തബല മാന്ത്രികന്‍ സാക്കിര്‍ ഹുസൈൻ അന്തരിച്ചു; സ്ഥിരീകരിച്ച് കുടുംബം
മുംബൈ: പ്രശസ്ത തബലിസ്റ്റ് സാക്കീർ ഹുസൈൻ (73) അന്തരിച്ചു. ഹൃദയസംബന്ധമായ പ്രശ്നങ്ങളെ തുടര്‍ന്ന് അമേരിക്കയിലെ സാന്‍ഫ്രാന്‍സിസ്‌കോയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെയാണ് അദ്ദേഹത്തിന്റെ മരണം കുടുംബം സ്ഥിരീകരിച്ചത്.
ഞായറാഴ്ച രാത്രി അദ്ദേഹം മരണപ്പെട്ടതായി വാർത്തകൾ എന്നിരുന്നു. കേന്ദ്ര വാർത്താവിതരണ മന്ത്രാലയമടക്കം വാർത്ത സ്ഥിരീകരിച്ചതോടെ നിരവധിപേർ അദ്ദേഹത്തിന് ആദരാഞ്ജലി അർപ്പിച്ച് രംഗത്തെത്തി. എന്നാൽ പിന്നീട് കുടുംബം ഇക്കാര്യം നിഷേധിച്ചു. അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി ഗുരുതരമാണെന്നും അദ്ദേഹത്തിന്റെ തിരിച്ചുവരവിനായി പ്രാർത്ഥിക്കണമെന്നും കുടുംബം ആരാധകരോട് അഭ്യർത്ഥിച്ചു. ഇതോടെ മാധ്യമങ്ങൾ വാർത്ത പിൻവലിച്ചു. ഇതിന് പിന്നാലെ ഇന്ത്യൻ സമയം ഇന്ന് പുലർച്ചയോടെയാണ് അദ്ദേഹത്തിന്റെ കുടുംബം മരണം സ്ഥിരീകരിച്ചത്.

തബലയെ ലോകപ്രശസ്തമാക്കിയ മാന്ത്രികനാണ് സാക്കീർ ഹുസൈൻ. 1951 ലാണ് അദ്ദേഹത്തിന്റെ ജനനം. 12ാം വയസുമുതൽ അദ്ദേഹം തബലയിൽ കച്ചേരി അവതരിപ്പിച്ച് തുടങ്ങിയിരുന്നു. പിതാവ് അള്ളാ റഖാ ഖാനായിരുന്നു അദ്ദേഹത്തിന്റെ ഗുരു.
1999 ൽ യുണൈറ്റഡ് നാഷണല്‍ എന്‍ഡോവ്മെന്റ് ഫോര്‍ ആര്‍ട്സ് നാഷണല്‍ ഹെറിറ്റേജ് ഫെലോഷിപ്പ് നേടി. യുസിൽ കലാകാരൻമാർക്ക് നൽകുന്ന ഏറ്റവും ഉയർന്ന ബഹുമതിയാണിത്. രാജ്യം പത്മശ്രീയും പത്മഭൂഷണും പത്മവിഭൂഷണും നൽകി ആദരിച്ചിട്ടുണ്ട്. 2009-ൽ സമകാലിക ലോക സംഗീത ആൽബം വിഭാഗത്തിൽ ഗ്രാമി പുരസ്‌കാരവും നേടി. ബീറ്റിൽസ് ഉൾപ്പെടെ നിരവധി പാശ്ചാത്യ സംഗീതജ്ഞരുമായി സഹകരിച്ച് പ്രവർത്തിച്ചിട്ടുണ്ട്.
അനുശോചിച്ച് മുഖ്യമന്ത്രി
സംസ്കാരങ്ങളും ഭാഷകളും രാജ്യാതിർത്തികളും കടന്ന് ലോകമാകെയുള്ള സംഗീത പ്രേമികളുടെ ഹൃദയങ്ങളെ കീഴടക്കിയ തബല വിദ്വാനാണ് ഉസ്താദ് സക്കീർ ഹുസൈനെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ത്യൻ ക്ലാസിക്കൽ സംഗീത പാരമ്പര്യത്തിൽ ആഴത്തിലുള്ള ജ്ഞാനവും അപാരമായ സിദ്ധിയും സക്കീർ ഹുസൈനെ അനുപമനായ സംഗീതജ്ഞനാക്കി മാറ്റി. അതോടൊപ്പം ലോകസംഗീതവും അതിലെ സമകാലിക ഭാവുകത്വങ്ങളും തന്റെ കലയിൽ അദ്ദേഹം വിലയിപ്പിക്കുകയും അനുവാചകരെ നിരന്തരം വിസ്മയിപ്പിക്കുകയും ചെയ്തു. രാജ്യത്തിന് അഭിമാനം പകരുന്ന ഗ്രാമി ഉൾപ്പെടെയുള്ള അന്തർദ്ദേശിയ പുരസ്കാരങ്ങൾ നിരവധി തവണ അദ്ദേഹത്തെ തേടിയെത്തി. സക്കീർ ഹുസൈന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടേയും പ്രിയപ്പെട്ടവരുടേയും ദുഃഖത്തിൽ പങ്കു ചേരുന്നു', മുഖ്യമന്ത്രി അനുശോചന കുറിപ്പിൽ പറഞ്ഞു.












Click it and Unblock the Notifications