ജമാ അത്ത് നേതാവിനെ ബംഗ്ലാദേശ് തൂക്കിലേറ്റി
ധാക്ക: സ്വാതന്ത്ര സമര കാലത്തെ യുദ്ധക്കുറ്റങ്ങളുടെ പേരില്‍ ജമാ അത്തെ ഇസ്ലാമി നേതാവിനെ ബംഗ്ലാദേശില്‍ തൂക്കിലേറ്റി. 65 കാരനായ അബ്ദുള്‍ ഖാദര്‍ മൊല്ലയെയാണ് വധിച്ചത്. ഡിസംബര്‍ 12 ന് രാത്രി 10 മണിയോടെയാണ് വധശിക്ഷ നടപ്പാക്കിയത്. ശിക്ഷ നടപ്പാക്കരുതെന്ന ഐക്യരാഷ്ട്ര സഭയുടെ അഭ്യര്‍ത്ഥന തള്ളിക്കളഞ്ഞാണ് നടപടി.
ബംഗ്ലാദേശ് സ്വാതന്ത്ര സമര കാലത്ത് പാക് പട്ടാളത്തോടൊപ്പം ചേര്‍ന്ന് നടത്തിയ കുറ്റ കൃത്യങ്ങളാണ് അബ്ദുള്‍ ഖാദര്‍ മൊല്ലക്ക് വധശിക്ഷ വിധിക്കാന്‍ കാരണം. രാജ്യത്തെ പ്രൊഫഷണലുകളെ തിരഞ്ഞ് പിടിച്ച് കൊല്ലുന്നതില്‍ മൊല്ല മുന്‍പന്തിയില്‍ ആയിരുന്നു എന്നാണ് അന്വേഷണ സംഘം കണ്ടെത്തിയത്. ബലാത്സംഗം, കൂട്ടക്കുരുതി എന്നീ കേസുകളും മൊല്ലക്ക് മേല്‍ ചുമത്തപ്പെട്ടിരുന്നു.

1971 ലാണ് ബംഗ്ലാദേശില്‍ സ്വാതന്ത്ര്യസമരം ശക്തമായത്. പാകിസ്താനെതിരെ ജനങ്ങള്‍ പോരാടുമ്പോള്‍ ജമാ അത്തെ ഇസ്ലാമിയും നേതാക്കളും പാക് പട്ടാളത്തിനൊപ്പം ആയിരുന്നു എന്നാണ് ആരോപണം. രാജ്യത്തെ 30 ലക്ഷം ജനങ്ങളാണ് സമര കാലത്ത് കൊല്ലപ്പെട്ടത്.
മിര്‍പൂരിലെ കശാപ്പുകാരന്‍ എന്നായിരുന്നത്രെ അബ്ദുള്‍ ഖാദര്‍ മൊല്ല അറിയപ്പെട്ടിരുന്നത്. മൊല്ലയെ കൂടാതെ ജമാ അത്തെ ഇസ്ലാമിയുടെ നാല് നേതാക്കള്‍ക്ക് കൂടി കോടതി വധശിക്ഷ വിധിച്ചിട്ടുണ്ട്. യുദ്ധക്കുറ്റങ്ങളുടെ പേരില്‍ ബംഗ്ലാദേശില്‍ ആദ്യമായി വധശിക്ഷക്ക് വിധേയനാക്കപ്പെട്ട ആളാണ് മൊല്ല.
എന്നാല്‍ ജമാ അത്തെ ഇസ്ലാമിക്കെതിരെ സര്‍ക്കാര്‍ പക വീട്ടുകയാണെന്നാണ് ഒരു വിഭാഗത്തിന്റെ ആക്ഷേപം. മൊല്ലയെ തൂക്കിലേറ്റിയതിനെതിരെ ശക്തമായ പ്രതിഷേധമാണ് ബംഗ്ലേദിശില്‍ അരങ്ങേറിക്കൊണ്ടിരിക്കുന്നത്.












Click it and Unblock the Notifications