ട്വിറ്റിലെ 3700 ഓളം ജീവനക്കാരുടെ പണി തെറിക്കും; കടുംവെട്ടിന് ഇലോൺ മസ്ക്?
ന്യൂയോർക്ക്: ട്വിറ്റര്‍ വാങ്ങിയതിന് പിന്നാലെ വമ്പൻ പരിഷ്കാരങ്ങളാണ് ഇലോൺ മസ്ക് നടത്തിക്കൊണ്ടിരിക്കുന്നത്. ദിവസേനയെന്നോണമുള്ള മസ്കിന്റെ നിർദ്ദേശങ്ങൾ ജീവനക്കാരെ കടുത്ത സമ്മർദ്ദത്തിലാക്കിയതായുള്ള റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇപ്പോഴിതാ 3700 ഓളം ജീവനക്കാരെ പിരിച്ചുവിടാൻ ഒരുങ്ങുകയാണ് മസ്ക് എന്നാണ് വിവരം. ബ്ലൂംബെർഗ് ന്യൂസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ട്വിറ്ററിന് വേണ്ടി കാര്യമായ സംഭാവന നൽകാൻ കഴിയാത്ത ജീവനക്കാർക്ക് പുറത്ത് പോകാം എന്നതാണ് മസ്കിന്റെ നിലപട്. പിരിച്ചുവിടേണ്ട ആളുകളുടെ പട്ടിക തയ്യാറാക്കി നല്‍കാന്‍ മാനേജര്‍മാരോട് മസ്‌ക് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് നേരത്തേ വിവരങ്ങൾ പുറത്ത് വന്നിരുന്നു. ഇത് അനുസരിച്ച് പട്ടികയിലുള്ള ജീവനക്കാരോട് വെള്ളിയാഴ്ചയോടെ തീരുമാനം അറിയിച്ചേക്കുമെന്നാണ് സൂചന. മസ്കിന്റെ ഏറ്റെടുക്കലോടെ 75 ശതമാനത്തോളം ജീവനക്കാരെ പിരിച്ച് വിട്ടേക്കുമെന്നുള്ള വാർത്തകൾ നേരത്തേ തന്നെ ഉണ്ടായിരുന്നു. അതേസമയം വർക്ക് ഫ്രം ഹോം അടക്കമുള്ള നടപടികൾ നിർത്തലാക്കാനും ജീവനക്കാരോട് ഓഫീസിലെത്താനും മസ്ക് ആവശ്യപ്പെട്ടേക്കുമെന്നും റിപ്പോർട്ടുണ്ട്.
ജീവനക്കാരോട് കൂടുതൽ സമയം ജോലി ചെയ്യാൻ മസ്ക് ആവശ്യപ്പെട്ടിരുന്നുവെന്ന വാർത്തകൾ പുറത്ത് വന്നിരുന്നു. ചില ട്വിറ്റർ എഞ്ചിനീയർമാരോട് ദിവസത്തിൽ 12 മണിക്കൂറും ആഴ്ചയിൽ ഏഴ് ദിവസവും ജോലി ചെയ്യാൻ നിർദ്ദേശിച്ചിട്ടുണ്ടെന്നായിരുന്നു സി എൻ ബി സി റിപ്പോർട്ട് ചെയ്തത്. സമയപരിധി പാലിച്ചില്ലെങ്കിലോ ജോലി പൂർത്തിയാക്കാൻ സാധിച്ചില്ലെങ്കിലോ അവർക്ക് ജോലി നഷ്ടമാകുമെന്നായിരുന്നു മസ്കിന്റെ മുന്നറിയിപ്പ്.
4400 കോടി ഡോളറിന്റെ ട്വിറ്റർ ഏറ്റെടുക്കലിന് പിന്നാലെ തന്നെ ട്വിറ്റര്‍ സിഇഒ പരാഗ് അഗ്രവാള്‍ ഉള്‍പ്പടെ കമ്പനിയിലെ ഉന്നതരെ അടക്കം മസ്ക് പിരിച്ച് വിട്ടിരുന്നു. പിരിച്ച് വിടുന്നവർക്ക് നിയപരമായ നഷ്ടപരിഹാരം ഉൾപ്പെടെ നൽകുമെന്നാണ് മസ്ക് വ്യക്തമാക്കിയതെന്നാണ് വിവരം. അതേസമയം പുതിയ വിവരങ്ങളോടൊന്നും മസ്ക് ഇതുവരെ പ്രതികരിച്ചിട്ടില്ല.












Click it and Unblock the Notifications