സൺഗ്ലാസും നല്ല വസ്ത്രങ്ങളും ധരിച്ചു; ഗുജറാത്തിൽ ദളിത് യുവാവിന് മർദ്ദനം
അഹമ്മദാബാദ്: നല്ല വസ്ത്രങ്ങളും സൺഗ്ലാസും ധരിച്ചതിന് ദളിത് യുവാവിനെ മർദ്ദിച്ച് മേൽജാതിക്കാരായ യുവാക്കൾ. ഗുജറാത്തിലെ ഭനസ്കന്ത ജില്ലയിലെ പാലൻപൂരിലെ മോട്ട ഗ്രാമത്തിലാണ് സംഭവം. ജിഗർ ഷെഖാലിയ എന്ന യുവാവിനും അമ്മയ്ക്കുമാണ് മർദ്ദനം ഏറ്റത്. രജപുത്ര സമുദായാംഗങ്ങളാണ് ആക്രമിച്ചത്. യുവാവിന്റെ പരാതിയിൽ സംഭവത്തിൽ ഏഴ് പേർക്കെതിരെ പോലീസ് കേസെടുത്തു.
ചൊവ്വാഴ്ച രാവിലെ വീടിന് മുൻപിൽ നിൽക്കുകയായിരുന്ന യുവാവിനെ അക്രമി സംഘത്തിലെ ഒരാൾ വന്ന് ആദ്യം ഭീഷണിപ്പെടുത്തുകയായിരുന്നു. നിന്റെ രീതികൾ അതിര് കടക്കുന്നുണ്ടെന്നും ഇനിയും തുടർന്നാൽ കൊന്ന് കളയുമെന്നുമായിരുന്നു ഭീഷണി. പിന്നീട് രാത്രി ഗ്രാമത്തിലെ ക്ഷേത്രത്തിന് സമീപം യുവാവ് നിൽക്കുമ്പോൾ രജപുത്ര സമുദായാംഗങ്ങളായ ഏഴ് പേർ എത്തി മർദ്ദിക്കുകയായിരുന്നു.

നല്ല വസ്ത്രങ്ങളും സൺഗ്ലാസും ധരിക്കുന്നത് എന്തിനാണെന്ന് ചോദിച്ചായിരുന്നു കയ്യിലിരുന്ന വടികൊണ്ട് അക്രമികൾ മർദ്ദിച്ചതെന്ന് യുവാവ് പരാതിയിൽ പറയുന്നു. മകനെ തല്ലുന്നത് കണ്ട് ഓടിയെത്തിയ അമ്മയേയും അക്രമികൾ തല്ലിച്ചതച്ചു. സ്ത്രീയുടെ വസ്ത്രം വലിച്ച് കീറുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നുണ്ട്. ഇരുവരും പിന്നീട് ആശുപത്രിയിൽ ചികിത്സ തേടി.
അതേസമയം യുവാവിന്റെ പരാതിയിൽ പട്ടിക ജാതി വകുപ്പുകൾ പ്രകാരം യുവാക്കൾക്കെതിരെ കേസെടുത്തതായി പോലീസ് അറിയിച്ചു. പ്രതികൾ നിലവിൽ ഒളിവിലാണെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് പറഞ്ഞു.












Click it and Unblock the Notifications