കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെനിയയില്‍ മുംബൈ മോഡല്‍ ഭീകരാക്രമണം;39 മരണം

  • By Soorya Chandran
Google Oneindia Malayalam News

നെയ്‌റോബി: കെനിയയുടെ തലസ്ഥാനമായ യെ്‌റോബിയിലെ ഒരു ഷോപ്പിങ് മാളിലുണ്ടായ ഭീകരാക്രമണത്തില്‍ 39 പേര്‍ കൊല്ലപ്പെട്ടു. ആക്രമണത്തിന്റെ ഉത്തരവാദിത്തം സൊമാലിയയിലെ ഇസ്ലാമിക തീവ്രവാദ സംഘടനയായ അല്‍ ഷബാബ് ഏറ്റെടുത്തു. സോമാലിയയിലെ കെനിയന്‍ സൈന്യത്തിന്റെ സാന്നിധ്യമാണ് പ്രകോപനം എന്ന് അല്‍ ഷബാബ് വ്യക്തമാക്കി. മുംബൈ ഭീകരാക്രമണത്തെപ്പോലെ ആളുകളെ ബന്ദിയാക്കിക്കൊണ്ടായിരുന്നു തീവ്രവാദികള്‍ ആക്രമണം അഴിച്ചുവിട്ടത്.

2013 സെപ്റ്റംബര്‍ 21 ന് ഉച്ചയോടെയാണ് നെയ്‌റോബിയിലെ പ്രധാന വ്യാപാര കേന്ദ്രമായ വെസ്റ്റ് ഗേറ്റ് സെന്ററില്‍ ഭീകരര്‍ ആക്രമണം തുടങ്ങിയത്. രാജ്യത്തെ പണക്കാര്‍ ഏറെയെത്തുന്ന വ്യാപാര കേന്ദ്രമാണിത്. ഗ്രനേഡുകള്‍ എറിഞ്ഞും വെടിവച്ചുമായിരുന്നു ആക്രമണം. അക്രമികള്‍ മുഖംമൂടിയും കറുത്ത വസ്ത്രവും അണിഞ്ഞാണ് എത്തിയിരുന്നതെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. നാല് പുരുഷന്‍മാരും ഒരു സ്ത്രീയും അടങ്ങുന്ന സംഘമാണ് വെടിവച്ചതെന്നും ദൃക്സാക്ഷികള്‍ പറയുന്നുണ്ട്.

Kenya Attack

ആക്രമണത്തില്‍ രണ്ട് ഇന്ത്യക്കാരും കൊല്ലപ്പെട്ടതായാണ് വിവരം. ചെന്നൈ സ്വദേശിയായ ശ്രീധര്‍ നടരാജന്‍(40), എട്ട് വയസ്സുകാരനായ ഒരു ആണ്‍കുട്ടി എന്നിവരാണ് മരിച്ചത്. ശ്രീധര്‍ നടരാജന്‍ നെയ്‌റോബിയില്‍ ഐടി എന്‍ജിനീയര്‍ ആയി ജോലി നോക്കുകയായിരുന്നു. ബാങ്ക് ഓഫ് ബറോഡ മാനേജരുടെ മകനാണ് മരിച്ച ആണ്‍കുട്ടി. നാല് ഇന്ത്യക്കാര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

ആക്രമണത്തില്‍ 2 ഫ്രഞ്ച് സ്ത്രീകളും കൊല്ലപ്പെട്ടിട്ടുണ്ട്. മൊത്തം 150 ല്‍പരം ആളുകള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ സാധനങ്ങള്‍ കയറ്റുന്ന ചെറു ട്രോളികളിലാണ് വ്യാപാരകേന്ദ്രത്തിന്റെ പുറത്തെത്തിച്ചത്. അമേരിക്കന്‍ പൗരന്‍മാര്‍ക്കും പരിക്കേറ്റിട്ടുണ്ടെന്ന് പറയുന്നുണ്ടെങ്കിലും ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. കെനിയന്‍ പ്രസിഡന്റ് ഉഹുരു കെനിയാട്ടയുടെ അടുത്ത ബന്ധുക്കളും ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

ആക്രമണം ഭയന്ന് ഷോപ്പിങ് മാളിലുണ്ടായിരുന്ന ആളുകള്‍ ചിതറിയോടി രക്ഷപ്പെടാന്‍ ശ്രമിച്ചു. ഇതിനിടെയാണ് പലരും വെടിയേറ്റ് മരിച്ചത്. എന്നാല്‍ തീവ്രവാദികള്‍ മുസ്ലീം മതവിശ്വാസികളെ ആക്രമിച്ചില്ല. മുസ്ലീങ്ങളോട് കൈ ഉയര്‍ത്താന്‍ പറയുകയും അവരെ സ്വതന്ത്രരാക്കുകയും ചെയ്തു.

2011 മുതല്‍ സൊമാലിയയില്‍ കെനിയന്‍ സൈന്യത്തിന്റെ സാന്നിധ്യമുണ്ട്. സൈന്യത്തെ കെനിയയില്‍ നിന്ന് പിന്‍ വലിക്കണമെന്ന് അല്‍ ഷബാബ് തീവ്രവാദികള്‍ കെനിയയോട് പലയാവര്‍ത്തി ആവശ്യപ്പെട്ടിരുന്നു. സൊമാലിയയിലെ കെനിയന്‍ പട്ടാളക്കാരെ ഇവര്‍ സ്ഥിരമായി ആക്രമിക്കുകയും ചെയ്തിരുന്നു. ഇത്രയൊക്കെ ആയിട്ടും സൈന്യത്തെ പിന്‍വലിക്കാത്തതിനാലാണ് കെനിയയില്‍ തന്നെ ആക്രമണം നടത്തിയതെന്ന് അല്‍ ഷബാബ് പ്രവര്‍ത്തകര്‍ ട്വിറ്ററിലൂടെ അറിയിച്ചു. ഇത് ചെറിയൊരു ആക്രമണം മാത്രമാണെന്നും , സൈന്യത്തെ പിന്‍വലിച്ചില്ലെങ്കില്‍ ശക്തമായ ആക്രമണങ്ങള്‍ ഉണ്ടാകുമെന്നും മുന്നറിയിപ്പ് നല്‍കി.

English summary
At least 39 people were killed and more than 150 wounded in the assault, Kenya's president announced on national TV, while disclosing that his close family members were among the dead.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X