ജനറൽ കോച്ച് പ്രസവമുറിയാക്കി സഹയാത്രികർ; യല്ലമ്മയ്ക്ക് രണ്ടാം വട്ടവും ട്രെയിനിൽ സുഖപ്രസവം
റായ്ബാഗ് : യാത്രയ്ക്കിടയിൽ പ്രസവവേദന അനുഭവപ്പെട്ട യുവതിക്ക് ട്രെയിനുള്ളിൽ സുഖപ്രസവം. യല്ലമ്മ മയൂർ ഗെയ്ക് വാദ് എന്ന ഇരുപത്തി മൂന്നുകാരിയാണ് ട്രെയിനിനുള്ളിൽവെച്ച് ആൺകുഞ്ഞിന് ജന്മം നൽകിയത്.
യെല്ലമ്മയുടെ മൂന്നാമത്തെ പ്രസവമായിരുന്നു ഇത്.
യുവതിക്ക് പ്രസവ വേദനയെടുത്തതിനെ തുടർന്ന് കംപാർട്ട്മെന്റിലുള്ളവെരാക്കെ പരിഭ്രാന്തരായെങ്കിലും യല്ലമ്മയ്ക്ക് ടെൻഷൻ ഇല്ലായിരുന്നു. കാരണം കഴിഞ്ഞ വർഷം യല്ലമ്മ തന്റെ രണ്ടാമത്തെ കുഞ്ഞിന് ജന്മം നൽകിയതും ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിനുള്ളിൽ വെച്ചായിരുന്നു.

പ്രസവ തീയതി അടുത്തതോടെ കോലാപൂരിൽ നിന്നും റായ്ബാഗിലുള്ള തന്റെ വീട്ടിലേക്ക് പുറപ്പെട്ടതാണ് യെല്ലമ്മ,. ഭർത്താവിന്റെ സഹോദരിയും യെല്ലമ്മയ്ക്കൊപ്പം ഉണ്ടായിരുന്നു. യാത്രാ മധ്യേ യല്ലമ്മയ്ക്ക് പ്രസവവേദന എടുക്കുകയായിരുന്നു.
തിരക്കുള്ള കംപാർട്ട്മെന്റിലായിരുന്നു യാത്ര. യുവതി വേദനകൊണ്ട് പുളയുന്നതുകൊണ്ട് സഹയാത്രികർ ഇരിക്കാനായി സീറ്റ് നൽകി. ഇതിനിടെ അധികൃതർ ആംബുലൻസ് വിളിച്ച് തൊട്ടടുത്ത സ്റ്റേഷനിൽ വരാൻ ആവശ്യപ്പെട്ടു. എന്നാൽ വേദന കലശലായതോടെ ബെഡ്ഷീറ്റുകൊണ്ട് മറച്ച് ട്രെയിനിനുള്ളിൽ ലേബർ റൂമൊരുക്കി.
ഭർത്യസഹോദരിയും ട്രെയിനിൽ ഉണ്ടായിരുന്ന മറ്റ് വനിതാ യാത്രക്കാരും ചേർന്നാണ് യല്ലമ്മയുടെ പ്രസവമെടുത്തത്. റായ്ബാഗ് സ്റ്റേഷനിലെത്തിയപ്പോൾ യല്ലമ്മയേയും കുഞ്ഞിനേയും സുരക്ഷിതമായി ആംബുലൻസിലേക്ക് മാറ്റി. അര മണിക്കൂറോളം സ്റ്റേഷനിൽ ട്രെയിൻ നിർത്തിയിട്ടു.
റായ് ബാഗ് താലൂക്ക് ആശുപത്രിയിലാണ് അമ്മയും കുഞ്ഞും ഇപ്പോഴുള്ളത്. ഇരുവരും സുഖമായിരിക്കുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു.
കഴിഞ്ഞ വർഷം മഹാരാഷ്ട്ര അതിർത്തിയിലെ ഹടകനാകലെ സ്റ്റേഷന് സമീപത്തായി ഓടുന്ന ട്രെയിനിൽ വച്ചായിരുന്നു രണ്ടാമത്തെ ആൺകുഞ്ഞിന് യല്ലമ്മ ജന്മം നൽകിയത്. കോലാപൂരിൽ വീട്ടുജോലിക്കാരിയാണ് യല്ലമ്മ. നിർമാണ തൊഴിലാളിയാണ് ഭർത്താവ്.












Click it and Unblock the Notifications