഞ്ഞത്. ഇതോടെ സഭയ്ക്കുളളിലെ ചര്‍ച്ചകള്‍ പാര്‍ലമെന്റ് വളപ്പിലെ പ്രതിഷേധങ്ങളിലേക്ക് നീങ്ങി.
അദാനി വിഷയത്തില്‍ വിട്ട് നിന്ന തൃണമൂല്‍ അടക്കമുളളവര്‍ കോണ്‍ഗ്രസിനൊപ്പം പ്രതിഷേധത്തിനിറങ്ങി. അംബേദ്കറുടെ ചിത്രങ്ങളേന്തിയും നീല വസ്ത്രങ്ങളിഞ്ഞു പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കി. പ്രതിരോധിക്കാന്‍ ഭരണപക്ഷ എംപിമാരും കളത്തിലേക്ക് ഇറങ്ങിയതോടെ കാര്യങ്ങള്‍ കയ്യാങ്കളിയിലേക്കും നീങ്ങി. ബിജെപി എംപിക്ക് പരിക്ക് പറ്റിയതും രാഹുല്‍ ഗാന്ധിയാണ് തള്ളിയിട്ടതെന്ന ആരോപണവും ഒടുവില്‍ കേസിലേക്കും എത്തി.
ശൈത്യകാല സമ്മേളനത്തിന്റെ അവസാന ദിവസമായ ഇന്നും അംബേദ്കര്‍ തന്നെയാണ് സഭയില്‍ നിറഞ്ഞ് നിന്നത്. വിജയ് ചൗക്കില്‍ നിന്നും പ്രതിഷേധ മാര്‍ച്ചായാണ് ഇന്ത്യ സഖ്യത്തിലെ എംപിമാര്‍ പാര്‍ലമെന്റിലേക്ക് എത്തിയത്. അമിത് ഷാ രാജി വെയ്ക്കണം എന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. പ്രതിഷേധങ്ങള്‍ക്ക് നടുവില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളും കാര്യമായ കാര്യപരിപാടികളൊന്നും നടത്താനാകാതെ അനിശ്ചിത കാലത്തേക്ക് പിരിഞ്ഞു.












Click it and Unblock the Notifications