ഇറാന്‍ പ്രക്ഷോഭം വ്യാപിക്കുന്നു: മരണം 12 ആയി, അഞ്ഞൂറോളം പേര്‍ അറസ്റ്റില്‍

  • Posted By:
Subscribe to Oneindia Malayalam

തെഹ്‌റാന്‍: ഇറാന്‍ ഭരണകൂടത്തിനെതിരേ ഡിസംബര്‍ 28ന് ആരംഭിച്ച പ്രക്ഷോഭം കൂടുതല്‍ ശക്തിയാര്‍ജ്ജിച്ചതോടെ കൊല്ലപ്പെട്ട പ്രക്ഷോഭകരുടെ എണ്ണം 12 ആയി. വിലക്കയറ്റത്തില്‍ പ്രതിഷേധിച്ച് ഇറാനിലെ രണ്ടാമത്തെ വലിയ നഗരമായ മസ്ഹദില്‍ നിന്ന് ആരംഭിച്ച പ്രക്ഷോഭം രാജ്യത്തിന്റെ ഏതാണ്ടെല്ലാ ഭാഗങ്ങളിലേക്കും പടര്‍ന്നുപിടിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. 2009നു ശേഷം ഇറാന്‍ സാക്ഷ്യം വഹിക്കുന്ന ശക്തമായ പ്രക്ഷോഭമാണിതെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.

യുഎഇ ഭരണാധികാരികള്‍ പുതുവല്‍സര ദിനത്തില്‍ ദുബയില്‍ കൂടിക്കാഴ്ച നടത്തി

പടിഞ്ഞാറാന്‍ ഇറാനിലെ ദൊറൂദില്‍ ശനിയാഴ്ച രണ്ട് പേര്‍ കൊല്ലപ്പെട്ടതിനു ശേഷം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 10 പേര്‍ കൂടി കൊല്ലപ്പെട്ടതായാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഹമദാന്‍ പ്രവിശ്യയിലെ ടിസെര്‍ക്കാനില്‍ ആറും ഇസ്ഫഹാന്‍ പ്രവിശ്യയിലെ ഷഹീന്‍ ശെഹറില്‍ മൂന്നും ഇസ്സയില്‍ ഒരാളുമാണ് അതിനു ശേഷം കൊല്ലപ്പെട്ടത്. എന്നാല്‍ ഇവരുടെ മരണകാരണം എന്തെന്ന് വ്യക്തമല്ല. പ്രക്ഷോഭവുമായി ബന്ധപ്പെട്ട് അഞ്ഞൂറോളം പേര്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ അറസ്റ്റ് ചെയ്യപ്പെട്ടതായാണ് റിപ്പോര്‍ട്ട്.

iran

അതേസമയം, ജനങ്ങള്‍ക്ക് പ്രതിഷേധിക്കാന്‍ അവകാശമുണ്ടെന്നും എന്നാല്‍ പ്രതിഷേധം അക്രമാസക്തമാകരുതെന്നും പ്രസിഡന്റ് ഹസന്‍ റൂഹാനി പ്രസ്താവനയില്‍ വ്യക്തമാക്കി. പ്രക്ഷോഭം തുടങ്ങിയതിന് ശേഷമുള്ള പ്രസിഡന്റിന്റെ ആദ്യ പ്രസ്താവനയാണിത്. 'സ്വാതന്ത്ര്യമുള്ള ജനതയാണ് നമ്മളെന്ന കാര്യം എല്ലാവര്‍ക്കും അറിയാവുന്നതാണ്. രാജ്യത്തിന്റെ ഭരണഘടനയും പൗരാവകാശവും അനുസരിച്ച് ആര്‍ക്കും വിമര്‍ശിക്കാനും പ്രതിഷേധിക്കാനും അധികാരമുണ്ട്. എന്നാല്‍ അതിന്റെ രീതി എങ്ങനെയായിരിക്കണമെന്ന കാര്യത്തില്‍ എല്ലാവരും ജാഗ്രത പുലര്‍ത്തണം. രാജ്യത്തെയും ജനങ്ങളെയും പുരോഗതിയിലേക്ക് നയിക്കുന്ന രീതിയില്‍ മാത്രമേ പ്രതിഷേധവും വിമര്‍ശനവും പാടുള്ളൂ' എന്നും ടെലിവിഷനിലൂടെ നല്‍കിയ സന്ദേശത്തില്‍ റൂഹാനി വ്യക്തമാക്കി. ജനങ്ങളുടെ സുരക്ഷയ്ക്കും ജീവനും ഭീഷണി ഉയര്‍ത്തുന്ന രീതിയിലാവരുത് പ്രതിഷേധമെന്നും അദ്ദേഹം പറഞ്ഞു.

അതിനിടെ, അമേരിക്കയും കാനഡയും ഇറാന്‍ വിഷയത്തില്‍ അഭിപ്രായപ്രകടനവുമായി രംഗത്തെത്തി. തങ്ങളുടെ പണം എങ്ങനെയാണ് മോഷ്ടിക്കപ്പെടുന്നതെന്നും ഭാകരവാദത്തിന് വേണ്ടി ചെലവഴിക്കപ്പെടുന്നുവെന്നും ഇറാന്‍ ജനതയ്ക്ക് മനസ്സിലായിത്തുടങ്ങി എന്നായിരുന്നു അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ട്വീറ്റ്. ഇറാന്‍ ജനതയുടെ പ്രക്ഷോഭം രാജ്യം സസൂക്ഷ്മം നിരീക്ഷിക്കുകയാണെന്നും ജനങ്ങളുടെ പൗരാവകാശങ്ങള്‍ പാലിക്കപ്പെടണമെന്നും കനേഡിയന്‍ വിദേശകാര്യമന്ത്രാലയം വക്താവ് പറഞ്ഞു. ഇറാന്റെ ആഭ്യന്തര കാര്യങ്ങളിലുള്ള അനാവശ്യ ഇടപെടലാണെന്ന് ഇറാന്‍ വിദേശകാര്യമന്ത്രാലയം കാനഡയുടെ പ്രസ്താവനയെ വിമര്‍ശിച്ചു.

ലക്ഷങ്ങളിൽ നിന്ന് തിരഞ്ഞെടുക്കൂ കേരള മാട്രിമോണിയിലൂടെ - രജിസ്ട്രേഷൻ സൗജന്യം!

English summary
12 protesters killed in iran

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്