'യെ ദിൽ മാംഗേ മോർ'; ക്യാപ്റ്റൻ വിക്രം ബത്ര..കാർഗിൽ പോരാട്ടത്തിലെ നിർഭയനായ നായകൻ
കാർഗിൽ എന്നാൽ വിജയമാണ്. പോരാടിയും ചെറുത്ത് നിന്നും ജീവൻ നല്കിയും രാജ്യം തിരിച്ചുപിടിച്ച ഭൂമി. ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും മഹത്തായ
പോരാട്ടങ്ങളുടെ പട്ടികയിൽ കാര്‍ഗിലിൽ നേടിയ വിജയത്തിന് മാറ്റേറേയുണ്ട്. രാജ്യത്തിന് വേണ്ടി ജീവൻ ബലിയർപ്പിച്ച സൈനികരുടെ പേരുകൾ പറയാതെ കർഗിലിന്റെ ചിത്രം അപൂർണ്ണമാണ്. ആ തീവ്രപോരാട്ടത്തിൽ എടുത്ത് പറയേണ്ട പേരാണ് ക്യാപ്റ്റൻ വിക്രം ബത്ര. അസാധാരണമായ ധൈര്യവും ഇളക്കമില്ലാത്ത രാജ്യസ്നേഹവും കൊണ്ട് കാർഗിൽ യുദ്ധ ചരിത്രത്തിൽ അമരത്വത്തിലേക്ക് പൊരുതി കയറിയ ധീരൻ.
ഹിമാചൽപ്രദേശിലെ പാലംപുരിലുള്ള ഘുഗ്ഗറിലാണ് വിക്രം ബത്ര ജനിച്ചത്. വളരെ ചെറുപ്പത്തിൽ തന്നെ സൈന്യത്തിൽ ചേരണമെന്ന് ബത്ര സ്വപ്നം കണ്ടിരുന്നു. കോളേജ് പഠനശേഷം ഹോങ്കോങ്ങിലെ ഒരു ഷിപ്പിങ്ങ് കമ്പനിയിൽ മർച്ചന്റ് നേവി ഉദ്യോഗസ്ഥനായി ബത്ര നിയമിതനായി. ഉയർന്ന ശമ്പളം ലഭിച്ചെങ്കിലും രാജ്യത്തിന് വേണ്ടി പോരാടണമെന്ന തീവ്ര ആഗ്രഹത്തിലായിരുന്നു ബത്ര. ഒടുവിൽ ആ ജോലി രാജിവെച്ചാണ് അദ്ദേഹം സൈന്യത്തിന്റെ ഭാഗമാകുന്നത്. ഇന്ത്യൻ മിലിറ്ററി അക്കാദമിയുടെ 101ാം ബാച്ചിലാണ് അദ്ദേഹം പരിശീലനം പൂർത്തിയാക്കിയത്. ദുർഘടമായ പരിശീലനങ്ങളിൽ താത്പര്യം കാണിച്ചിരുന്നില്ല ബത്രയെന്ന് അദ്ദേഹത്തിന്റെ ബാച്ച് അംഗങ്ങൾ ഇപ്പോഴും ഓർക്കുന്നു. എന്നാൽ രാജ്യത്തിന് വേണ്ടി തന്റെ ജീവൻ കൊടുത്ത് പോരാടാൻ അദ്ദേഹത്തിന് ഒരു ആലോചന പോലും വേണ്ടി വന്നിരുന്നില്ല.

കാർഗിൽ യുദ്ധം ആരംഭിച്ച് ഒരു മാസം കഴിഞ്ഞപ്പോഴായിരുന്നു ബത്രയുടെ ബറ്റാലിയൻ യുദ്ധത്തിൽ അണിനിരന്നത്. 1999 ജൂൺ ഒമ്പതിന് ദ്രാസിലെ പോയിൻറെ 5140 മലനിരയിലേക്ക് പാക്കിസ്ഥാൻ വെടിയുണ്ടകൾ വകവയ്ക്കാതെ ബത്ര വലിഞ്ഞുകയറി. ശക്തമായ പോരാട്ടത്തിനൊടുവിൽ ദ്രാസ് പോയിന്റ് പിടിച്ചെടുക്കാൻ ബത്രയ്ക്കും സംഘത്തിനും കഴിഞ്ഞു. ഈ സമയത്ത് തന്റെ സംഘത്തിന് ആവേശം പകർന്ന് ഒരു സന്ദേശം കൈമാറി,'ദിൽ മാംഗേ മോർ'എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. വിക്രം ബത്രയുടെ പേരിനൊപ്പം യുദ്ധ ചരിത്രത്തിൽ ഈ മുദ്രാവാക്യവും മുഴങ്ങുന്നു.
ദാസ് പോയിന്റെ തിരിച്ച് പിടിച്ചതിന് ശേഷം മുഷ്കോഹ് വാലിയിലെ 4875 പോയിന്റ് തിരിച്ചുപിടിക്കുന്നതിനിടെയാണ് ബത്രയ്ക്ക് പാക് വെടിവെയ്പ്പിൽ പരിക്കേൽക്കുന്നത്. ഇതിനിടയിൽ സംഘത്തിലെ മറ്റൊരു സൈനികനെ ശത്രുക്കളിൽ നിന്നും രക്ഷിക്കാനുള്ള ശ്രമത്തിനിടെ പാക് ആക്രമണത്തിൽ ആദ്ദേഹത്തിനേറ്റ പരിക്ക് ഗുരുതരമായി വൈകാതെ അദ്ദേഹം വീരചരമം അടയുകയായിരുന്നു.
മരണശേഷം ഇന്ത്യയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ബഹുമതിയായ പരംവീർ ചക്ര ക്യാപ്റ്റൻ വിക്രം ബത്രയ്ക്ക് നൽകി അദ്ദേഹത്തെ രാജ്യം ആദരിച്ചു. കാർഗിൽ യുദ്ധകാലത്ത് ബത്ര തന്റെ ജീവൻ കൊടുത്ത് പോരാടിയ ആ കുന്നിൻപ്രദേശത്തിനും ബത്രയുടെ പേര് നൽകി. ബത്ര ടോപ് എന്നാണ് ആ പ്രദേശം ഇപ്പോൾ അറിയപ്പെടുന്നത്.












Click it and Unblock the Notifications