ഹോളിവുഡില്‍ പ്രശ്‌നം തീരുന്നില്ല? ജോണി ഡെപ്പിനെ ഭയം, ഒരൊറ്റ കാര്യത്തിലെന്ന് ആംബര്‍ ഹേഡ്
ന്യൂയോര്‍ക്ക്: ഹോളിവുഡില്‍ വീണ്ടും പ്രശ്‌നങ്ങള്‍ വരുന്നതായി സൂചനയുമായി ആംബര്‍ ഹേഡ്. ജോണി ഡെപ്പുമായിട്ടുള്ള കേസുകള്‍ തീര്‍ന്നെങ്കിലും, തനിക്ക് ഇപ്പോള്‍ അദ്ദേഹത്തെ ഭയമുണ്ടെന്ന് ഹേഡ് പറയുന്നു. വീണ്ടും കേസ് വരുമോയെന്ന ഭയമാണ് ഉള്ളതെന്നും ആംബര്‍ ഹേഡ് വ്യക്തമാക്കി. കഴിഞ്ഞ ദിവസം ജോണി ഡെപ്പിനെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ആംബര്‍ ഉയര്‍ത്തിയിരുന്നു.
ജോണി ഡെപ്പ് മാനനഷ്ടക്കേസ് ജയിച്ചത് വാടകയ്‌ക്കെടുത്ത സാക്ഷികള്‍ ഉള്ളത് കൊണ്ടാണെന്നും, കോടതി അടക്കം ഡെപ്പിനെ പോലൊരു സൂപ്പര്‍ താരത്തിന്റെ കൂടെ നിന്നുവെന്നും ആംബര്‍ കുറ്റപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ പുതിയ കാര്യങ്ങള്‍ ആംബര്‍ വിശദീകരിച്ചത്.

ആംബര്‍ ഹേഡിന്റെ പുതിയ അഭിമുഖമാണ് വൈറലായിരിക്കുന്നത്. അതിലാണ് നടി വെളിപ്പെടുത്തലുകള്‍ നടത്തുന്നത്. എന്‍ബിസി ന്യൂസുമായിട്ടായിരുന്നു നടിയുടെ അഭിമുഖം. തനിക്ക് ജോണി ഡെപ്പിനെ ഭയമുണ്ടെന്ന് ആംബര്‍ പറയുന്നു. മാനനഷ്ടക്കേസ് വിജയിച്ചത് കൊണ്ട്, തനിക്കെതിരെ വീണ്ടും കേസുമായി വരുമോയെന്നാണ് ഭയമെന്നും ആംബര്‍ ഹേഡ് വെളിപ്പെടുത്തി. എന്താണ് പറയുക എന്ന കാര്യത്തില്‍ തനിക്ക് ആകെ ആശങ്കകളുണ്ടെന്നും നടി പറയുന്നു. തനിക്ക് പറയാനുള്ള കാര്യങ്ങള്‍ പറയാനുള്ള അവകാശമുണ്ടെന്നായിരുന്നു കരുതിയത്. പക്ഷേ ഇപ്പോള്‍ താന്‍ ഭയപ്പെടുന്നുണ്ടെന്നും ഹേഡ് പറഞ്ഞു.

അതേസമയം തനിക്ക് ജോണി ഡെപ്പിനോട് വ്യക്തിവിദ്വേഷമൊന്നുമില്ല. അദ്ദേഹത്തെ ഇപ്പോഴും ഇഷ്ടപ്പെടുന്നു. ഉയര്‍ച്ചകളും താഴ്ച്ചകളും നിറഞ്ഞതായിരുന്നു ഞങ്ങളുടെ ബന്ധമെന്നും ആംബര്‍ ഹേഡ് പറഞ്ഞു. ജോണി ഡെപ്പുമായുള്ള ബന്ധത്തില്‍ താന്‍ വളരെ മോശമായതും നാണിപ്പിക്കുന്നതുമായ കാര്യങ്ങള്‍ ചെയ്തിട്ടുണ്ടെന്നും ആംബര്‍ ഹേഡ് സമ്മതിച്ചു. ജോണി ഡെപ്പുമായുള്ള ബന്ധം നല്ല രീതിയില്‍ പോകാന്‍ എല്ലാ ശ്രമവും നടത്തിയിരുന്നു. എന്നാല്‍ നടന്നില്ല. എന്റെ മനസ്സ് കൊണ്ടാണ് ഞാന്‍ ഡെപ്പിനെ ഇഷ്ടപ്പെട്ടത്. ആ ബന്ധം തകരാതിരിക്കാന്‍ അതുകൊണ്ട് തന്നെ ശ്രമിച്ചിരുന്നുവെന്നും നടി പറഞ്ഞു.

താന്‍ സത്യവാങ്മൂലത്തില്‍ പറഞ്ഞ കാര്യത്തില്‍ ഇപ്പോഴും ഉറച്ച് നില്‍ക്കുന്നു. അവസാന ദിനം വരെ അത് തുടരും. ജീവിതത്തില്‍ ഒരുപാട് തെറ്റുകള്‍ ഞാന്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ സത്യം മാത്രമേ ഞാന്‍ ഫറഞ്ഞിട്ടുണ്ട്. ജോണി ഡെപ്പിന്റെ അഭിഭാഷകന്‍ ഈ കേസ് നല്ല രീതിയില്‍ വാദിച്ചതാണ് ജയത്തിന് കാരണം. ജൂറിയെ യഥാര്‍ത്ഥ വിഷയങ്ങളില്‍ നിന്ന് ശ്രദ്ധതിരിപ്പിക്കാന്‍ അവര്‍ക്ക് സാധിച്ചു. തന്റെ ജീവിതത്തിലെ ഏറ്റവും നാണംകെടുത്തുന്ന മോശപ്പെട്ട സംഗതിയാണ് ഇത്. അതിലൂടെയാണ് ഞാന്‍ കടന്നുപോയത്. ഞാന്‍ ചെയ്തതും പ്രവര്‍ത്തിച്ചതും മോശം കാര്യങ്ങളാണ്. അത്തരം കാര്യങ്ങള്‍ ഞങ്ങളുടെ ബന്ധത്തില്‍ ഉടനീളമുണ്ടായിരുന്നുവെന്നും ആംബര്‍ പറഞ്ഞു.

ഞാന്‍ മോശമായി പെരുമാറിയിട്ടുണ്ട്. അതിലൊക്കെ പശ്ചാത്താപം തോന്നുന്നുണ്ടെന്നും ആംബര്‍ ഹേഡ് പറഞ്ഞു. അതേസമയം തന്നെ അടിച്ചില്ലെന്ന ജോണി ഡെപ്പിന്റെ വാദം കള്ളമാണെന്ന് ആംബര്‍ പറഞ്ഞിരുന്നു. ഈ ആരോപണത്തെ തുടര്‍ന്ന് അവര്‍ക്കെതിരെ ജോണി ഡെപ്പ് വീണ്ടും കോടതിയെ സമീപിക്കുമെന്നാണ് സൂചന. അഭിഭാഷക വൃത്തങ്ങളും പറയുന്നത് ഈ പ്രസ്താവന കാരണം നടി വീണ്ടും കോടതിയിലെത്തേണ്ടി വരുമെന്നാണ്. എന്നാല്‍ മൂന്നാമതൊരു വിചാരണയ്ക്ക് ജോണി ഡെപ്പിന് താല്‍പര്യമില്ലെന്നാണ് അദ്ദേഹത്തിന്റെ അഭിഭാഷക പറയുന്നത്. നഷ്ടപപരിഹാര തുക കോടതി വിധി പ്രകാരം നല്‍കാനാവില്ലെന്ന് നേരത്തെ തന്നെ അവര്‍ വ്യക്തമാക്കിയതാണ്.

2009ല്‍ ദ റം ഡയറി എന്ന ചിത്രത്തിന്റ സെറ്റില്‍ വെച്ചാണ് ജോണി ഡെപ്പും ആംബര്‍ ഹേഡും തമ്മില്‍ കാണുന്നതും പ്രണയത്തിലാവുന്നതും. 2015ലായിരുന്നു ഇരുവരുടെയും വിവാഹം. ഫ്രഞ്ച് നടി വനേസ പരാഡിസുമായിട്ടായിരുന്നു നേരത്തെ ഡെപ്പിന് ബന്ധമുണ്ടായിരുന്നത്. ആംബര്‍ ഹേഡ് ഫോട്ടോഗ്രാഫറായ താസ്യ വാന്‍ റീയെയും പ്രണയിച്ചിരുന്നു. ഇരുവരും നേരത്തെയുണ്ടായിരുന്ന കാമുകിമാരുമായി പിരിഞ്ഞ ശേഷമാണ് ഒന്നിച്ചത്. 2011ലായിരുന്നു രഹസ്യമായി ഈ ബന്ധം മുന്നോട്ട് പോയത്. 2014ല്‍ ഇവരുടെ എന്‍ഗേജ്‌മെന്റും കഴിഞ്ഞു. 2016ലാണ് ആംബര്‍ ഹേഡ് വിവാഹമോചന കേസ് ഫയല്‍ ചെയ്യുന്നത്. ഡെപ്പിന്റെ മോശം പെരുമാറ്റവും മര്‍ദനവുമാണ് കാരണമായി പറഞ്ഞത്.












Click it and Unblock the Notifications