ഒരു ദിവസം 37 മില്യണ്‍ ആളുകള്‍ക്കെങ്കിലും കൊവിഡ്, ചൈനയിൽ നിന്ന് ഞെട്ടിപ്പിക്കുന്ന റിപ്പോർട്ട്
ബെയ്ജിംഗ്: പുതിയ കൊവിഡ് തരംഗത്തില്‍ ചൈനയില്‍ നിന്നും പുറത്ത് വരുന്നത് ഞെട്ടിക്കുന്ന കണക്കുകള്‍. ഈ ആഴ്ച മാത്രം ചൈനയില്‍ ഒരു ദിവസം 37 മില്യണ്‍ ആളുകള്‍ക്കെങ്കിലും കൊവിഡ് ബാധിച്ചിരിക്കാം എന്നാണ് റിപ്പോര്‍ട്ട്. ചൈനീസ് സര്‍ക്കാരിന്റെ ആരോഗ്യവകുപ്പിലെ ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് ബ്ലൂംബെര്‍ഗ് ആണ് റിപ്പോര്‍ട്ട് പുറത്ത് വിട്ടിരിക്കുന്നത്. ഇത് ശരിയാണെങ്കില്‍ കൊവിഡ് ആരംഭിച്ചതിന് ശേഷമുളള ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണിത്.
ഡിസംബറിലെ ആദ്യ 20 ദിവസങ്ങള്‍ക്കുളളില്‍ 248 മില്യണോളം ആളുകളോ ജനസംഖ്യയുടെ 18 ശതമാനമോ കൊവിഡ് ബാധിതരായിട്ടുണ്ടാകും എന്നാണ് ബുധനാഴ്ച ചേര്‍ന്ന ചൈനയുടെ നാഷണല്‍ ഹെല്‍ത്ത് കമ്മീഷന്‍ യോഗത്തിലെ വിലയിരുത്തല്‍. ഈ കണക്കുകള്‍ ശരിയാണെങ്കില്‍ 2022 ജനുവരിയില്‍ ഉളള 4 മില്യണ്‍ കൊവിഡ് ബാധ എന്നുളള റെക്കോര്‍ഡിനെ മറികടക്കുന്നതാവും ഇത്. നാഷണല്‍ ഹെല്‍ത്ത് കമ്മീഷന്റെ ആഭ്യന്തര യോഗത്തിലെ മിനുറ്റ്‌സിലെ വിവരങ്ങള്‍ അടിസ്ഥാനമാക്കിയാണ് ബ്ലൂംബെര്‍ഗ് ഈ റിപ്പോര്‍ട്ട് പുറത്ത് വിട്ടിരിക്കുന്നത്. എത്ര പേര്‍ മരണപ്പെട്ടിട്ടുണ്ട് എന്നുളള വിവരം പുറത്ത് വന്നിട്ടില്ല.

ഡിസംബര്‍ 20ന് ചൈനയില്‍ 37 മില്യണ്‍ കൊവിഡ് കേസുകള്‍ ഉണ്ടായിട്ടുണ്ട് എന്നുളള കണക്ക് സര്‍ക്കാരിന്റെ ഔദ്യോഗിക കണക്കുകളില്‍ നിന്നും ഏറെ അകലെയാണ്. ചൈനയുടെ ഔദ്യോഗിക കണക്കുകള്‍ പ്രകാരം ആ ദിവസം 3049 പേര്‍ക്ക് മാത്രമാണ് കൊവിഡ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. കൊവിഡ് സീറോ പോളിസിയുടെ ഭാഗമായുളള കടുത്ത നിയന്ത്രണങ്ങള്‍ നീക്കിയതിന് പിന്നാലെയാണ് ചൈനയില്‍ കൊവിഡ് കേസുകള്‍ വീണ്ടും കുതിച്ചുയര്‍ന്നത്. ഒമിക്രോണിന്റെ പുതിയ വകഭേദമാണ് ചൈനയിലും മറ്റ് രാജ്യങ്ങളിലും ഇപ്പോള്‍ ആശങ്കയായിരിക്കുന്നത്.
ചൈനയുടെ തെക്ക് പടിഞ്ഞാറുളള സിഷ്വാന്‍ പ്രവിശ്യയിലെയും തലസ്ഥാനമായ ബെയ്ജിംഗിലേയും പകുതിയില്‍ കൂടുതല്‍ പേര്‍ക്കും ഇതിനകം കൊവിഡ് ബാധിച്ചിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ട്. ചൈനയിലെ നിറഞ്ഞ് കവിഞ്ഞ ആശുപത്രികളുടേയും മോര്‍ച്ചറികളുടേയും അടക്കം നിരവധി വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. പെട്ടെന്നുളള കൊവിഡ് വ്യാപനം രാജ്യത്തെ ആരോഗ്യ സംവിധാനങ്ങള്‍ക്ക് വലിയ വെല്ലുവിളിയാണ് സൃഷ്ടിച്ചിരിക്കുന്നത്. മൂന്ന് മാസങ്ങള്‍ക്കുളളില്‍ ചൈനയിലെ 60 ശതമാനം ആളുകള്‍ക്കും കൊവിഡ് ബാധിക്കുമെന്നും ലക്ഷക്കണക്കിന് ആളുകള്‍ മരണപ്പെടും എന്നാണ് പകര്‍ച്ചവ്യാധി വിദഗ്ധര്‍ പറയുന്നത്.
ബ്ലൂംബര്‍ഗിന്റെ റിപ്പോര്‍ട്ടിനോട് ചൈനീസ് ഹെല്‍ത്ത് കമ്മീഷന്‍ പ്രതികരിച്ചിട്ടില്ല. കൊവിഡ് ബാധ സ്ഥിരീകരിക്കാന്‍ റാപ്പിഡ് ആന്റിജന്‍ ടെസ്റ്റിനെ ആണ് ചൈനീസ് ജനത ഇപ്പോള്‍ ആശ്രയിക്കുന്നത്. പോസിറ്റീവ് കേസുകള്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് ചെയ്യണമെന്നത് അവരുടെ ഉത്തരവാദിത്തമല്ല. മാത്രമല്ല പ്രതിദിന കൊവിഡ് ബാധയുടെ കണക്കുകള്‍ ചൈനീസ് സര്‍ക്കാര്‍ ഇപ്പോള്‍ പുറത്ത് വിടുന്നുമില്ല. ഡിസംബര്‍ മധ്യത്തിലും ജനുവരി അവസാത്തോടെയും ചൈനയിലെ ഈ കൊവിഡ് തരംഗം അതിന്റെ ഉച്ഛസ്ഥായിയില്‍ എത്തും എന്നാണ് മെട്രോ ഡാറ്റ ടെക് ചീഫ് ഇക്കണോമിസ്റ്റ് ആയ ചെന്‍ ക്വിന്‍ പറയുന്നത്.












Click it and Unblock the Notifications